മലയാളത്തിന്റെ യുവതാരം നസ്ലിനെ അജിത്ത് കുമാർ ചിത്രം ‘ഗു‍ഡ് ബാഡ് അഗ്ലി’യിൽ കാസ്റ്റ് ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രത്തിൽ അജിത്തിന്റെ മകന്റെ വേഷം ചെയ്യാൻ താരത്തെ പരിഗണിച്ചിരുന്നു എന്നായിരുന്നു അഭ്യൂഹങ്ങൾ. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ ആദിക് രവിചന്ദ്രൻ.

To advertise here,

'ഗുഡ് ബാഡ് അഗ്ലിയുടെ സമയത്ത്, നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ഡ്യൂഡ് എന്നൊരു ചിത്രം ചെയ്യുന്നുണ്ടായിരുന്നു. മമിത മാം ആ ചിത്രത്തിലുണ്ട്. പ്രേമലു ആ സമയത്ത് റിലീസായോ, റിലീസാവാൻ ഒരുങ്ങുകയാണോ എന്ന് ഓർമയില്ല. അതിലെ ഹീറോയെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് മൈത്രിയുടെ ഭാഗത്തുനിന്ന് എന്നോട് ചോദിച്ചു. അദ്ദേഹം ചെന്നൈയിലുണ്ട്. ചുമ്മാ ഒന്ന് കാണൂ എന്ന് പറഞ്ഞു. ഓഫീസിലേക്ക് വിളിപ്പിച്ചു', തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആദിക് രവിചന്ദ്രൻ ഓർത്തെടുത്തു.
ALSO READ | അജിത്തിനൊപ്പം ഉണ്ണി മുകുന്ദൻ, നിർമാണം ശാലിനി; ആദിക് രവിചന്ദ്രൻ ചിത്രം Dare Devil-ന് പൂജയോടെ ആരംഭം

'വന്നു. കണ്ടു. അദ്ദേഹം ക്യൂട്ട് ആണ്, എനർജറ്റിക്കാണ്. കണ്ടു, സംസാരിച്ചു. ഏതാണ് പടം എന്ന് ചോദിച്ചു. അജിത് സർ പടമാണെന്ന് ഞാൻ പറഞ്ഞു', സംവിധായകൻ പറഞ്ഞു.

'മൈത്രിയുടെ ഭാഗത്തുനിന്ന് ഇദ്ദേഹത്തിന് എന്തെങ്കിലും റോൾ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല, നായകനാവാൻ സാധ്യതയുള്ള നടനാണ്. നമ്മുടെ പടത്തിൽ കൃത്യമായ സ്‌പേസ് ഉണ്ടാവില്ല എന്ന് പറഞ്ഞു. അങ്ങനെ ഒരു വേഷം ചെയ്താൽ എന്താവും എന്ന് അറിയില്ല. പക്ഷേ, അച്ഛൻ- മകൻ കോമ്പിനേഷൻ സീനുകൾ ഉണ്ടെങ്കിൽ നന്നാവും എന്ന് ഞാൻ പറഞ്ഞു. എന്നാൽ, നമ്മുടെ പടത്തിൽ അതിനുള്ള സാധ്യതയില്ല. സ്‌ക്രീൻ സ്‌പേസ് ഉണ്ടാവില്ല എന്നും ഞാൻ പറഞ്ഞു. ഇക്കാര്യം അദ്ദേഹത്തോടും പറഞ്ഞു. നസ്ലിൻ ചിത്രം കമ്മിറ്റ് ചെയ്തിരുന്നില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

തെലുങ്കിൽ ഹിറ്റുകൾ ഒരുക്കിയ മൈത്രി മൂവി മേക്കേഴ്‌സിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു 'ഗുഡ് ബാഡ് അഗ്ലി'. അജിത് നായകനായ ചിത്രത്തിൽ തൃഷ കൃഷ്ണൻ ആയിരുന്നു നായിക. അർജുൻ ദാസ്, പ്രിയ പ്രകാശ് വാര്യർ, ഷൈൻ ടോം ചാക്കോ, ജാക്കി ഷ്‌റോഫ് എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ കാർത്തികേയ ദേവ് ആയിരുന്നു അജിത്തിന്റെ മകനായി എത്തിയത്.

അജിത്തിനെ നായകനാക്കി രണ്ടാമത്തെ ചിത്രം ഒരുക്കാനൊരുങ്ങുകയാണ് ആദിക്. ‘ഡെയർ ഡെവിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ശാലിനി ആണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്. ശ്രീലീലയാണ് നായിക. പൂജ കഴിഞ്ഞദിവസം ചെന്നൈയിൽ നടന്നിരുന്നു. അജിത്തിന്റെ 64-ാം ചിത്രമാണിത്.