ആരാധകരുടെ ശിവണ്ണാ എന്നുള്ള വിളിയും പോസിറ്റീവ് സമീപനവുമൊന്നും പണത്തിന് വേണ്ടിയായിരുന്നില്ല. എല്ലാം സ്നേഹത്തിനുവേണ്ടി മാത്രമായിരുന്നെന്നും താരം പറഞ്ഞു.

തനിക്ക് അർബുദം സ്ഥിരീകരിച്ച നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞ് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ. യഥാർത്ഥ സ്നേഹം അനുഭവിച്ച ദിനങ്ങളായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. പലപ്പോഴും മരണം തൊട്ടടുത്ത് നിൽക്കുന്നതുപോലെ തോന്നി. ശസ്ത്രക്രിയ കഴിഞ്ഞ് തിരികെ വന്നപ്പോൾ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ആ ഊർജം എവിടെനിന്ന് വന്നുവെന്ന് അറിയില്ലെന്നും ശിവരാജ്കുമാർ പറഞ്ഞു. 45 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തമിഴ് മാധ്യമമായ ബിഹൈൻഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗാവസ്ഥയിൽ കുടുംബവും ആരാധകരും ഉൾപ്പെടെ എല്ലാവരും പിന്തുണച്ചെന്ന് ശിവരാജ്കുമാർ പറഞ്ഞു. ആരാധകരിൽ പലരും തന്റെ നേർക്ക് സങ്കടം അടക്കിപ്പിടിച്ച് നോക്കുകയായിരുന്നു. പക്ഷേ അവരുടെ കണ്ണുകളിൽ എന്തായിരുന്നെന്ന് തനിക്ക് മനസിലാവും. മേക്കപ്പ് മിററിൽ നോക്കുമ്പോൾ ഇത് അവസാനമായിരിക്കുമോ എന്ന് തോന്നിയിട്ടുണ്ട്. ആരാധകരുടെ ശിവണ്ണാ എന്നുള്ള വിളിയും പോസിറ്റീവ് സമീപനവുമൊന്നും പണത്തിന് വേണ്ടിയായിരുന്നില്ല. എല്ലാം സ്നേഹത്തിനുവേണ്ടിമാത്രമായിരുന്നെന്നും താരം പറഞ്ഞു.
"എനിക്കെന്നെ ഏല്പിച്ച ജോലി പൂർത്തിയാക്കണമായിരുന്നു. പാതിവഴിയിൽ നിർത്തിപ്പോയി എന്ന് ആർക്കും തോന്നാൻ ഇടവരരുത്. അതുകൊണ്ടാണ് ജോലിയെല്ലാം തീർത്തശേഷം മാത്രം ചികിത്സയ്ക്ക് പോയത്. ദൈവം സഹായിച്ച് കീമോ ചെയ്തതിനുശേഷം മുടി കൊഴിഞ്ഞില്ല. എനിക്ക് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. ആ ഊർജം എവിടെനിന്ന് വന്നുവെന്ന് അറിയില്ല. ഷൂട്ടിങ് കഴിഞ്ഞ് ചികിത്സയ്ക്ക് പോകുമ്പോൾ ചുറ്റുമുള്ളവർ കരയുന്നത് കണ്ടു. യഥാർത്ഥ സ്നേഹം ഞാനവിടെ കണ്ടു." ശിവരാജ്കുമാറിന്റെ വാക്കുകൾ.
അങ്ങനെയൊക്കെ തോന്നാൻ താൻ അവർക്ക് ആരായിരുന്നുവെന്ന് ശിവരാജ്കുമാർ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. ഒരു നടൻ മാത്രമായിരുന്നോ? അതോ അതിനും മേലെ എന്തെങ്കിലുമായിരുന്നോ? ഇതിലുപരി ജീവിതത്തിൽ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞവർഷമാണ് ശിവരാജ്കുമാറിന് മൂത്രാശയത്തിൽ അർബുദം സ്ഥിരീകരിച്ചത്. 2024 ഡിസംബർ 24-ന് യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലാണ് (എംസിഐ) അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഈ വർഷം ജനുവരി ഒന്നിന് താൻ രോഗമുക്തനായെന്ന് താരം അറിയിച്ചു.
Content Highlights: Shivarajkumar's Brave Battle: Cancer, Mortality, and the Power of True Love
Published: 26 Dec 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented