ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ഉപവാസം 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് അദ്ദേഹം 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പ്രതിഷേധത്തിൽ പങ്കുചേരുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരികയാണ്. വാങ്ചുക്കിനോട് ഉപവാസം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഗായിക ചിന്മയി ശ്രീപദ.

To advertise here,

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും പുനർപരീക്ഷകളും കാരണം തളർന്നുപോയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ വാങ്‌ചുക്കിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഊർജ്ജമില്ലെന്ന് ചിന്മയി സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാട്ടി. വാങ്‌ചുക്ക് തന്റെ ജീവൻ ബലികഴിച്ചാൽ പോലും കേന്ദ്ര സർക്കാർ അതിൽ ഒട്ടും ഖേദിക്കില്ലെന്നും അവർ തുറന്നടിച്ചു. നമ്മുടെ രാജ്യത്തെ ഭരണസംവിധാനം അങ്ങേയറ്റം അഴിമതി നിറഞ്ഞതാണെന്നും മാനുഷിക മൂല്യങ്ങൾക്ക് ഒരു വിലയും അധികാരികൾ നൽകുന്നില്ലെന്നും ചിന്മയി എക്സിലൂടെ വിമർശിച്ചു.

"ദയവായി ആരെങ്കിലും മിസ്റ്റർ വാങ്ചുക്കിനോട് ഉപവാസം അവസാനിപ്പിക്കാൻ പറയുക. NEET വിദ്യാർത്ഥികൾതന്നെ പേപ്പർ ചോർച്ചകളിലും പുനഃപരീക്ഷകളിലും തളർന്നിരിക്കുന്നതിനാൽ സോനം വാങ്ചുക്കിനെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടുന്നില്ല. എന്റേത് വളരെ അഴിമതി നിറഞ്ഞ, മനസ്സാക്ഷിയില്ലാത്ത ഒരുപാട് ആളുകളാൽ ഭരിക്കപ്പെടുന്ന മനോഹരമായ ഭൂമിയാണ്. അവരുടെ അനുയായികൾ അവരുടെ യജമാനന്മാരെപ്പോലെ ക്രൂരന്മാരാണ്. ധർമം എന്ന വാക്ക് ഓരോ നിമിഷവും ദുരുപയോഗം ചെയ്യുന്നു. തെമ്മാടികളുടെ കയ്യിൽപ്പെട്ട മനോഹരമായ രാജ്യം. ദൈവം എന്റെ രാജ്യത്തെ രക്ഷിക്കട്ടെ." ചിന്മയി കുറിച്ചതിങ്ങനെ.

ഉപവാസം തുടരുന്നതിലൂടെ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിനകം അദ്ദേഹത്തിന് 8.25 കിലോഗ്രാം ഭാരം കുറഞ്ഞതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. നസീറുദ്ദീൻ ഷാ, രത്ന പഥക് ഷാ എന്നിവരും അദ്ദേഹത്തോട് ഉപവാസം നിർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സീനത്ത് അമൻ, ഓമി വൈദ്യ തുടങ്ങിയവർ സർക്കാരിനോട് അദ്ദേഹവുമായി ചർച്ച നടത്താൻ ആവശ്യപ്പെടുകയും പ്രകാശ് രാജ് അദ്ദേഹത്തെ നേരിൽ കണ്ട് പിന്തുണ അറിയിക്കുകയും ചെയ്തു.

വാങ്‌ചുക്കിന്റെ ആരോഗ്യനില കണക്കിലെടുത്ത് അടിയന്തര വൈദ്യസഹായം നൽകണമെന്നും സർക്കാരുമായി ചർച്ച തുടങ്ങണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കോടതി മറുപടി തേടിയിട്ടുണ്ട്. സമാധാനപരമായ ഉപവാസം ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശമാണെങ്കിലും, അവരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ സർക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.