ന്യൂയോര്‍ക്ക്: തബലയില്‍ വിസ്മയം തീര്‍ക്കാന്‍ ഇനി ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം എന്നെന്നേക്കുമായി വിടവാങ്ങി. 73-കാരനായ സാക്കിര്‍ ഹുസൈന്‍ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി വൈകി തന്നെ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യം കുടുംബം സ്ഥിരീകരിക്കാന്‍ വൈകി.
1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത് പിതാവും തബലിസ്റ്റുമായ അല്ലാ റഖായായിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് 'ദ ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്.
1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മണ്‍ടോ, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, ദ പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.
Content Highlights: tabala maestro usthad zakir hussain dies family confirms
Published: 16 Dec 2024, 07:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented