തിരുവനന്തപുരം: അലക്സേജ് ബെസിയോക്കോവ് കുടുംബവും രണ്ട് സുഹൃത്തുക്കളുമായി കേരളത്തിലെത്തിയത് ഒരു മാസം മുന്‍പാണ്. പിടികൂടുന്ന ദിവസം രാവിലെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകനും രണ്ട് സുഹൃത്തുക്കളും റഷ്യയിലേക്ക് പോയത്. അലക്സേജ് ഒഴികെയുള്ളവരെല്ലാം റഷ്യക്കാരാണ്. പിടിയിലാവുമെന്ന ഭീഷണിയുള്ളതിനാല്‍ അലക്സേജ് കുടുംബത്തോടൊപ്പം സഞ്ചരിക്കാറില്ലെന്നാണ് സൂചന. കഴിഞ്ഞ മാസം ഒന്‍പതിനാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. 11-ന് കുടുംബവും എത്തി. ബുധനാഴ്ച രാവിലെ കുടുംബം മടങ്ങി. വൈകീട്ടാണ് അലക്സേജ് മടങ്ങാനിരുന്നത്. അമേരിക്ക നടപടി കടുപ്പിച്ചതോടെയാണ് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

To advertise here,

സിബിഐ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസമായി വര്‍ക്കല ബീച്ചിലും പരിസര പ്രദേശങ്ങളിലും അലക്സേജ് ബെസിയോക്കോവിനായി പോലീസ് അരിച്ചുപെറുക്കുകയായിരുന്നു. ഹോം സ്റ്റേയ്ക്ക് മുന്നില്‍ സ്ഥാപനത്തിന്റെ ബോര്‍ഡ് ഇല്ലാതിരുന്നതിനാലും കെട്ടിട നമ്പരില്‍ വ്യത്യാസമുള്ളതിനാലും വീട് പെട്ടെന്ന് കണ്ടെത്താന്‍ ആയില്ല. താമസിക്കുന്ന ഹോം സ്റ്റേയുടെ ഒന്നാം നിലയില്‍ പുറത്തിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് തിരച്ചില്‍ സംഘത്തിലുണ്ടായിരുന്ന എസ്.എസ്.ജോജിന്‍ രാജ് അലക്സേജിനെ കാണുന്നത്.

പ്രതിയുടെ ചിത്രവുമായാണ് പോലീസ് തിരച്ചില്‍ നടത്തിയിരുന്നത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ഇയാളെ കണ്ടെത്തുന്നത്. കുരയ്ക്കണ്ണി കക്കോട് ലെയ്നിലെ സോയവില്ല എന്ന കെട്ടിടത്തിലായിരുന്നു താമസം. പോലീസുദ്യോഗസ്ഥനോട് യഥാര്‍ഥ പേരും രാജ്യവും തന്നെയാണ് അലക്സേജ് പറഞ്ഞത്. പുറത്തേക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിനകത്തേക്ക് പോയ അലക്സേജ് ഏറെ നേരമായും പുറത്തേക്കു വന്നില്ല. പിന്നീട് യാത്രക്കൊരുങ്ങി ബാഗുമായാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഒരു കെട്ട് നോട്ടെടുത്ത് പോലീസുകാരന് കൈമാറിയ ശേഷം പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. തമ്മില്‍ കണ്ടിട്ടില്ലെന്ന് കരുതിയാല്‍ മതിയെന്നും പറഞ്ഞു. പക്ഷേ ജോജിന്‍ അലക്സേജിനെ തടഞ്ഞു നിര്‍ത്തി. അപ്പോഴേയ്ക്കും വര്‍ക്കല സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് എത്തിക്കഴിഞ്ഞിരുന്നു.

സ്ഥിരമായി അലക്സേജും കുടുംബവും ഈ ഹോം സ്റ്റേയാണ് ഒളിവ് ജീവിതത്തിന് തിരഞ്ഞെടുത്തിരുന്നത്. ചുറ്റും ഹോം സ്റ്റേകളും ഹോട്ടലുകളുമാണ്. ഒഴിഞ്ഞ ചെറിയ റോഡിലായതിനാല്‍ പെട്ടെന്ന് ശ്രദ്ധയില്‍ വരില്ല. ഒട്ടേറെ വിദേശികള്‍ ഈ റോഡില്‍ താമസിക്കുന്നുമുണ്ട്. ചെലവ് കുറച്ച് ലളിതമായ ജീവിതശൈലിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നതെന്ന് സമീപവാസികളും ഭക്ഷണശാല ഉടമകളും പറയുന്നു. മുന്‍കൂര്‍ ലക്ഷങ്ങള്‍ അടച്ചാണ് ഹോംസ്റ്റേ ബുക്ക് ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇതേ വീട്ടില്‍നിന്ന് ലഹരിയുമായി ബന്ധപ്പെട്ട് റഷ്യക്കാരെ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ച സംഭവവും ഉണ്ടായിരുന്നു.