തൃശ്ശൂര്‍: നഗ്നതപ്രദര്‍ശിപ്പിച്ച കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റിലാകുന്നത് രണ്ടാം വട്ടം. കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.  രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിലാണ് പോലീസ് നടപടി. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. 

To advertise here,

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേസില്‍ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമാണ് നടന്‍ പറഞ്ഞിരുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതുമാണെന്നായിരുന്നു ആരോപണം. 

പാര്‍ക്കിന് സമീപത്ത് വച്ച് പതിനൊന്നും അഞ്ചും വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി ഇയാള്‍ ഇവിടെ നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി.

കാറിനെ കുറിച്ച് ലഭിച്ച വിവരങ്ങളാണ് നിര്‍ണായകമായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് കാറ് കണ്ടെത്താനായത്. പിന്നീട് കുട്ടികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.