
കണ്ണൂർ: കുറ്റവാളി എത്രവിദഗ്ധമായി രക്ഷപ്പെട്ടാലും, എവിടെ ഒളിച്ചാലും മികവുള്ള കുറ്റാന്വേഷകരുടെ മുന്നിൽ ഒരുനാൾ കീഴടങ്ങേണ്ടിവരും എന്നതിന് മറ്റൊരു തെളിവായി ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്. കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷങ്ങൾക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മുഖ്യപ്രതിയെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എല്ലാ പ്രതികളും പിടിയിലായത് കേരളാ പോലീസിന്റെ തൊപ്പിയിൽ കുറ്റാന്വേഷണ മികവിന്റെ മറ്റൊരു പൊൻതൂവൽകൂടിയാകുകയാണ്.
അമ്മയും രണ്ടുമക്കളും അടക്കം മൂന്നുപേരായിരുന്നു കേസിലെ പ്രതികൾ. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കേസിലെ പ്രതികളും ഡൽഹി സ്വദേശികളുമായ പർവീൺ ബാനു(55), മകൾ സക്കീന ഫാത്തിമ(32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ ഉജ്ജ്വയിനിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ മധ്യപ്രദേശ് പോലീസിന്റെ സഹായത്തോടെയാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പർവീൺ ബാനുവിന്റെ മകനും മുഖ്യപ്രതിയുമായ അബ്ബാസ് അലിയും പിടിയിലായത്.
ചോരയിൽ കുളിച്ച് മൃതദേഹം, സ്ക്രൂഡ്രൈവർ കൊണ്ട് ശരീരമാസകലം കുത്ത്
2016 ഏപ്രിൽ 30-ന് ആണ് വീടിന് സമീപത്തെ സ്വന്തം ഉടമസ്ഥതയിലുള്ള വാടക ക്വാട്ടേഴ്സിൽ ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ മെരടൻ കുഞ്ഞാമിനയുടെ മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കസേരയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.
വായയിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. കാൽമുട്ടുകളും തല്ലിതകർത്തിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പാസ്പോർട്ട് ഓഫീസിൽ പോയ മക്കളായ അയ്യൂബ്, ഉമ്മർ എന്നിവർ വൈകീട്ട് ആറ് മണിയോടെ തിരിച്ചെത്തിയശേഷം ഉമ്മയെ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 10-നും വൈകിട്ട് അഞ്ചിനുമിടയിലാണ് കുഞ്ഞാമിന കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കസേരയിലിരുത്തി മാസ്കിങ് ടേപ്പ് കൊണ്ട് ദേഹമാകെ വരിഞ്ഞു ചുറ്റി വായിൽ തുണി തിരുകി സ്ക്രൂ ഡ്രൈവർ കൊണ്ട് നെഞ്ചത്തും വയറിലുമായി 19 തവണ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്. സിദ്ദിഖ് നഗർ-ഇരിക്കൂർ റോഡിന്റെ വലതുവശത്ത് മകൻ ഹസന്റെ ഇരുനില ക്വാർട്ടേഴ്സിന്റെ താഴത്തെ നിലയിലെ ഒന്നിലായിരുന്നു കുഞ്ഞാമിന.
തുണിവിൽപനക്കാർ എന്ന മേൽവിലാസം
കുഞ്ഞാമിനയെ മരിച്ചനിലയിൽ കണ്ടെത്തിയ ക്വാട്ടേഴ്സിൽ താമസിച്ചിരുന്നത് രണ്ട് സ്ത്രീകളും ഒരു യുവാവും അടങ്ങുന്ന ഇതര സംസ്ഥാനക്കാരായിരുന്നു. സംഭവം നടന്നശേഷം ഇവർ നാടുവിടുകയും ചെയ്തു. ഗുജറാത്തിലെ സൂറത്ത് സ്വദേശികളാണ് ഇവരെന്നാണ് ആദ്യം കണ്ടെത്തിയിരുന്നത്. തുണി വിൽപ്പനക്കെന്ന് പറഞ്ഞ് സംഭവത്തിന് ഒരു മാസം മുൻപാണ് മൂന്നു പേരും ക്വാട്ടേഴ്സിൽ താമസം തുടങ്ങിയത്. എന്നാൽ, ഇവിടെ നൽകിയിരുന്ന പേരും വിലാസവുമെല്ലാം വ്യാജമായിരുന്നു.
അന്നത്തെ മട്ടന്നൂർ സി.ഐ. ഷജു ജോസഫിനായിരുന്നു അന്വേഷണച്ചുമതല. കണ്ണൂർ എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ റാഫി അഹമ്മദ്, റെജി സ്കറിയ, കെ.ജയരാജ്, ബേബി ജോർജ്, ടി.വി.സുജിത്ത് എന്നിവരും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതുവരെ അന്വേഷണത്തിന് പിന്നിലുണ്ടായിരുന്നു.
നാട്ടുകാരുടെയും കർമസമിതിയുടെയും ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് ആദ്യ നാളുകളിൽ പ്രതികൾക്കായി മികച്ച രീതിയിൽ അന്വേഷണം നടത്തിയിരുന്നു. പിന്നീട് അന്വേഷണം പൂർണമായും നിലയ്ക്കുകയായിരുന്നു. പ്രതികളെത്തേടി എട്ട് സംസ്ഥാനങ്ങളിൽ കേസ് ആദ്യം അന്വേഷിച്ച പോലീസ് സംഘം എത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കടംവാങ്ങിയ 5000 രൂപ മടക്കിനൽകാൻ വന്ന സത്യസന്ധർ
വലിയ നിലയിൽ നടത്തിയിരുന്ന തുണി ബിസിനസ് പരാജയപ്പെട്ടുവെന്നും ഭർത്താവ് ഗൾഫിലാണെന്നും പറഞ്ഞ് മൂന്നു മാസം മുമ്പാണ് പ്രതികൾ ഇവിടെ ആദ്യം എത്തിയത്. മനസ്സലിഞ്ഞ് നാട്ടുകാർ ചേർന്ന് 5000 രൂപ പിരിവെടുത്തു കൊടുത്തു. നന്ദിപറഞ്ഞ് ഫോൺ നമ്പറും കൊടുത്ത് ഇവർ ദൂരെ ബിസിനസ് തുടങ്ങാനെന്ന് പറഞ്ഞ് മടങ്ങി. സഹായിച്ചവരുടെ ഫോണിൽ ഇടയ്ക്കിടെ ബന്ധപ്പെട്ടിരുന്ന ഇവർ രണ്ടുമാസം കഴിഞ്ഞ് മടങ്ങിവന്നു. ബിസിനസ് പച്ചപിടിച്ചെന്നും പിരിച്ചുനൽകിയ 5000 രൂപ തിരികെ തരാൻ വന്നുവെന്നുമാണ് പറഞ്ഞത്. അത് നാട്ടുകാർക്ക് അദ്ഭുതമായി.
ആരും പണം തിരികെ വാങ്ങിയില്ലെങ്കിലും നാടിന്റെ വിശ്വാസം ഇവർ ആർജിച്ചു. ഇവിടന്ന് ബിസിനസ് തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഹസ്സന്റെ ക്വാർട്ടേഴ്സിൽ താമസം ഏർപ്പാടാക്കി. ക്രമേണ കുഞ്ഞാമിനയും പരിസരവാസികളുമായി ഇവർ ആത്മബന്ധം ഉണ്ടാക്കി. അമ്മാവന്റെ നിർദേശപ്രകാരം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനമെന്ന് പറഞ്ഞ് കുറെ പേർക്ക് സൗജന്യമായി തുണി കൊടുത്തു. അമ്മാവന് അയച്ചുകൊടുക്കാനെന്ന് പറഞ്ഞ് കുറേപ്പേരിൽനിന്ന് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് വാങ്ങി.
ചോറുകൊടുത്ത കുഞ്ഞാമിനയെ കൊന്നത് ക്രൂരമായി
വിദേശത്ത് പോകാനുള്ള രേഖകൾ ശരിയാക്കാൻ കുഞ്ഞാമിനയുടെ മക്കൾ മട്ടന്നൂരിൽ പോയ ദിവസമാണ് കൊല നടത്തിയത്. മക്കൾ പോകുമെന്ന് തലേന്നേ ഇവർ മനസ്സിലാക്കിയിരുന്നു. കൃത്യം ചെയ്ത് മുങ്ങാനുള്ള മുന്നൊരുക്കമായി തങ്ങളുടെ വിലകൂടിയ ഫോൺ ഇരിട്ടിയിൽ ഒരു കടയിൽ വിറ്റു. നേരത്തെയുള്ള ചെറിയ ഫോൺമാത്രം കൈവശം വെച്ചു. കൊല നടന്ന ദിവസം ഇവർക്ക് കുഞ്ഞാമിനയാണ് ചോറുകൊടുത്തത്. മക്കൾ പോയി ഒറ്റയ്ക്കായ കുഞ്ഞാമിനയെ ബന്ധിച്ച് കസേരയിലിരുത്തി.
ദേഹത്തുണ്ടായിരുന്ന മാലയും മോതിരവും ഊരിയെടുത്തശേഷം വീട്ടിൽ സ്വർണവും പണവും ഇരിക്കുന്ന സ്ഥലം പറയാൻ ആവശ്യപ്പെട്ടാണ് സ്ക്രൂഡ്രൈവർ കൊണ്ട് പലതവണ കുത്തിയതെന്ന് പോലീസ് കരുതുന്നു. കുഞ്ഞാമിന ധരിച്ചിരുന്ന കമ്മൽ റോൾഡ് ഗോൾഡിന്റെതാണെന്ന് തിരിച്ചറിഞ്ഞ് അത് നിലത്തെറിഞ്ഞ നിലയിലായിരുന്നു. ഒരു വളയും. പക്ഷേ, ഇത് സ്വർണമായിരുന്നു. കൊലയ്ക്കുശേഷം വീടുപൂട്ടി പത്തരയോടെ ഓട്ടോറിക്ഷയിൽ മട്ടന്നൂരെത്തിയ പ്രതികൾ മറ്റൊരു ഓട്ടോയിൽ തലശ്ശേരിയിലെത്തി. അവിടന്ന് തീവണ്ടിയിൽ മംഗളൂരുവിലേക്ക് പോയെന്നായിരുന്നു കണ്ടെത്തൽ.
കൊലപാതകത്തിനുശേഷം സംഘം മംഗളൂരു വഴി മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മേയ് അഞ്ച് മുതൽ 15 വരെ ഇവിടെ റായ്ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്ന സംഘം തുടർന്ന് ഗുജറാത്തിലെ സൂറത്തിലുമെത്തി. ബെംഗളൂരു സ്വദേശിയിൽനിന്ന് തുണികൾ ഇറക്കിത്തരാമെന്ന് പറഞ്ഞ് ഇവിടേക്ക് വിളിച്ച് വരുത്തി 60,000 രൂപയും സംഘം ഇതിനിടെ തട്ടിയിരുന്നു. ഇവിടുന്ന് രാജസ്ഥാനിലെ അജ്മീറിലെത്തിയ സംഘം 21 മുതൽ വീണ്ടും റായ് ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. മേയ് 24 വരെ ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നതെങ്കിലും തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ സംഘം ഉപയോഗിച്ചിരുന്ന സിം കാർഡിലെ മേൽവിലാസം കർണാടക ഗുണ്ടൽപേട്ട് സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് പോലീസ് സംഘം ഇവിടെ എത്തിയെങ്കിലും ഇവർ ഇവിടെ വാടകയ്ക്ക് താമസിച്ചപ്പോൾ അയൽവാസിയായ യുവതിക്ക് മാക്സി വിൽപ്പന നടത്തി സിം കാർഡ് കൈവശപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായി. ഗുജറാത്തിലെ പോർബന്തർ സ്വദേശികളാണെന്നാണ് ഇവർ ഇവിടെ പറഞ്ഞിരുന്നത്.
10 സംസ്ഥാനങ്ങളിൽ നൂറോളം കവർച്ചകൾ
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നൂറോളം കവർച്ചാ കേസുകളിൽ പ്രതികളാണ് മൂവർ സംഘമെന്ന് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കേരള പോലീസ് കണ്ടെത്തി.
2013 ജനുവരിയിൽ ആന്ധ്രാപ്രദേശിലെ ഓംഗോളിൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയതാണ് ഇതിൽ ഏറ്റവും വലിയ കവർച്ച. തുടർന്ന് സംഘം ഹൈദരാബാദിലേക്ക് രക്ഷപ്പെട്ടു. ഇവിടെ ഡോ. ജോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെ ഓംഗോൾ പോലീസ് ഇവിടെയെത്തി മൂവർ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 37 ദിവസം ജയിലിലും കിടന്നു. പിന്നീട് നാലായിരം രൂപ വീതം കൈപ്പറ്റി ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത ഗുണ്ടൂർ സ്വദേശികളായ ശ്രീലക്ഷ്മി, നളിനി എന്നീ രണ്ട് യുവതികളാണ് ഇവരെ ജാമ്യത്തിലെടുത്തത്.
പണത്തിനുവേണ്ടി മാത്രമാണ് തങ്ങൾ ജാമ്യം നിന്നതെന്നും പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും തങ്ങൾക്കറിയില്ലെന്നുമാണ് ഇവർ കേരള പോലീസിനോട് ചോദ്യം ചെയ്യലിൽ പറഞ്ഞത്. ഇതിനുശേഷം ഇവിടുന്ന് മുങ്ങിയ പ്രതികൾക്കെതിരെ ഓംഗോൾ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെയും സംഘം വ്യാജ പേരും മേൽവിലാസവുമാണ് നൽകിയിരുന്നത്. ഇവിടുന്ന് വെല്ലൂരിലെത്തിയ സംഘം ലോഡ്ജിൽ ഹൈദരാബാദ് മേൽവിലാസമുള്ള വ്യാജ പാൻകാർഡാണ് നൽകിയിരുന്നത്.
വിശാഖപട്ടണം ജിജി കോളജിലെ ഒരു അധ്യാപികയുടെ തിരിച്ചറിയൽ കാർഡ് തട്ടിയെടുത്താണ് സംഘം പാൻ കാർഡ് ഉണ്ടാക്കിയത്. ഇവിടെ ഹനുമൺ റാവുവിന്റെ ഉടമസ്ഥതയിലുള്ള രഘു ടവേഴ്സിൽ ഇവർ ആറ് മാസത്തോളം താമസിച്ചിരുന്നു. ഇവിടെയും വ്യാപക തട്ടിപ്പുകൾ നടത്തിയശേഷം മുങ്ങുകയായിരുന്നു.
കേരളത്തിലെത്തിയത് 2016-ൽ; ഇവിടെയും നിരവധി കവർച്ചകൾ
2016 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഷൊർണൂർ, മാനന്തവാടി, തിരുവനന്തപുരം, ചാവക്കാട് എന്നിവിടങ്ങളിലും സംഘം തട്ടിപ്പ് നടത്തിയിരുന്നു. പ്രതികളിലൊരാളായ സ്ത്രീ തന്റെ ഭർത്താവ് വിദേശത്താണെന്നും അവിടെ തുണി വ്യവസായമാണെന്നും ചെറിയ വിലയ്ക്ക് കമ്പിളി ഇറക്കിത്തരാമെന്നും പറഞ്ഞ് ഷൊർണൂർ സ്വദേശിയിൽനിന്ന് രണ്ടര ലക്ഷം രൂപയാണ് തട്ടിയത്.
65 ലക്ഷം, 45 ലക്ഷം എന്നിങ്ങനെ വില മതിക്കുന്ന തങ്ങളുടെ രണ്ട് വീടുകൾ വില്പന നടത്താനുണ്ടെന്ന് പറഞ്ഞ് മാനന്തവാടി സ്വദേശി അഷ്റഫിൽനിന്ന് 2.25 ലക്ഷം രൂപയും തട്ടി. ചെറിയ വിലയ്ക്ക് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽനിന്ന് 65,000 രൂപയും കവർന്നു. ചാവക്കാട് സ്വദേശി ഇല്യാസിൽ നിന്ന് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് 55, 000 രൂപയാണ് തട്ടിയത്. ഇയാളുടെ ബാങ്ക് പാസ് ബുക്കുമായി കടന്ന സംഘം ഇതിൽ കൃത്രിമം നടത്തിയാണ് ഉത്തരാഖണ്ഡിൽ ഹോട്ടലിൽ മുറിയെടുക്കാൻ ഉപയോഗിച്ചത്. ഇതിൽ ഷൊർണൂർ കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നെങ്കിലും സംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല.
മൈസുരുവിൽനിന്ന് ഇരിക്കൂറിലേക്ക്
ഇരിക്കൂറിലെ കൊലപാതകത്തിന് മുൻപ് മൈസുരുവിലെ ഹോട്ടലിൽ സംഘം താമസിച്ചിരുന്നു. ആര്യ കുമാർ, കോയമ്പത്തൂർ എന്ന വിലാസമാണ് ഇവിടെ നൽകിയിരുന്നത്. ഇരിക്കൂറിലും ഗുണ്ടൽപേട്ടിലും മുസ്ലിം വേഷത്തിലെത്തിയിരുന്ന സംഘം ബെംഗളുരു, മൈസൂർ, വെല്ലൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം ഹൈന്ദവ വേഷധാരികളായാണ് താമസിച്ചിരുന്നത്.
മൈസുരുവിൽ നിന്നാണ് ചെങ്കോട്ട, പുനലൂർ, കായംകുളം വഴി സംഘം ഇരിക്കൂറിലെത്തിയത്. കമ്പനികളിൽ നിന്ന് നേരിട്ട് തുണിയെടുത്ത് കുറഞ്ഞ വിലയ്ക്ക് വീടുകളിൽ നൽകുന്ന തൊഴിലാണെന്നാണ് ഇവർ ഇരിക്കൂറുള്ളവരോട് പറഞ്ഞിരുന്നത്. പരിസരവാസികളുടെ വിശ്വസ്തരാവാനും ഇവർക്ക് കഴിഞ്ഞിരുന്നു. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തിരിച്ചറിയൽ രേഖയുടെ പകർപ്പ് തന്നാൽ കുറഞ്ഞ വിലയ്ക്ക് തുണിത്തരങ്ങൾ കിട്ടുമെന്ന് പറഞ്ഞ് ചിലരുടെ രേഖകളുടെ പകർപ്പ് ഇവർ കൈക്കലാക്കിയിരുന്നു. ഹോട്ടലുകളിലും ക്വാട്ടേഴ്സുകളിലും താമസ സൗകര്യം ലഭിക്കാൻ ഇവർ ഇത്തരം രേഖകൾ ഉപയോഗിച്ചിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.
