എ.ടി.വിയിലെ റിയാലിറ്റി ഷോയായ 'സ്പ്ലിറ്റ്സ് വില്ല' സീസൺ 16-ലെ മുൻ മത്സരാർഥി പ്രീത് സിങ്ങിന് മുംബൈയിലെ ഒരു ക്ലബ്ബിൽ വെച്ച് ക്രൂരമർദനമേറ്റു. മർദനത്തിൽ താരത്തിന്റെ ഒരു പല്ല് കൊഴിയുകയും കണ്ണിനും മുഖത്തും സാരമായി പരിക്കേൽക്കുകയും ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മുഖത്ത് പരിക്കേറ്റ വിവരവും ആക്രമണത്തിന് ഇരയായ കാര്യവും പ്രീത് സിങ് വെളിപ്പെടുത്തിയത്.
തന്റെ സുഹൃത്തിനൊപ്പം ക്ലബ്ബിൽ സമയം ചെലവഴിക്കുകയായിരുന്ന തന്റെ അടുത്തേക്ക് പെട്ടെന്ന് ഒരു യുവതി വരികയും ക്ലബ്ബിൽ എങ്ങനെ കയറി എന്ന് ചോദിച്ച് തർക്കിക്കാൻ തുടങ്ങുകയും ചെയ്തുവെന്ന് പ്രീത് സിങ് പറയുന്നു. ഈ വാക്കേറ്റം രൂക്ഷമാകുകയും യുവതിക്കൊപ്പമുണ്ടായിരുന്ന ഒരു പുരുഷൻ തന്നേയും സുഹൃത്തിനെയും ശാരീരികമായി ഉപദ്രവിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നും പ്രീത് പറഞ്ഞു. ഇതിൽ പല്ല് പൊട്ടുകയും മുഖത്ത് നീർവീക്കം വരികയും ചെയ്തതായി അവർ വ്യക്തമാക്കി. ക്ലബ്ബിലുണ്ടായിരുന്ന മറ്റ് ആളുകൾ ഇടപെട്ടതിനെത്തുടർന്നാണ് ആക്രമണം അവസാനിച്ചതെന്നും പ്രീത് കൂട്ടിച്ചേർത്തു.
പ്രശ്നമുണ്ടാക്കിയ യുവതി ഒരു 'ഇൻഫ്ലുവൻസർ' ആണെന്നാണ് തനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞതെന്ന് പ്രീത് പറഞ്ഞു. എന്നാൽ മർദിച്ചയാളുടേയോ ഇൻഫ്ലുവൻസറുടെയോ പേര് വെളിപ്പെടുത്തിയില്ല.
സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് മുംബൈ എന്നാണ് താൻ എപ്പോഴും കേട്ടിട്ടുള്ളതെന്നും എന്നാൽ തന്നെ മുംബൈ സ്വാഗതം ചെയ്തത് ഇത്തരത്തിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും താരം വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രീത് സിങ്ങിന് പിന്തുണയുമായി സ്പ്ലിറ്റ്സ് വില്ല 16-ലെ മറ്റ് മത്സരാർഥികളായ സലക് ഗോഹിൽ, രുരു ഠാക്കൂർ, ഹിമാൻഷു അറോറ തുടങ്ങിയവർ രംഗത്തെത്തിയിട്ടുണ്ട്. സണ്ണി ലിയോണും കരൺ കുന്ദ്രയും അവതാരകരായ സ്പ്ലിറ്റ്സ് വില്ല 16-ൽ പൈസ വില്ല മത്സരാർഥിയായിരുന്ന പ്രീത് സിങ് കുറച്ച് എപ്പിസോഡുകൾക്ക് മുൻപാണ് ഷോയിൽ നിന്ന് പുറത്തായത്.
Content Highlights: Former Splitsvilla 16 contestant Preet Singh was brutally assaulted by an influencer and her companion at a Mumbai club, resulting in facial injuries and a broken tooth.
Published: 27 Apr 2026, 10:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented