അശ്ലീലച്ചുവയുള്ള ഗാനങ്ങൾ പാടുന്നതിനെതിരെ നേരത്തേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളയാളാണ് ബോളിവുഡ് ഗായിക ശ്രേയ ഘോഷാൽ. ചിക്നി ചമേലി പോലുള്ള ഗാനങ്ങൾ ഇനി റെക്കോഡ് ചെയ്യില്ലെന്ന ശ്രേയയുടെ പരാമർശം സാമൂഹികമാധ്യമത്തിൽ ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ശ്രേയ.
ചിക്നി ചമേലി പോലുള്ള ഗാനങ്ങൾ പാടുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും ഇനി അത്തരം ഗാനങ്ങൾ റെക്കോഡ് ചെയ്യാനുള്ള അവസരം ലഭിച്ചാൽ അതിനെ കൂടുതൽ ബോധവതിയായി കൈകാര്യം ചെയ്യുമെന്നുമാണ് ശ്രേയ പറഞ്ഞത്. ഒരു പോഡ്കാസ്റ്റിനിടെയാണ് ശ്രേയ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ചിക്നി ചമേലിക്കുശേഷം സ്ത്രീകളെ വെറും വസ്തുവായി കാണുന്ന തരത്തിലുള്ള ഗാനങ്ങൾ റെക്കോഡ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ അത് നിഷേധിച്ചുവെന്നും ശ്രേയ പറഞ്ഞു.
ചിക്നി ചമേലി പാടുന്ന സമയത്ത് തനിക്ക് എന്താണ് അതിന്റെ അർഥമെന്ന് പൂർണമായി മനസ്സിലായിരുന്നില്ല. ചിലവരികളുടെ അർഥം പൂർണമായി ഗ്രഹിക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എന്താണ് റെക്കോർഡ് ചെയ്യുന്നത് എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്താറുണ്ട്. ഒരു ഗാനം ഹിറ്റായാൽ, അത് എല്ലാസ്ഥലത്തും പാടേണ്ടിവരും, ചിലപ്പോൾ കുട്ടികൾക്ക് മുന്നിൽപ്പോലും. അത് തന്നെ അസ്വസ്ഥപ്പെടുത്താത്ത വിധമായിരിക്കണം എന്നാണ് ശ്രേയ പറയുന്നത്.
ചിക്നി ചമേലിയേക്കുറിച്ച് വിമർശിക്കുമ്പോഴും സംഗീത പരിപാടികളിൽ അവ പാടുന്നുവെന്ന വിമർശനത്തോടും ശ്രേയ പ്രതികരിച്ചു. തനിക്ക് ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് പാടുന്നത്. പക്ഷേ അത്തരം ഗാനങ്ങൾ ഇനി റെക്കോഡ് ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇത് തന്റെ പാട്ടാണ് എന്നും അതൊരിക്കലും നിഷേധിക്കാനാവില്ലെന്നും ശ്രേയ പറഞ്ഞു.
2025-ൽ ലില്ലി സിങ്ങുമായി സംസാരിക്കവേയാണ് ചിക്നി ചമേലിപോലുള്ള ഗാനങ്ങൾ താൻ ഇനി പാടില്ലെന്ന് ശ്രേയ പറഞ്ഞത്. വരികളുടെ അർഥമറിയാതെ ചെറിയ പെൺകുട്ടികൾപോലും ഇവ പാടിനടക്കുന്നത് കണ്ടിട്ടുണ്ട്. അഞ്ചോ, ആറോ വയസ്സുള്ള പെൺകുട്ടിയൊക്കെ ആ വരികൾ പാടുന്നത് ശരിയല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അന്ന് ശ്രേയ പറഞ്ഞിരുന്നു.
Content Highlights: Shreya Ghoshal provides clarity on her previous remarks against singing songs with suggestive lyrics like 'Chikni Chameli'.
Published: 04 Mar 2026, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented