ലോക്ഡൗൺ അനുഭവങ്ങൾ പുസ്തകരൂപത്തിലാക്കാൻ ഒരുങ്ങുകയാണ് നടൻ സോനു സൂദ്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ആണ് പുസ്തകം പുറത്തിറക്കുക.

To advertise here,

കൊറോണ വൈറസ് ഇന്ത്യയിൽ വ്യാപിച്ചു തുടങ്ങിയപ്പോൾ പെട്ടെന്നാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. അക്കാലത്ത് അന്യനാടുകളിൽ ജോലിക്കും പഠനത്തിനുമായി താമസിച്ചിരുന്ന ലക്ഷോപലക്ഷം പേരാണ് മാസവേതനം പോലും ലഭിക്കാതെയും ഭക്ഷണം കിട്ടാതെയും സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചുപോകാനാവാതെയും കുടുങ്ങിക്കിടന്നത്. സോഷ്യൽമീഡിയ ഫോറങ്ങളിലൂടെ അത്തരക്കാരെ തേടിക്കണ്ടുപിടിച്ച് അവരെ പ്രത്യേക ബസ്സുകളിലും വിമാനങ്ങളിലും കയറ്റി അയയ്ക്കാനും സോനു നേതൃത്വം നൽകിയിരുന്നു. ലോക്ഡൗൺ നൽകിയ ഈ അനുഭവങ്ങളാണ് സോനു പുസ്തകത്തിൽ പകർത്തുക.

അവസാന കുടിയേറ്റക്കാരനും നാടെത്തിയെന്നുറപ്പു വരുത്തിയിട്ടേ താൻ പ്രവർത്തനങ്ങൾ നിർത്തുകയുള്ളൂവെന്ന് സോനു സൂദ് പ്രഖ്യാപിച്ചിരുന്നു. സ്വദേശങ്ങളിൽ തിരിച്ചെത്തിയ കുടിയേറ്റത്തൊഴിലാളികൾ സോനുവിനെ വീരനായകനായാണ് കണ്ടിരുന്നത്.

മുംബൈയിലെ ഇരുനൂറോളം ഇഡ്ഡലി വില്പനക്കാരെ അവരുടെ ജന്മദേശമായ തമിഴ്നാട്ടിലേക്ക് അയച്ചു. നേരത്തെ ലോക്ഡൗണിൽ എറണാകുളത്ത് കുടുങ്ങിയ 177 പെൺകുട്ടികളെ നടന്റെ നേതൃത്വത്തിൽ അവരുടെ സ്വദേശമായ ഒഡീഷയിലെ ഭുവനേശ്വറിലേക്കെത്തിച്ചിരുന്നു. കൊച്ചിയിലെ ഒരു ഫാക്ടറിയിൽ തുന്നൽ ജോലിയ്ക്കായെത്തിയതായിരുന്നു ഈ പെൺകുട്ടികൾ. കോവിഡ് 19 ഭീതിയിൽ ഫാക്ടറി അടച്ചു പൂട്ടിയപ്പോൾ പോകാനൊരിടമില്ലാതെ, ജന്മനാട്ടിലേക്ക് തിരിച്ച് പോകാനുമാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവർ.

ലോക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികൾക്ക് വീടുകളിലേക്ക് മടങ്ങാനും നടൻ ബസ് ഏർപ്പാടാക്കിയിരുന്നു. കർണാടകയിൽ നിന്നുള്ള 350 പേരെയാണ്. അവരുടെ വീടുകളിലേക്ക് കയറ്റിവിട്ടത്. നിരവധി പാവപ്പെട്ടവർക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കായി ആറ് നിലയുള്ള തന്റെ ഹോട്ടൽ താരം വിട്ടു കൊടുത്തിരുന്നു. സോനു സൂദിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി തുടങ്ങിയവരും അനേകം സിനിമാതാരങ്ങളും രംഗത്തു വന്നിരുന്നു.

Content Highlights :sonu sood writes a book on his lockdown experiences sends migrant workers to their natives