ന്യൂഡൽഹി: താരസംഘടന ‘അമ്മ’യുടെ കുടുംബസംഗമത്തിൽ എറണാകുളം തൃക്കാക്കര വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രം ടൈറ്റിൽ സ്‌പോൺസർ ആയതിൽ തെറ്റില്ലെന്ന് ടി.ജി. നന്ദകുമാർ. സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് അൻസിബ ഉയർത്തിയ ആരോപണങ്ങൾ ‘അമ്മ’ സംഘടനയ്ക്കുള്ളിലെ കാര്യമാണ്. അതിൽ തങ്ങൾ പ്രതികരിക്കേണ്ടതില്ല. സ്‌പോൺസർഷിപ്പ് തുകയുടെ ഒരുഭാഗം കൊടുത്തെന്നും ഇനിയും നൽകാൻ ബാക്കിയുണ്ടെന്നും നന്ദകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ആണ് ടി.ജി. നന്ദകുമാർ.
'കരാർ പരിശോധിച്ച് നിയമവശങ്ങൾ നോക്കിയാണ് ഒപ്പിട്ടത്. മറ്റ് സിനിമാ താരങ്ങൾക്കൊപ്പം ശ്വേത ക്ഷേത്രത്തിലെ ഉത്സവത്തിൽ രണ്ടുവർഷം മുമ്പ് പങ്കെടുത്തിട്ടുണ്ട്. ആ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പോൺസർഷിപ്പ് ചോദിച്ചത്. അവർ നല്ലകാര്യമാണ് ചെയ്തത്. ‘അമ്മ’യിലെ 90% അംഗങ്ങൾക്കും പെൻഷൻ വർധിപ്പിക്കാനും മറ്റുമാണെന്ന് പറഞ്ഞാണ് ആവശ്യപ്പെട്ടത്. അവർ ആ പണം എവിടെ ഉപയോഗിച്ചു എന്നതിന് സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ട കാര്യം ഞങ്ങൾക്കില്ല', നന്ദകുമാർ പറഞ്ഞു.
'പണത്തിന്റെ ഒരുഭാഗം കൊടുത്തു. മറ്റൊരു ഭാഗം ഇനിയും കൊടുക്കാനുണ്ട്. പരസ്യം ചെയ്തു. പക്ഷേ, കാര്യമായ പ്രാധാന്യം നൽകിയില്ല. കരാർ ഉണ്ട്. അത് ലംഘിക്കാൻ പറ്റില്ല. മുമ്പൊന്നും ‘അമ്മ’ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തിട്ടില്ല. ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ ക്ഷേത്രത്തിന്റെ പരിപാടികളിൽ പങ്കെടുത്തിരുന്നു. സ്‌പോൺസർഷിപ്പ് ആവശ്യപ്പെട്ടിട്ടില്ല. പ്രതിഫലം വാങ്ങിയാണ് ഇടവേള ബാബു പരിപാടിക്ക് എത്തിയത്. സൗജന്യമായി ഒരു അഭിനേതാവും അവിടെ എത്തിയിട്ടില്ല. അക്കൗണ്ട് വഴിയാണ് പണം നൽകിയത്. കൈയിൽ കൊടുക്കാറില്ല. ചിലർ ജിഎസ്ടിയും വാങ്ങിക്കാറുണ്ട്', നന്ദകുമാർ വ്യക്തമാക്കി.
'അൻസിബ, റസൂൽ പൂക്കുട്ടിയുടെ കൂടെ ക്ഷേത്രത്തിൽ വന്നിട്ടുണ്ട്. അൻസിബ എന്നൊരു നടിയുണ്ട്, തുടക്കക്കാരിയാണ് എന്ന് ഒരു സ്‌പോൺസർ പറഞ്ഞു. അങ്ങനെയാണ് ക്ഷേത്രത്തിൽകൊണ്ടുവന്നത്. പാവാടയൊക്കെ ഉടുത്തുനടക്കുന്ന കാലത്താണ് വന്നത്. സാമ്പത്തിക സഹായം വേണമെന്ന് പറഞ്ഞപ്പോൾ അതുംകൊടുത്തു', നന്ദകുമാർ പറഞ്ഞു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ തർക്കങ്ങൾക്ക് ശേഷം ക്ഷേത്രത്തിലെ പരിപാടിയിൽ അൻസിബ പങ്കെടുത്തപ്പോഴുണ്ടായ സംഭാഷണത്തെക്കുറിച്ചും നന്ദകുമാർ പറഞ്ഞു. 'അൻസിബ കഴിഞ്ഞ മേയ് രണ്ടിനും ക്ഷേത്രത്തിൽ വന്നിട്ടുണ്ട്. ക്ഷേത്രത്തെ എതിർത്തിട്ടില്ല, പൊതുവായി മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് അവർ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. റസൂൽ പൂക്കൂട്ടിക്ക് ഓസ്‌കർ ലഭിച്ചപ്പോൾ ആദ്യം വിളിച്ച് ആദരിച്ചത് നമ്മളാണ്. ‘ഇവിടുത്തെ പരിഗണന അങ്ങനെയാണ്. താങ്കൾ തെറ്റിദ്ധരിച്ചു പറഞ്ഞുവെന്ന് താങ്കളുടെ ആളുകളുടെ ഇടയിൽനിന്ന് വന്നു. ഞങ്ങൾ അതിനൊന്നും ശ്രദ്ധകൊടുത്തില്ല. അതൊന്നും ഞങ്ങളുടെ വിഷയമല്ല', എന്ന് ഞാൻ അൻസിബയോട് പറഞ്ഞു', എന്നായിരുന്നു നന്ദകുമാറിന്റെ വാക്കുകൾ.
അമ്മ കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പിനായി 75 ലക്ഷം രൂപയുടെ കരാറിലാണ് ‘അമ്മ’യെത്തിയത്. ട്രസ്റ്റ് ചെയർമാനായ നന്ദകുമാറും ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമാണ് കരാറിലൊപ്പുവെച്ചത്. മതസ്ഥാപനങ്ങളിൽനിന്ന് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി അൻസിബ കരാറിനെ എതിർത്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 14-നാണ് അമ്മയുടെ കുടുംബസംഗമം നടന്നത്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. കരാറിലെ ധാരണപ്രകാരം 30 ലക്ഷം ആദ്യഗഡുവായി ‘അമ്മ’യ്ക്ക് കൈമാറിയിരുന്നു. 45 ലക്ഷം ഇനിയും നൽകാൻ ബാക്കിയാണ്. കുടുംബസംഗമ വേദിയിൽ ക്ഷേത്രത്തിന്റെ പരസ്യം വേണ്ട രീതിയിൽ പ്രദർശിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബാക്കി പണം നൽകാതിരുന്നത്.
Content Highlights: TG Nandakumar defends the 75 lakh sponsorship deal between Vennala Mahadeva Temple and AMMA. Clarifies that 30 lakh has been paid, with 45 lakh pending due to display issues. Rejects Ansiba's allegations regarding the temple's involvement in the organization. Confirms legal compliance and contractual transparency in the financial transaction
Published: 25 May 2026, 03:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented