ഈ അപകടകരമായ അനുഭവത്തിന് ശേഷവും പ്രൊമോഷൻ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ശിവ രാജ്കുമാർ തീരുമാനിച്ചത്.

കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ബെയിൽ (Bail) എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. കർണാടകയിലെ ചിത്രദുർഗയിലാണ് അപകടം ഉണ്ടായത്. ചിത്രദുർഗയിലുള്ള ബസവേശ്വര തിയേറ്ററിൽ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ശിവ രാജ്കുമാർ എത്തിയിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ തിയേറ്ററിലേക്ക് നടന്നുപോകുമ്പോൾ അദ്ദേഹത്തിന് തൊട്ടടുത്തുവെച്ച് പെട്ടെന്ന് പടക്കം പൊട്ടുകയായിരുന്നു. വലിയൊരു അപകടത്തിൽനിന്നാണ് താരം രക്ഷപ്പെട്ടത്.
തിയേറ്ററിലെത്തിയ ശിവരാജ്കുമാറിന് ആരാധകരും തിയേറ്റർ മാനേജ്‌മെന്റും വൻ വരവേൽപ്പാണ് നൽകിയത്. എന്നാൽ, അദ്ദേഹം അകത്തേക്ക് പ്രവേശിക്കുന്നതിനിടെ അപ്രതീക്ഷിതമായി തൊട്ടടുത്തുവെച്ച് പടക്കം പൊട്ടുകയും അതിൽനിന്നുള്ള തീപ്പൊരികൾ അദ്ദേഹത്തിന്റെ ശരീരത്തിലേക്കു തെറിക്കുകയും ചെയ്തു. അപകടം മനസിലാക്കിയ താരം ഉടനടി തന്റെ മുഖവും തലയും കൈകൾ കൊണ്ട് മറച്ചു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ചുറ്റും നിന്ന് സുരക്ഷയൊരുക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടകരമായ അനുഭവത്തിന് ശേഷവും പ്രൊമോഷൻ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ശിവരാജ്കുമാർ തീരുമാനിച്ചത്. അദ്ദേഹം ആരാധകരുമായും തിയേറ്റർ മാനേജ്‌മെന്റുമായും സാധാരണ പോലെ സംസാരിക്കുകയും പരിപാടി പൂർത്തിയാക്കുകയും ചെയ്തു. അതേസമയം, ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആരാധകർ വലിയ ആശങ്ക പ്രകടിപ്പിച്ചു. പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയെയും മോശം ക്രമീകരണങ്ങളെയും ആരാധകർ വിമർശിച്ചു.
മൂത്രാശയ അർബുദ (bladder cancer) ബാധയെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്ന ശിവരാജ്കുമാർ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അടുത്തിടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. രോഗമുക്തി നേടിയ അദ്ദേഹം വീണ്ടും സിനിമകളിൽ സജീവമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവിലുണ്ടായ പ്രധാന ചിത്രങ്ങളിലൊന്നാണ് 'ബെയിൽ'. കൂടാതെ, അദ്ദേഹത്തിന്റെ കാൻസർ അതിജീവനത്തെയും ജീവിതയാത്രയെയും ആസ്പദമാക്കി സർവൈവർ - എ സൂപ്പർസ്റ്റാർ ഡോക്യുമെന്ററി എന്ന പ്രോജക്റ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
നിലവിൽ നിരവധി ഭാഷകളിലായി വൻപദ്ധതികളുടെ ഭാഗമാണ് ശിവരാജ്കുമാർ. അടുത്തിടെ തെലുങ്കിൽ പെദ്ദി എന്ന ചിത്രത്തിൽ അദ്ദേഹം വേഷമിട്ടിരുന്നു. തമിഴിൽ 'ജയിലർ 2', 'പിക്കാസോ' എന്നീ സിനിമകളിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. കന്നഡയിൽ 'ഡാഡ്', '666 ഓപ്പറേഷൻ ഡ്രീം തിയേറ്റർ', 'എ ഫോർ ആനന്ദ്' എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നു. ഇത്രയും വലിയ അപകടസാധ്യത ഉണ്ടായിട്ടും പരിപാടി ഉപേക്ഷിക്കാതെ മുന്നോട്ടുപോയ താരത്തിന്റെ പ്രൊഫഷണലിസത്തെ ആരാധകർ പ്രശംസിക്കുമ്പോഴും, പൊതുപരിപാടികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.
Content Highlights: Kannada superstar Shiva Rajkumar miraculously escaped unhurt when fireworks exploded dangerously close to him during a promotional event for his upcoming film Bail at a theater in Chitradurga, Karnataka.
Published: 07 Oct 2026, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented