ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് പുണ്യാളൻ അഗർബത്തീസ്. 2013-ൽ ഇറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. 2017-ലാണ് ചിത്രം തിയേറ്ററിലെത്തിയത്.

To advertise here,

ജയസൂര്യ അവതരിപ്പിച്ച ജോയ് താക്കോൽക്കാരൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ അനു ജോയ് എന്ന വേഷത്തിൽ നൈല ഉഷയാണ് ആദ്യഭാഗത്തിൽ അഭിനയിച്ചത്. എന്നാൽ, രണ്ടാംഭാഗത്തിൽ നൈലയുടെ കഥാപാത്രമുണ്ടായിരുന്നില്ല. മരിച്ചുപോയതായാണ് ചിത്രത്തിൽ കാണിക്കുന്നത്. ഇപ്പോഴിതാ, എന്തുകൊണ്ട് താൻ രണ്ടാംഭാഗത്തിൽ ഇല്ലാതെ പോയി എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നൈല ഉഷ.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന 'മായൻ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലാണ് നടി ചോദ്യത്തിന് മറുപടി നൽകിയത്. എന്തുകൊണ്ട് രണ്ടാംഭാഗത്തിലുണ്ടായിരുന്നില്ല എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'അത് നിങ്ങൾ ജയേട്ടനോട് തന്നെ ചോദിക്ക്. ജയേട്ടൻ പറയും എന്നോട് ചോദിക്കേണ്ട, സിനിമയുടെ സംവിധായകനോട് ചോദിക്ക്', എന്നായിരുന്നു നൈലയുടെ ആദ്യമറുപടി. എന്നാൽ, പിന്നീട് നടി ചോദ്യത്തിന് വിശദമായ മറുപടി നൽകി.

'പുണ്യാളൻ അഗർബത്തീസ് 2-ന്റെ തിരക്കഥ ഞാൻ കേട്ടു. എനിക്കത്ര ഇഷ്ടപ്പെട്ടില്ല. ഞാൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ അവരെന്നെ പടമാക്കിയതാണ്', എന്നാണ് നൈല പറഞ്ഞത്. ജയസൂര്യയെ സദസ്സിലിരുത്തിയായിരുന്നു നൈലയുടെ മറുപടി.

ALSO READ | മകളെ കറുത്തച്ഛന് ബലി കൊടുത്തോ?; ഇരുട്ടിന്റെ ലോകത്തേക്ക് പ്രേക്ഷകരെ ഞെട്ടിക്കാൻ 'മായൻ' ചാപ്റ്റർ 1'; ട്രെയ്‌ലർ പുറത്തിറങ്ങി

പിന്നീട് 'മായൻ' എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും ജയസൂര്യയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും നടി വാചാലയായി. സിനിമയിലെ തന്റെ ആദ്യത്തെ സുഹൃത്താണ് ജയസൂര്യയെന്ന് നൈല ഉഷ പറഞ്ഞു. പുണ്യാളൻ അഗർബത്തീസിന് ശേഷം ജയസൂര്യയുമായി ഒന്നിക്കുന്ന സിനിമയാണ് 'മായൻ'. സിമി എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്നും നടി പറഞ്ഞു.

പുണ്യാളനിൽനിന്ന് തീർത്തും വ്യത്യസ്തമായ ജോണറാണ് 'മായന്റേ'തെങ്കിലും, കഥാപാത്രങ്ങളായ ഭാര്യയും ഭർത്താവുമായി തങ്ങൾ മുൻ സിനിമയിലേതുപോലെ തന്നെയാണെന്നും നൈല ഉഷ വ്യക്തമാക്കി. ജയസൂര്യയെ കിട്ടുമ്പോൾ തന്റെ ഭാര്യാ കഥാപാത്രത്തിന് മാറ്റം വരില്ല. വളരെയധികം സ്‌നേഹമുള്ള, മനസിലാക്കുന്ന, പുണ്യാളനിൽ എങ്ങനെ കണ്ടോ, അതേ സ്‌നേഹത്തോടെ അദ്ദേഹത്തിന്റെ കൂടനിൽക്കുന്ന കഥാപാത്രമാണ് 'മായനി'ൽ തന്റേതെന്നും നടി കൂട്ടിച്ചേർത്തു.

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മായൻ: ചാപ്റ്റർ വൺ'. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദ് ആണ് ചിത്രത്തിന്റെ നിർമാണം. ഡിസംബർ മൂന്നിന് ചിത്രം തിയേറ്ററിലെത്തും.

ജേസൺ വർഗീസ് എന്ന പോലീസ് കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്. നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.