വെബ് സീരീസിലൂടെ തുടങ്ങി ബോളിവുഡിൽ ശ്രദ്ധേയ താരമായി മാറിയ നടനാണ് സിദ്ധാന്ത് ചതുർവേദി. 'ഗള്ളി ബോയ്' ആണ് സിദ്ധാന്തിന്റെ ആദ്യചിത്രം. മൃണാൾ ഠാക്കൂറിനൊപ്പം പ്രധാനവേഷത്തിലെത്തിയ 'ദോ ദീവാനെ ശഹർ മേ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിനിടെ, തന്റെ കൗമാരപ്രണയത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിൽ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമാണ്.

To advertise here,

പിതാവിന്റെ പാത പിന്തുടർന്ന് സിഎ പരിശീലനത്തിന് സിദ്ധാന്ത് പോയിരുന്നു. എന്നാൽ, തന്റെ ലക്ഷ്യം സിനിമയാണെന്നുറപ്പിച്ച സിദ്ധാന്ത് വഴിമാറി സഞ്ചരിക്കുകയായിരുന്നു. പഠനകാലയളവിലെ പ്രണയത്തെക്കുറിച്ചാണ് സിദ്ധാന്ത് തുറന്നുപറഞ്ഞിരിക്കുന്നത്.

'എനിക്കന്ന് 18 വയസ്സായിരുന്നു. ഒരു പെൺകുട്ടിയുമായി ഞാൻ ഭ്രാന്തമായ പ്രണയത്തിലായിരുന്നു. ഞാനന്ന് ചാർട്ടേഡ് അക്കൗണ്ടൻസി ചെയ്യുകയാണ്. അവളും അതേ ക്ലാസിലായിരുന്നു. എന്റെ വീട് എതിർഭാഗത്തേക്ക് ആണെങ്കിലും, അവൾ താമസിക്കുന്നിടത്തേക്ക് ഞാനെന്നും ട്രെയിനിൽ പോകുമായിരുന്നു. എങ്ങനെയോ എനിക്ക് ഇഷ്ടമാണെന്ന് അവൾ തിരിച്ചറിഞ്ഞു. പ്രണയത്തിലായി. നാലുവർഷം ഞങ്ങളുടെ ബന്ധം നീണ്ടുനിന്നു', സിദ്ധാന്ത് പറഞ്ഞുതുടങ്ങി.

'തുടർന്നാണ് ദൗർഭാഗ്യകരമായ ആ വേർപിരിയലുണ്ടാവുന്നത്. എനിക്ക് നടനാവണം എന്നായിരുന്നു ആഗ്രഹം. അവൾക്ക് 24 വയസ്സിനുള്ളിൽ വിവാഹം കഴിക്കണമെന്നും. ഞാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എനിക്കുവേണ്ടി കാത്തിരിക്കാമോയെന്ന് ഞാൻ ചോദിച്ചു. കാത്തുനിൽക്കുമെന്ന് അവൾ പറഞ്ഞു, കാത്തുനിന്നു. എന്നാൽ, അത് എനിക്ക് കൂടുതൽ സമ്മർദമുണ്ടാക്കുന്നതായി അവൾക്ക് മനസിലായി', സിദ്ധാന്ത് പറഞ്ഞു.

'നിന്റെ മുമ്പിലുള്ളത് വലിയ യാത്രയാണെന്നും അത് സമ്മർദ്ദരഹിതമായിരിക്കണമെന്നും അവൾ എന്നോട് പറഞ്ഞു. അതിനാൽ, നിന്റെ സ്വപ്‌നങ്ങളെ പിന്തുടരൂ, നമുക്ക് പിരിയാമെന്നും അവൾ പറഞ്ഞു. ഈ വേർപിരിലിന്റെ ഫലമായി വിലപ്പെട്ടത് എന്തെങ്കിലും നീ നേടണമെന്നും പറഞ്ഞ് അവൾ പോയി', സിദ്ധാന്ത് ഓർത്തെടുത്തു.

'ഗള്ളി ബോയ് പുറത്തിറങ്ങിയപ്പോൾ അവളായിരുന്നു ആദ്യസന്ദേശം അയച്ചത്. 'നീ നിന്റെ വാക്കുപാലിച്ചു' എന്നായിരുന്നു അത്. അപ്പോഴേക്കും അവൾ വിവാഹിതയായിരുന്നു', താരം കൂട്ടിച്ചേർത്തു.