മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും. ചിത്രത്തിലെ നായികയായ ശോഭനയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടത്.
മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. റീ റിലീസിനായി ചിത്രം 4Kയിൽ റീ മാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സും ചേർന്നാണ്.
മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’. പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ ഗാനങ്ങളും ഒരുമിച്ചെത്തിയ ചിത്രം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളികളുടെ പ്രിയപ്പെട്ട ക്ലാസിക്കായി തുടരുകയാണ്. മോഹൻലാൽ-ശോഭന കൂട്ടുകെട്ടിന്റെ ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.
ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് 4K സാങ്കേതികവിദ്യയിൽ സ്കാൻ ചെയ്ത് പുനഃസംവിധാനം ചെയ്ത പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ദൃശ്യഭംഗിയും പഴയ ഫിലിം പ്രിന്റിന്റെ സൂക്ഷ്മമായ വിശദാംശങ്ങളും പരമാവധി നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിലെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ മികവ് നൽകി ഡോൾബി അറ്റ്മോസിലും മിക്സ് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പഴയ തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകളും പുതിയ തലമുറയ്ക്ക് ഒരു ക്ലാസിക് ചിത്രം ബിഗ് സ്ക്രീനിൽ ആസ്വദിക്കാനുള്ള പുതിയ അനുഭവവുമാകും ഈ റീ റിലീസ്.
‘തേന്മാവിൻ കൊമ്പത്ത്’ പുറത്തിറങ്ങിയ 1994ൽ തന്നെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലും ചിത്രം നേട്ടങ്ങൾ സ്വന്തമാക്കി. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിന്റെ ജനപ്രീതിയുടെ പ്രധാന ഘടകങ്ങളായിരുന്നു.
മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മാണിക്യനും കാർത്തുമ്പിയും വീണ്ടും വലിയ സ്ക്രീനിലെത്തുമ്പോൾ മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഓർമ്മകളിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ്.
രചന, സംവിധാനം: പ്രിയദർശൻ
നിർമ്മാതാവ്: എൻ. ഗോപാലകൃഷ്ണൻ
ബാനർ: പ്രസിദ്ധി ക്രിയേഷൻസ്
ഛായാഗ്രഹണം: കെ.വി. ആനന്ദ്
സംഗീതം: ബേണി-ഇഗ്നേഷ്യസ്
പശ്ചാത്തല സംഗീതം: എസ്.പി. വെങ്കടേഷ്
എഡിറ്റിംഗ്: എൻ. ഗോപാലകൃഷ്ണൻ, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് : ഉണ്ണി രാജേന്ദ്രൻ, പിആർഒ: ഐശ്വര്യ രാജ്
Content Highlights: Thenmavin Kombathu is re-releasing globally in 4K on October 8
Published: 25 Sept 2026, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented