അനുരാഗ് കശ്യപുമായുള്ള 25 വർഷത്തെ സൗഹൃദത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് സംവിധായിക സുധ കൊങ്കര. മണിരത്നത്തിൻ്റെ ഒരു പ്രോജക്റ്റിൽ താൻ സഹസംവിധായികയായി പ്രവർത്തിക്കുമ്പോഴാണ് അനുരാഗ് കശ്യപിനെ ആദ്യമായി കണ്ടുമുട്ടിയതെന്ന് സുധ കൊങ്കര ഓർത്തെടുത്തു. ആദ്യ കൂടിക്കാഴ്ചയിൽ തങ്ങളുടെ സർഗ്ഗാത്മക ബന്ധം എത്ര വേഗത്തിലാണ് വളർന്നതെന്ന് സുധ വിവരിച്ചു. എക്സിലെഴുതിയ കുറിപ്പിലാണ് സുധ കൊങ്കര ഇക്കാര്യങ്ങൾ പറഞ്ഞത്.

To advertise here,

"നമ്മൾ അവസാനം കണ്ടിട്ട് പതിനഞ്ച് വർഷമായി അനുരാഗ് കശ്യപ്!!! എൻ്റെ പ്രിയപ്പെട്ട സുഹൃത്തും എഴുത്തുകാരനും സംവിധായകനുമാണ് അദ്ദേഹം. ഇരുപത്തിയഞ്ച് വർഷം മുൻപ് നമ്മൾ ആദ്യമായി കണ്ടുമുട്ടിയ ദിവസം ഞാനിന്നും ഓർക്കുന്നു. മണി സാറിൻ്റെ സഹസംവിധായികയും നിങ്ങൾക്കിടയിലെ ഹിന്ദി പാലവുമായിരുന്നു ഞാൻ.

എന്നെ കണ്ടുമുട്ടി വെറും നാല് മണിക്കൂറിനുള്ളിൽ നിങ്ങൾ ചോദിച്ചു, 'എപ്പോഴാണ് നിങ്ങളുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്? ഒരു പ്രണയകഥയല്ലേ അത്?' എന്ന്. മൂന്ന് മണിക്കൂറിനുള്ളിൽ നിങ്ങൾ എന്നെ മനസ്സിലാക്കിക്കഴിഞ്ഞു. നിങ്ങൾ ഡാർക്ക് ഷെയ്ഡുള്ള സിനിമകൾ ചെയ്യുന്നയാളും ഞാൻ നേരെ എതിർസ്വഭാവമുള്ള സിനിമകൾ ചെയ്യുന്ന ആളുമായിരുന്നിട്ടും നമ്മൾ എന്നേക്കും നല്ല സുഹൃത്തുക്കളായി. എപ്പോഴാണ് നിങ്ങൾ എനിക്കുള്ള പ്രണയകഥ എഴുതി നൽകുന്നത്, മിസ്റ്റർ?" സുധ കൊങ്കര എക്സിൽ കുറിച്ചതിങ്ങനെ.

ഐശ്വരി താക്കറെ, വേദിക പിൻ്റോ, മോണിക്ക പവാർ, വിനീത് കുമാർ സിംഗ് എന്നിവർ അഭിനയിച്ച 'നിശാഞ്ചി' ആയിരുന്നു അനുരാഗ് കശ്യപിൻ്റെ ഏറ്റവും പുതിയ സംവിധാന സംരംഭം. ചിത്രത്തിന് നിരൂപകരിൽ നിന്ന് നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ശിവ കാർത്തികേയൻ, രവി മോഹൻ, അഥർവ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന പരാശക്തി ആണ് സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.