സലിം കുമാറിന് അവസാന യാത്രാമൊഴി നൽകാനെത്തിയപ്പോൾ നടനും സുഹൃത്തുമായ ടിനിം ടോം പൊട്ടിക്കരഞ്ഞിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും പരിഹാസങ്ങൾക്കും കാരണമായി. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ടിനി ടോം. താനും സലിം കുമാറും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാത്തവരാണ് തന്നെ ട്രോളുന്നതെന്ന് ടിനിം ടോം വ്യക്തമാക്കി. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദത്തിൽപോലും ജനറൽ ബോഡി യോഗത്തിൽ വന്ന് തനിക്കുവേണ്ടി സംസാരിക്കാനിരുന്ന ആളാണ് അദ്ദേഹമെന്നും ടിനി ടോം വ്യക്തമാക്കി. പറവൂരിൽ സംഘടിപ്പിച്ച സലിം കുമാർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.

To advertise here,

'സലിയപ്പനെ കുറിച്ചുള്ള ഓർമകൾ എല്ലാവർക്കും പങ്കുവെയ്ക്കാനുണ്ടാകും. എന്റെ ചില ഓർമകൾ മാത്രം പങ്കുവെച്ച് തത്ക്കാലത്തേക്ക് വിട പറയുകയാണ്. ഞാനും ഒരു നോർത്ത് പറവൂരുകാരൻ തന്നെയാണ്. അദ്ദേഹത്തെ ചിതയിലേക്ക് എടുത്തുവെയ്ക്കുമ്പോൾ എനിക്ക് പിടിച്ചുനിൽക്കാനായില്ല. നാദിർഷിക്കയുടെ അടുത്തുനിന്ന് ഞാൻ പൊട്ടിക്കരഞ്ഞു. ഇത് പലരും ട്രോളി.

വളരെ അടുത്തറിയുന്ന ആളുകൾക്കറിയാം എന്താണ് ഞാനും സലിയപ്പനും തമ്മിലുള്ള ബന്ധമെന്ന്. അതുപോലെ, എനിക്ക് ബന്ധമുള്ള ആളുകളാണ് നാദിർഷയും ഷാജോണും പ്രിയങ്കയും ഡയാന സിൽവസ്റ്ററും കെ.എസ്, പ്രസാദുമെല്ലാം. ഈ പറയുന്ന ആളുകളെയൊക്കെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ എനിക്ക് സലിയപ്പനുമായി ബന്ധമുണ്ട്. കോളേജിൽ എന്നേക്കാൾ ജൂനിയറായിരുന്നു സലീമേട്ടൻ. അദ്ദേഹം ജോലിയെടുത്തതിന് ശേഷമാണ് പഠിക്കാൻ വന്നത്. മിമിക്രിക്കാരൻ എന്ന നിലയിൽ ഞങ്ങൾ വേഗത്തിൽ കൂട്ടായി. പിന്നെ മഹാരാജാസ് കോളേജിലെ ശക്തനായ കെഎസ്‌യു പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയിരുന്നത് ഞാനും സലീമേട്ടനും പക്രുവുമാണ്. നാദിർഷിക്ക തന്നെയാണ് എന്നേയും മിനി സ്‌ക്രീനിലേക്ക് പരിചയപ്പെടുത്തുന്നത്. സലിം കുമാർ അവതരിപ്പിച്ച സലിം ആന്റ് സലിം പരിപാടിയിൽ അസിസ്റ്റന്റായി.

അവസാനം എന്റെ അടുത്ത് പറഞ്ഞ കോമഡി രേഖപ്പെടുത്താത്ത കോമഡിയാണ്. ഞാൻ ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്ന കാര്യം അറിഞ്ഞ് എന്നെ വിളിച്ചു. എന്തിനാണ് ഇങ്ങനെയൊരു കൃഷിയെന്ന് ചോദിച്ചു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ലെന്നും തലവേദനയോ വയറുവേദനയോ വന്നാൽ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച് കുടിച്ചാൽ മതിയെന്നും ഞാൻ പറഞ്ഞു. അത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. ചെടി വളർന്നുവരാൻ ഒന്നര വർഷമെടുക്കുമെന്ന് ഞാൻ പറഞ്ഞു. ഓ ഒന്നര വർഷം കഴിഞ്ഞാല നിന്റെ പനിയും വയറുവേദനയുമൊക്കെ മാറ്റാൻ പറ്റൂ അല്ലേ, ഇതിലും ഭേദം മെഡിക്കൽ ഷോപ്പ് തുടങ്ങിയാൽപ്പോരായിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അടുത്ത ആഴ്ച്ചയാണ് അമ്മയുടെ ജനറൽ ബോഡി യോഗം നടക്കാനിരുന്നത്. എനിക്കുവേണ്ടി ശക്തമായി സംസാരിക്കാനുള്ള കാര്യങ്ങൾ അദ്ദേഹം നോട്ട് ചെയ്തുവെച്ചിരുന്നു. പല മെമ്പർമാരേയും വിളിച്ച് ചോദിച്ച് കാര്യങ്ങൾ മനസിലാക്കിയിരുന്നു. പ്രസിഡന്റിനോടും ഇക്കാര്യം പറഞ്ഞിരുന്നു. എന്റെ ചിറകാണ് ഒടിഞ്ഞുപോയത്. പ്രശ്‌നങ്ങൾക്കൊരു പരിഹാരത്തിന് എനിക്ക് രണ്ട് പേരാണുണ്ടായിരുന്നത്. സംവിധായകൻ സിദ്ദീഖ്, സലിം കുമാർ. ഇനി ഞാൻ ആരോട് ചോദിക്കും.

ഞാൻ കരഞ്ഞപ്പോൾ പലരും ട്രോളി. കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? മാറിനിന്ന് കരയുന്നതാണ്. എനിക്കൊന്ന് പൊട്ടിക്കരയണ്ടേ? ഒരു സുഹൃത്തിനെ സ്‌നേഹിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ലെന്ന് ബൈബിളിൽ പറയുന്നുണ്ട്. ഞാൻ അത്രയും സ്‌നേഹിച്ചിട്ടുണ്ട്. എന്നേയും ഒരുപാട് സ്‌നേഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന അഭിമുഖത്തിലും ഞാൻ പോയിരുന്നു. എന്നെ വേറൊരാളാണ് വിളിച്ചത്. 'അറിഞ്ഞെത്തുന്നവരാടാ സുഹൃത്തുക്കൾ. പലരേയും വിളിച്ചു, പക്ഷേ, നീ മാത്രമാണ് വന്നത്' എന്ന് എന്നോട് പറഞ്ഞു.'-ടിനി ടോം വ്യക്തമാക്കി.