ഡൽഹിയിലെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര തുടരുന്ന ലഡാക്കിലെ പ്രമുഖ വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്കിന് പിന്തുണയുമായി രംഗത്തെത്തി നടൻ ഓമി വൈദ്യ. ത്രീ ഇ‍ഡിയറ്റ്സ് എന്ന ചിത്രത്തിലെ ചതുർ രാമലിംഗം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ഓമി. ഈ സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുക് വാങ്ഡു എന്ന കഥാപാത്രം സോനം വാങ്ചുക്കിനെ പ്രചോദനമായെടുത്തുകൊണ്ടാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഓമി പറഞ്ഞു.

To advertise here,

'3 ഇഡിയറ്റ്സി'ലെ തന്റെ കഥാപാത്രത്തിന്റെ ശൈലിയിൽ "ഹലോ ഇഡിയറ്റ്സ്..." എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഓമി വിഡിയോ ആരംഭിക്കുന്നത്. "ഫുൻസുക് വാങ്ഡു മരിക്കുന്നത് എനിക്ക് കാണേണ്ട. നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശവുമായി ഞാൻ വന്നിരിക്കുന്നു. ഞാൻ ഇത് സാധാരണ ചെയ്യാറില്ല, അതിനാൽ ദയവായി ശ്രദ്ധിക്കുക. 3 ഇഡിയറ്റ്സിലെ ഫുൻസുക് വാങ്ഡു യഥാർത്ഥത്തിൽ സോനം വാങ്ചുക്ക് എന്ന ലഡാക്കിലെ എഞ്ചിനീയറും ഇന്നൊവേറ്ററും വിദ്യാഭ്യാസ വിചക്ഷണനും പരിഷ്കർത്താവുമായ ഇദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപം കൊണ്ടതെന്ന് നിങ്ങൾക്ക് അറിയാമോ? എനിക്ക് ഈ വ്യക്തിയെ നന്നായി അറിയാം." ഓമി പറഞ്ഞു.

വാങ്ചുക്കിനെ വിനയമുള്ള എന്നും "വളരെ ആകർഷകമായ വ്യക്തി" എന്നും ഓമി വിശേഷിപ്പിച്ചു. സോനം "അവിശ്വസനീയമായ ചില കാര്യങ്ങൾ" നേടിയെടുത്തതായും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നും ഓമി ജനങ്ങളോട് അഭ്യർത്ഥിച്ചു. "ഇപ്പോൾ അദ്ദേഹം വളരെ ദൈർഘ്യമേറിയ ഒരു നിരാഹാര സമരത്തിലാണ്. അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞിരിക്കുന്നു. നിങ്ങൾ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നും എനിക്കറിയില്ല. പക്ഷേ ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം, ലഡാക്കിന്റെ സ്വയംഭരണം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് വാങ്ചുക്ക് ഉയർത്തുന്നതെന്ന് പ്രതിഷേധത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് വൈദ്യ പറഞ്ഞു. "നിങ്ങൾ അദ്ദേഹത്തോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല, ഈ മനുഷ്യൻ മരിക്കുന്നത് എനിക്ക് കാണേണ്ട." അദ്ദേഹം പറഞ്ഞു, ദൈനംദിന ജീവിതത്തിൽ നിന്ന് അല്പം സമയം കണ്ടെത്തി വിഷയങ്ങൾ മനസ്സിലാക്കണമെന്നും ഓമി വൈദ്യ ജനങ്ങളോട് അഭ്യർത്ഥിച്ചു.

സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ആമിർ ഖാന്റെ 3 ഇഡിയറ്റ്സ് സിനിമയിലെ ഒരു കഥാപാത്രമെങ്കിലും സോനം വാങ്ചുക്കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. അദ്ദേഹം 17 ദിവസമായി ജന്തർ മന്ദറിൽ ഉപവാസത്തിലാണ്, വിദ്യാഭ്യാസ മന്ത്രി പ്രദാന്റെ രാജിയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ആമിർ ഖാൻ എന്തു ചെയ്യുമെന്ന് കാണാൻ കാത്തിരിക്കുന്നു എന്നാണ് പ്രശാന്ത് ഭൂഷൺ പറഞ്ഞത്. നസീറുദ്ദീൻ ഷായെപ്പോലുള്ള പ്രമുഖരും വാങ്ചുക്കിന്റെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
 

വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി ജൂലൈ 20-ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്. ഒരു തലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച 'രഞ്ചോ'യുടെ യഥാർത്ഥ രൂപമായ വാങ്ചുക്കിന്റെ ജീവൻ സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ഓമി വൈദ്യയെപ്പോലുള്ളവരുടെ പ്രധാന ആവശ്യം.
സോനം വാങ്ചുക്കിന്റെ നിരാഹാരസമരത്തിന്റെ പശ്ചാത്തലം

NEET പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നത്. ഉപവാസം ആരംഭിച്ചതു മുതൽ ഏകദേശം 9 കിലോഗ്രാം ഭാരം കുറഞ്ഞതായും അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടും വഷളായതായും സിജെപി പറയുന്നു.

സമരം തിങ്കളാഴ്ച 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിവാദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത NEET ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ഈ കൂട്ടായ്മ ആവശ്യപ്പെടുന്നു. ജൂൺ 20-ന് ആരംഭിച്ച പ്രതിഷേധത്തിൽ ജൂൺ 28-ന് വാങ്ചുക്ക് പങ്കുചേരുകയും അന്നു മുതൽ നിരാഹാര സമരം തുടരുകയുമാണ്.

മൺസൂൺ സെഷന്റെ ആദ്യ ദിവസമായ ജൂലൈ 20-ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്നും പ്രതിപക്ഷ നേതാക്കളും വിദ്യാർത്ഥി സംഘടനകളും ജന്തർ മന്ദറിലെ പ്രതിഷേധത്തിന് തുടർന്നും പിന്തുണ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു.