നടി ശ്രുതി ഹാസൻ അടുത്തിടെ അപൂർവ ജനിതകരോഗമുള്ള ഒരു പെൺകുട്ടിയെ സഹായിച്ചിരുന്നു. ഇപ്പോഴിതാ ശ്രുതിയുടെ സഹായ മനസ്ഥിതിയേക്കുറിച്ച് പെൺകുട്ടിയുടെ കുടുംബം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. കുട്ടിക്കൊപ്പമുള്ള ശ്രുതിയുടെ ചിത്രങ്ങളും വീ‍ഡിയോയും സഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

To advertise here,

ശ്രുതിയുള്ളതുകൊണ്ടു മാത്രമാണ് തങ്ങളുടെ മകൾ ജീവിച്ചിരിക്കുന്നതെന്ന് കുടുംബം പറയുന്നു. കൂടിക്കാഴ്ച്ച വാക്കുകൾക്കതീതമായിരുന്നുവെന്ന് കുറിപ്പിലുണ്ട്. ശ്രുതിയുടെ പ്രൈവറ്റ് സ്പേസിലേക്ക് ക്ഷണിച്ചതുതന്നെ അപൂർവമായ സമ്മാനമാണ്, അവിടെ കുടുംബത്തേപ്പോലെയാണ് സ്വീകരിച്ചത്. മകളോട് വളരെ ക്ഷമയോടെയും ആത്മാർഥതയോടെയും പെരുമാറി. അത്രത്തോളം വിനീതയായ പെൺകുട്ടിയാണ് ശ്രുതി ഹാസനെന്നും കുറിപ്പിലുണ്ട്.

എംഎസ്എംഡി(Mendelian Susceptibility to Mycobacterial Diseases) എന്ന ജനിതകരോഗമുള്ള മകൾക്കായി ശ്രുതി സഹായഹസ്തം നീട്ടിയതിനേക്കുറിച്ച് നേരത്തേയും കുടുംബം കുറിപ്പ് പങ്കുവെച്ചിരുന്നു.

2023-ൽ ജനിച്ച മകൾക്ക് 2025-ൽ മജ്ജ മാറ്റി വെക്കേണ്ടി വന്നിരുന്നു. അന്ന് ദൈവത്തെപ്പോലെ മുന്നിലെത്തിയത് ശ്രുതിയാണെന്നും മകളെ പെട്ടെന്ന് ആശുപത്രിയിലാക്കിയപ്പോൾ ശ്രുതിയും ടീമുമാണ് എല്ലാ സഹായവുമായി എത്തിയതെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. മകൾക്ക് മികച്ച വൈദ്യസഹായം നൽകാനായത് ശ്രുതി കാരണമാണ്, വൈകാരികമായും സാമ്പത്തികമായും തങ്ങളെ സഹായിച്ചു. ശ്രുതി കാരണമാണ് മകൾ ഇന്ന് ജീവിച്ചിരിക്കുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു.