
മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിനെക്കുറിച്ചുള്ള ഓർമകളുമായി അദ്ദേഹത്തിന്റെ ഭാര്യ സുശീല വേണു. സജീവമായി എപ്പോഴും കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ മുഖമാണ് എപ്പോഴും മനസിലെന്ന് അവർ മാതൃഭൂമി ന്യൂസിനോടുപറഞ്ഞു. ആ ശബ്ദവും അതിന്റെ മുഴക്കവുമെല്ലാം എവിടെവെച്ച് കേട്ടാലും അറിയാം. അതുകാരണമാണ് ടി.വി പോലും വെയ്ക്കാത്തത്. അഭിനയരംഗത്തേക്ക് വന്നില്ലായിരുന്നെങ്കിൽ സംഗീതജ്ഞനായേനേയെന്നും അവർ ഷെമിൻ സെയ്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ 2 പൂർത്തീകരിച്ച് സിനിമയായി വന്നതിൽ സന്തോഷമുണ്ടെന്ന് സുശീല വേണു പറഞ്ഞു. "അദ്ദേഹം പോയതിനുശേഷം ടിവിയിൽ പോലും അദ്ദേഹത്തിന്റെ മുഖം കണ്ടിട്ടില്ല. കാണുന്നത് സങ്കടമാണ്. ആശുപത്രിയിൽവെച്ചുപോലും, ഐ.സിയുവിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുൻപുവരെ ഞങ്ങൾ സംസാരിച്ചിരുന്നു. അന്ന് രാവിലെയും ഒരുമിച്ചിരുന്ന് സംസാരിച്ചിരുന്നു. സജീവമായി എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആ മുഖമാണ് മനസിൽ. അതിങ്ങനെ പിടിച്ച് നിലനിർത്തിയിരിക്കുകയാണ്.
അദ്ദേഹം നഷ്ടപ്പെട്ടുപോയി, ഇനി തിരിച്ചുവരില്ലെന്നൊക്കെ അറിയാം. പഴയ ഓർമകൾ പച്ചപിടിപ്പിച്ച് നിർത്തിയിരിക്കുകയാണ്. ആ ശബ്ദവും അതിന്റെ മുഴക്കവുമെല്ലാം എവിടെവെച്ച് കേട്ടാലും അറിയാം. അതുകാരണമാണ് ടി.വി പോലും വെയ്ക്കാത്തത്. അപ്പുറത്തെ മുറിയിൽ നിൽക്കുന്നതുപോലെ തോന്നും. സത്യത്തിൽ സിനിമ കാണാൻ സമയം കിട്ടാറേയില്ല. പിന്നെ വീടിന്റെ മൊത്തം ചുമതല എനിക്കായിരുന്നു. എന്റെ കാര്യങ്ങളും താത്പര്യങ്ങളും ഞാൻ മാറ്റിവെച്ചു. എന്നാലേ സമയം തികയൂ. എന്നിട്ടും ഞാൻ തമാശയായി പറയുമായിരുന്നു ഞാനിവിടെ ഓവർടൈം ചെയ്യുകയാണെന്ന്.
പരമശാന്തനായ വ്യക്തിയായിരുന്നു നെടുമുടി വേണുവെന്ന് സുശീല പറഞ്ഞു. ദേഷ്യമെന്താണെന്നുപോലും അറിയില്ലായിരുന്നു. കുഞ്ഞുങ്ങളോടും മുതിർന്നവരോടുമെല്ലാം ഒരുപോലെ. പിണങ്ങിയിരിക്കാനൊന്നും പറ്റില്ല. ഞാൻ പിണങ്ങിയാലും പുള്ളിക്ക് മനസിലാവില്ല. അതോടെ പിണങ്ങുന്നത് ഞാനും നിർത്തി. എപ്പോഴും ഏതെങ്കിലും പാട്ട് പാടിക്കൊണ്ടേ നടക്കൂ. എല്ലാത്തരം പാട്ടും കേൾക്കും. വീട്ടിൽ പാട്ടുവെയ്ക്കും. അഭിനയരംഗത്തേക്ക് വന്നില്ലായിരുന്നെങ്കിൽ സംഗീതജ്ഞനായേനേ. വാദ്യോപകരണങ്ങളോടും വലിയ ഇഷ്ടമായിരുന്നു. ഇരിക്കുകയാണെങ്കിൽ അതിലൊക്കെ ഇങ്ങനെ കൊട്ടിക്കൊണ്ടിരിക്കും. പലതരം ശബ്ദങ്ങളേക്കുറിച്ചെല്ലാം ഞങ്ങളോട് പറയുമായിരുന്നു." സുശീല വേണു പറഞ്ഞു.
തമിഴിൽനിന്ന് അദ്ദേഹത്തിന് ഒരുപാട് ഓഫറുകൾ വന്നിരുന്നു. അവിടത്തെ രീതിയുമായി ചേർന്നുപോകാൻ പറ്റുന്നില്ലെന്നാണ് പുള്ളി പറഞ്ഞത്. കാരണം നമ്മളിവിടെ സിനിമ ആസ്വദിക്കുകയാണല്ലോ ചെയ്യുന്നത്. അവിടെ ഭയങ്കര ആരാധനയാണ്. ആ ആരാധന പുള്ളിക്കിഷ്ടമല്ല. കമൽഹാസനുമായി നേരത്തേ തന്നെ അടുപ്പമുണ്ട്. എല്ലാ വേഷങ്ങളും ചെയ്തില്ലേ, ഇനി മലയാളത്തിൽ നിൽക്കാതെ തമിഴിലേക്ക് വന്നുകൂടേ എന്ന് കമൽ ചോദിക്കുമായിരുന്നു. പക്ഷേ വേണുച്ചേട്ടൻ വലിയ താത്പര്യം കാണിച്ചില്ലെന്നും സുശീല വേണു കൂട്ടിച്ചേർത്തു.
Content Highlights: shusheela venu about her huband and late actor nedumudi venu
Published: 12 Jul 2024, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented