പനജി: ചില പാട്ടുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. കുട്ടിക്കാലം മുതൽ കേട്ട് വളർന്ന, സന്തോഷത്തിലും സങ്കടത്തിലും കൂടെ കൂടുന്ന ചില ശബ്ദങ്ങളുണ്ട്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ, എസ്. ജാനകി എന്നീ പ്രിയപ്പെട്ട ഗായികമാരുടെ ശബ്ദങ്ങൾ അങ്ങനെയാണ്. ഗോവയിൽ നടക്കുന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിലാണ് ചിത്ര തന്റെ പ്രിയപ്പെട്ട ഗായികമാരെക്കുറിച്ചുള്ള മനോഹരമായ ഓർമകൾ പങ്കുവെച്ചത്. പ്രശസ്ത നടി സുഹാസിനി മണിരത്‌നമായിരുന്നു ചിത്രയുമായി സംസാരിച്ചത്. ഔപചാരിക അഭിമുഖം എന്നതിലുപരി രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സംസാരവും പാട്ടുകളുമായി ആ വേദി മാറി.

To advertise here,

വേദിയിലേക്ക് വരുമ്പോൾ ചെറിയ പേടിയുണ്ടായിരുന്നെങ്കിലും സുഹാസിനിയെ കണ്ടപ്പോൾ അത് മാറിയെന്ന് ചിത്ര പറഞ്ഞു. സംഗീതത്തിന് പ്രാധാന്യമുള്ള കുടുംബത്തിലാണ് താൻ വളർന്നതെന്നും ചെറുപ്പം മുതലേ പാട്ട് പഠിച്ചിരുന്നെന്നും ചിത്ര ഓർമിച്ചു. നന്നായി ചെയ്യാൻ അറിയാവുന്ന ഒരേയൊരു കാര്യം പാടുക എന്നതായിരുന്നു. എന്നാൽ, പാട്ട് തന്നെ ഇത്രയും വലിയ നിലയിൽ എത്തിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ക്ലബ്ബുകളിൽ പി. സുശീലയുടെ പാട്ടുകൾ പാടിയാണ് താൻ തുടങ്ങിയതെന്നും ചിത്ര പറഞ്ഞു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായികമാർ പി. സുശീല, എസ്. ജാനകി, ലതാ മങ്കേഷ്‌കർ എന്നിവരാണെന്ന് ചിത്ര പറഞ്ഞു. ലതാ മങ്കേഷ്‌കറുടെ പാട്ടുകളിലെ വൈകാരികതയും, പ്രത്യേകിച്ച് അവരുടെ ഭക്തിഗാനങ്ങൾ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ലതാജിയുടെ ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ട് ചിത്ര വേദിയിൽ പാടുകയും ചെയ്തു.

ആശാ ഭോസ്ലെയെക്കുറിച്ച് പറയുമ്പോൾ ചിത്രയ്ക്ക് ഏറെ ആവേശമായിരുന്നു. ഏത് തരം പാട്ടുകളും അനായാസം പാടാനുള്ള ആശായുടെ കഴിവിനെ ചിത്ര പ്രശംസിച്ചു. ആശായുടെ ഗസൽ ചിത്ര വേദിയിൽ മൂളുകയും ചെയ്തു. ലതാ മങ്കേഷ്‌കറുമായി താരതമ്യം ചെയ്യപ്പെടാതെ സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാനാണ് ആശാജി എപ്പോഴും ശ്രമിച്ചതെന്ന് ചിത്ര പറഞ്ഞു. ആശാ ഭോസ്ലെയെ ആദ്യമായി കണ്ടപ്പോഴുള്ള രസകരമായ അനുഭവവും ചിത്ര പങ്കുവെച്ചു. 'എന്തിനാണ് ഇത്രയും ഹൈ പിച്ചിൽ പാടുന്നത്?', എന്നായിരുന്നു ആശാജി അന്ന് തന്നോട് ചോദിച്ചതെന്നും ചിത്ര ഓർത്തെടുത്തു.

എസ്. ജാനകിയെക്കുറിച്ച് പറയുമ്പോൾ ചിത്രയുടെ ശബ്ദത്തിൽ സ്‌നേഹവും വാത്സല്യവും നിറഞ്ഞു. കുട്ടിക്കാലത്ത് ജാനകിയമ്മയുടെ ശബ്ദം അനുകരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. പക്ഷേ, ആ ശബ്ദം ആർക്കും അനുകരിക്കാൻ കഴിയില്ലെന്ന് ചിത്ര ചിരിയോടെ പറഞ്ഞു.

പണ്ട് മിമിക്രി കലാകാരന്മാരുടെ പരിപാടികൾക്കിടയിലുള്ള ഇടവേളകളിൽ പാടാനാണ് ജാനകിയമ്മയെ വിളിച്ചിരുന്നത്. അവിടെനിന്നാണ് ജാനകിയമ്മയുടെ ശബ്ദം ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതും സിനിമയിൽ എത്തിയതും. പാട്ടിനപ്പുറം ഒരു അമ്മയെപ്പോലെയാണ് ജാനകിയമ്മ തന്നെ സ്‌നേഹിച്ചതെന്ന് ചിത്ര പറഞ്ഞു.

'ജാനകിയമ്മയുടെ വീട്ടിൽ പോകുമ്പോൾ സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിത്തരുമായിരുന്നു. ജാനകിയമ്മ തരുമ്പോൾ എരിവുള്ള ഭക്ഷണത്തിന് പോലും നല്ല മധുരമായിരുന്നു', ചിത്ര പറഞ്ഞു.

മനുഷ്യന്റെ പ്രണയവും സങ്കടവും സന്തോഷവുമെല്ലാം വാക്കുകളേക്കാൾ നന്നായി പറയാൻ സിനിമാ പാട്ടുകൾക്ക് കഴിയുമെന്ന് സുഹാസിനി പറഞ്ഞു. ഇന്നും കേൾക്കുമ്പോൾ കണ്ണ് നിറയുന്ന മലയാളം പാട്ട് ഏതെന്ന ചോദ്യത്തിന് 'സ്വർണ്ണമുകിലേ' എന്ന പാട്ടാണ് ചിത്ര തിരഞ്ഞെടുത്തത്.

പരിപാടിക്കിടയിൽ രസകരമായ ഒരു ഗെയിമും ഉണ്ടായിരുന്നു. പശ്ചാത്തല സംഗീതമില്ലാതെ അഞ്ച് സിനിമാ രംഗങ്ങൾ കാണിച്ചപ്പോൾ ആ സിനിമകളിലെ പാട്ടുകൾ ഏതാണെന്ന് ചിത്ര കൃത്യമായി കണ്ടുപിടിക്കുകയും പാടുകയും ചെയ്തു. സുഹാസിനി അഭിനയിച്ച സിനിമകളിലെ പാട്ടുകളും ഇതിലുണ്ടായിരുന്നു.

പരിപാടിയുടെ അവസാനം 'സിന്ധുഭൈരവി' എന്ന സിനിമയിലെ 'പാടറിയേൻ പഠിപ്പറിയേൻ' എന്ന പ്രശസ്തമായ പാട്ട് ചിത്ര പാടി. സുഹാസിനി ആ പാട്ടിനൊപ്പം ചുണ്ടുകൾ ചലിപ്പിച്ച് അഭിനയിച്ചു. സദസ്സ് മുഴുവൻ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.