ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ നടിമാരായ തമന്ന ഭാട്ടിയയേയും കാജൽ അഗര്‍വാളിനേയും ചോദ്യംചെയ്യാനൊരുങ്ങി പുതുച്ചേരി പോലീസ്. ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന് ആരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തന്റേയും മറ്റ് പത്തുപേരുടേയും 2.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ്‌ പരാതി.

To advertise here,

2022-ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്കെതിരേയാണ് കേസ്. കമ്പനിയുടെ ഉദ്ഘാടനത്തില്‍ തമ്മന്നയടക്കം നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കാജൽ അഗര്‍വാളും പങ്കെടുത്തു. മുംബൈയില്‍ പാര്‍ട്ടി നടത്തി ആയിരക്കണക്കിന് നിക്ഷേപകരില്‍നിന്ന് കമ്പനി പണം സ്വരൂപിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെയുള്ള അന്വേഷണത്തില്‍ രണ്ടുപേരെ പുതുച്ചേരി പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. നിതീഷ് ജെയിന്‍ (36), അരവിന്ദ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. തമന്നയേയും കാജലിനേയും ചോദ്യംചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് താന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചതെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അശോകന്‍ പരാതിയില്‍ പറയുന്നു. കമ്പനിയുമായി ബന്ധപ്പെട്ട ഒരാളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം 10 ലക്ഷം ആദ്യഘട്ടമായി നിക്ഷേപിച്ചു. വിരമിച്ചപ്പോള്‍ ലഭിച്ച പണമടക്കമായിരുന്നു നിക്ഷേപിച്ചത്. തമന്ന പങ്കെടുത്ത ഉദ്ഘാടന പരിപാടിയിലേക്ക് അശോകനും ക്ഷണം ലഭിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത സെലിബ്രിറ്റികളുടെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് നിക്ഷേപം ഒരു കോടിയായി വര്‍ധിപ്പിച്ചു. പത്ത് സുഹൃത്തുക്കളെക്കൊണ്ട് 2.4 കോടിയും കമ്പനിയില്‍ നിക്ഷേപിപ്പിച്ചു.

മാസങ്ങള്‍ക്ക് ശേഷം കാജൽ പങ്കെടുത്ത മഹാബലിപുരത്തെ പരിപാടിയിലേക്കും കമ്പനി അശോകനെ ക്ഷണിച്ചു. ഈ പരിപാടിയില്‍വെച്ച് നൂറോളം നിക്ഷേപകര്‍ക്ക് പത്തുലക്ഷം മുതല്‍ ഒരു കോടിവരെ വിലയുള്ള കാറുകള്‍ സമ്മാനമായി നല്‍കി. അശോകന്‍ ആവശ്യപ്പെട്ടതുപ്രകാരം കാറിന് പകരം കമ്പനി എട്ടുലക്ഷം പണമായി നല്‍കി.

എന്നാല്‍, പിന്നീട് കമ്പനിയുടെ ഭാഗത്തുനിന്ന് വാഗ്ദാനലംഘനങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് പോലീസില്‍  പരാതിപ്പെട്ടത്. തന്നേയും മറ്റ് നിക്ഷേപകരേയും കബളിപ്പിച്ചെന്നാണ് പരാതി.