ചെറുവേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് സുബീഷ് സുധി. ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിലൂടെ നായകനായും അദ്ദേഹം വെള്ളിത്തിരയിലെത്തി. സുബീഷും സുഹൃത്തുക്കളും ചേർന്നാണ് ചിത്രം നിർമിച്ചത്. മികച്ച സിനിമയെന്ന അഭിപ്രായം നേടിയിട്ടും ചിത്രം സാമ്പത്തികമായി വിജയിച്ചിരുന്നില്ല. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നുണ്ടായ നഷ്ടം കാരണം സാമ്പത്തികമായി തകർന്നിരിക്കുകയാണെന്ന് തുറന്നുപറയുകയാണ് സുബീഷ് സുധി.

To advertise here,

സിനിമയ്ക്കായി പണം തന്നവർ തനിക്കെതിരെ കേസ് കൊടുത്തുവെന്നും അത് വാറണ്ടായെന്നും ഏത് നിമിഷവും ജയിലിൽ പോകാമെന്ന അവസ്ഥയിലാണ് താനുള്ളതെന്നും സുബീഷ് പറയുന്നു. നേരായ വഴിയിൽ പണമുണ്ടാക്കി സിനിമയുടെ കടം വീട്ടാൻ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല. വീട് ജപ്തിയിലാണ്. പണം കൊടുക്കാനുള്ളവരുടെ കോളുകൾ മാത്രമാണ് ഇപ്പോൾ തന്റെ ഫോണിലേക്ക് വരാറുള്ളതെന്നും സുബീഷ് സുധി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

പിടിച്ചുനിൽക്കാൻ കഴിയാതെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സുബീഷ് വെളിപ്പെടുത്തി. ആത്മഹത്യയ്ക്ക് ഒരുമ്പെടും മുമ്പ് സുഹൃത്തുക്കളെ മെസേജിലൂടെ അറിയിച്ചിരുന്നു. അവർ പോലീസിനെ അറിയിക്കുകയും തുടർന്ന് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ വിളിപ്പിച്ച് 'ആരെങ്കിലും സഹായിക്കാതിരിക്കില്ല, ധൈര്യമായി മുന്നോട്ട് പോകൂ' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു.

ഒരടി പോലും മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും പറഞ്ഞ സുബീഷ്, പക്ഷേ തനിക്ക് ഇനിയും പ്രതീക്ഷയുണ്ടെന്നും കൂട്ടിച്ചേർത്തു. അതിജീവനത്തിന്റെ വീരേതിഹാസം രചിച്ച കേരളത്തോട് കൂടെയുണ്ടാകണമെന്നും കൈവിടരുതെന്നും അഭ്യർഥിച്ചുകൊണ്ടാണ് സുബീഷ് സുധി കുറിപ്പ് അവസാനിപ്പിച്ചത്.

സുബീഷ് സുധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80-ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്.

2024 മാർച്ച് 8. പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്‌സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്‌സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്‌നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസിനു 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാമിക്ക മരണപ്പെട്ടു. പിന്നെ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി. അവിടെ കുറെ ഏജന്റുമാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.

ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി . എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40-ഓളം കാളുകൾ ആണ് വരുന്നത് കടക്കാരുടേത്.

പിടിച്ചു നില്കാനാവാതെ രണ്ട് തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)