കണ്ണൂർ: ജീനുകളിൽ വരുന്ന മാറ്റങ്ങളാണ് ഉത്കണ്ഠാരോഗങ്ങൾക്ക് സാധ്യതയൊരുക്കുന്നതെന്ന് പഠനം. ഉത്കണ്ഠാ സാധ്യതയ്ക്ക് കാരണമാകുന്ന 58 ജനിതക വകഭേദങ്ങൾ തിരിച്ചറിഞ്ഞ പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇത്തരം മാനസികപ്രശ്നങ്ങൾക്ക് കാരണം ഒരൊറ്റ ‘ഉത്കണ്ഠാ ജീൻ’ ആണെന്ന നിഗമനത്തെ മാറ്റിമറിക്കുന്നതാണ് പുതിയ കണ്ടെത്തൽ. ഉത്കണ്ഠാരോഗങ്ങളെ മുൻകൂട്ടി പ്രതിരോധിക്കാൻ പുതിയ ഗവേഷണഫലം വഴിയൊരുക്കാമെന്നതാണ് സവിശേഷത. ‌

To advertise here,

യു.എസിലെ ടെക്സസ് എ ആൻഡ് എം സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ 1.2 ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ ഒരു ‘ജീനോം-വൈഡ് അസോസിയേഷൻ’ പഠനത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഈ രംഗത്ത് ഒരു കുതിച്ചുചാട്ടത്തിനുതന്നെ കാരണമായേക്കും.

ആധുനിക ജീവിതശൈലിയിലൂടെ കടന്നുപോകുന്ന ഏതൊരു വ്യക്തിയെയും ബാധിക്കാവുന്ന ഒരു മാനസികപ്രശ്നമാണ് ഉത്കണ്ഠയുമായി (ആങ്സൈറ്റി ഡിസോഡർ) ബന്ധപ്പെട്ടുള്ളവ. അമിതഭയം, ആശങ്ക, പിരിമുറുക്കം എന്നിവയാൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മാനസികാരോഗ്യപ്രശ്നങ്ങളാണ് ഉത്കണ്ഠാരോഗങ്ങൾ. മസ്തിഷ്ക പ്രവർത്തനങ്ങളെ ശാന്തമാക്കാൻ സഹായിക്കുന്ന രാസ പരിവാഹകരായ ഗാമ-അമിനോ ബ്യൂട്ടൈറിക് ആസിഡിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടതാണ് ജീനുകളിലെ വകഭേദങ്ങൾ. നാച്വർ ജനറ്റിക്സ് ജേണലിൽ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുൻകരുതലെടുക്കാം

വ്യക്തികളിലെ ഉത്കണ്ഠാസാധ്യത വർധിപ്പിക്കുന്ന ജനിതക ഘടകങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുക വഴി ഇത്തരത്തിലുള്ള വ്യക്തികളിൽ ഗുരുതരമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ ഒരു മനോരോഗ വിദഗ്ധന്‍റെ നിർദേശങ്ങളനുസരിച്ചുള്ള മുൻകരുതലുകളെടുക്കാനും രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ള അറിവുകൾ നേടാനും രോഗലക്ഷണങ്ങളെ അകറ്റിനിർത്താനും വ്യക്തികൾക്ക് കഴിയുന്നു.

പുതിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഉത്കണ്ഠാരോഗ ചികിത്സയിൽ ജീൻ തെറാപ്പിയെക്കുറിച്ചുള്ള ഗവേഷണങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഉത്കണ്ഠയ്ക്ക് കാരണമാകുന്ന പ്രത്യേക ജീനുകൾക്ക് നേരിട്ട് മാറ്റം വരുത്താനോ അവയുടെ പ്രവർത്തനം ക്രമീകരിക്കാനോ ജീൻ തെറാപ്പിയിലൂടെ സാധിച്ചേക്കും.ഡോ. പി.എൻ.സുരേഷ് കുമാർ, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി, കോഴിക്കോട്