-
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ മത്സരാര്‍ഥിക്ക് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. അധ്യാപകനും പ്രാസംഗികനുമായ രജിത് കുമാറിനാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ വലിയ സ്വീകരണം നല്‍കിയത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇത് വലിയ വിവാദമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കുന്നതിനിടെ കൊറോണയെക്കുറിച്ച് രജിത് കുമാര്‍ നടത്തിയ പരാമര്‍ശവും വലിയ വിവാദമായിരിക്കുകയാണ്. ''കൊറോണയെ എനിക്ക് പേടിയില്ല. കാരണം മനസ്സിന് ശുദ്ധിയില്ലെങ്കില്‍ കൊറോണ വരും. മനസ്സിന് ശുദ്ധിയുണ്ടെങ്കില്‍ കൊറോണ വരില്ല'' -എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഷാന്‍ റഹ്മാന്റെ കുറിപ്പ് വായിക്കാം
മണ്ടരത്തിന്റെ ഏറ്റവും വലിയ അവസ്ഥയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടത്. മാസ്‌ക് പോലും ധരിക്കാതെ വിയര്‍ത്ത് കുളിച്ച് മഹത്‌വ്യക്തിക്കൊപ്പം ചിത്രം പകര്‍ത്തുന്നു (അദ്ദേഹം പറയുന്നു മനസ്സ് ശുദ്ധമാണെങ്കില്‍ കൊറോണ വരില്ല എന്ന്. ഗോമൂത്രം കൊറോണയില്‍ നിന്ന് രക്ഷിക്കും എന്ന് പറയുന്നതിന് തുല്യമാണത്). അവിടെ കാണിച്ച നിരുത്തരവാദിത്തപരമായ പ്രവര്‍ത്തിക്ക് നിങ്ങള്‍ എല്ലാവരും ഉത്തരവാദികളാണ്. ഈ പകര്‍ച്ചാവ്യാധിയുടെ ഭീതി ഒഴിയുവരെ നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു. ജനക്കൂട്ടം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നമുക്ക് മുന്നില്‍ ഉണ്ട്. തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്ക് കൊറോണയില്ലെന്ന് നിങ്ങള്‍ക്ക് എന്തുറപ്പാണുള്ളത്. ഒരു കൊച്ചു പെണ്‍കുട്ടിയെ ഒക്കത്തേറ്റി ആ വ്യക്തിക്കൊപ്പമുള്ള ഒരു ചിത്രം പകര്‍ത്താനായി തിക്കിത്തിരക്കി നില്‍ക്കുന്ന ഒരു വിഡ്ഢിയായ മനുഷ്യനെയും ഞാന്‍ അവിടെ കണ്ടു. ലോകം മുഴുവന്‍ പകര്‍ച്ചാവ്യാധിയോട് മല്ലിടുമ്പോള്‍ സൂപ്പര്‍താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന നേരത്ത് എന്തുകൊണ്ട് എന്നെ നോക്കിയില്ലെന്ന് ആ കുട്ടി ഒരിക്കല്‍ നിങ്ങളോട് ചോദിക്കും. ഈ മഹത്‌വ്യക്തി നിങ്ങളുടെ അസുഖം ഭേദപ്പെടുത്തുമോ? നിങ്ങള്‍ അതിനുള്ള ഉത്തരം കണ്ടെത്തിക്കോളൂ, അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്- ഷാന്‍ റഹ്മാന്‍ കുറിച്ചു.
മുന്നറിയിപ്പുകളെ കാറ്റില്‍ പറത്തി രജിത് കുമാറിന് സ്വീകരണം നടത്തിയ സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.
മനുഷ്യ ജീവനെക്കാളും വില താരാരാധനക്ക് കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിന് ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കുമെന്നും ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി- കളക്ടര്‍ വ്യക്തമാക്കി.
Content Highlights: Shaan Rahman slams Rajith Kumar fans violating corona restrictions Kochi Airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..