പ്രലോഭനം, ഭീഷണി, ആഡംബര ജീവിതം
സൗഹൃദം സ്ഥാപിച്ച് പണം വാങ്ങിക്കുന്ന രീതിയാണ് ആദ്യകാലത്ത് പല സ്ഥലങ്ങളിലും ഇവർ പ്രയോഗിച്ചിരുന്നത്. പണം തിരിച്ച് ചോദിച്ചാൽ മകളെ കടന്നുപിടിച്ചെന്ന് ആരോപിച്ച് ആളുകളെ കൂട്ടുന്നതായിരുന്നു പതിവ്. പിന്നീട് തട്ടിപ്പിന്റെ രീതി മാറ്റി.
വാടകവീടെടുത്ത് പ്രദേശം നിരീക്ഷിച്ചശേഷം മോഷണം തുടങ്ങി. ആറുമാസം കൂടുമ്പോൾ താമസസ്ഥലം മാറുന്നതും ഇവരുടെ രീതിയാണ്. കവർച്ചചെയ്ത പണം കൊണ്ട് ആഡംബരജീവിതം നയിക്കുകയാണ് ചെയ്യുന്നത്. വിലകൂടിയ ഫ്ലാറ്റുകൾ വാടകയ്ക്കെടുത്താണ് ഡൽഹിയിലും മറ്റും താമസിച്ചത്. മാത്രമല്ല വിമാനയാത്രയും ഇവരുടെ വിനോദമാണ്. തീവണ്ടികളിൽ എ.സി. കംപാർട്ട്മെന്റിലാണ് യാത്രചെയ്യുന്നത്.
ബുദ്ധികേന്ദ്രം മാതാവ്; തെളിവുകൾ ബാക്കിവെക്കാത്ത തന്ത്രം
മാതാവും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ബുദ്ധികേന്ദ്രം മാതാവ് പർവീൺ ബാനുവാണ്. മകൾ സക്കീനാ ഫാത്തിമയും മകനും കവർച്ച നടത്താൻ കൂട്ടിനുമുണ്ട്. എട്ടാം ക്ലാസുമാത്രം വിദ്യാഭ്യാസമുള്ള പർവീൺ ബാനു ഇംഗ്ലീഷ്, മലയാളം, തെലുഗു, കന്നഡ, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നിവ ഉൾപ്പെടെ ഏഴ് ഭാഷകൾ സംസാരിക്കും. കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ താമസിച്ച് കളവ് നടത്തിയിട്ടുണ്ട്. തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കറങ്ങി കവർച്ച നടത്തി. പല സ്ഥലങ്ങളിലും വ്യാജ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
കണ്ണൂർ ഇരിക്കൂറിൽ എത്തിയപ്പോൾ സൗമ്യ രംഗാവാല, സമീറ രംഗാവാല, ഇല്യാസ് എന്നീ പേരുകളാണ് പറഞ്ഞത്. ഓരോ സ്ഥലത്തും എത്തുമ്പോൾ ഫോണും സിം കാർഡും കളഞ്ഞ് പുതിയത് വാങ്ങും. തട്ടിപ്പ് പിടിച്ചാൽ പഴയ ഫോണിലെ റെക്കോഡ് പോലീസിന് മനസ്സിലാകാതിരിക്കാനുള്ള തന്ത്രമായിരുന്നു.
പിൻതുടർന്ന് പിടിച്ചു; ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവ്
കുഞ്ഞാമിനയുടെ കൊലപാതകക്കേസിൽ പ്രതികളാരെന്ന് തിരിച്ചറിഞ്ഞതായി ഹൈക്കോടതിയിലടക്കം പോലീസ് പറഞ്ഞിട്ടുണ്ടെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പോയിട്ടും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും അന്വേഷണം ആരംഭിച്ചിടത്ത് തന്നെ നിശ്ചലമായി.
ബന്ധുക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെയും സജീവ് ജോസഫ് എം.എൽ.എയുടെ ഇടപെടലിന്റെയും അടിസ്ഥാനത്തിൽ 2021-ൽ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ച് കുഞ്ഞാമിനയുടെ മക്കളിൽ നിന്നും മൊഴിയെടുക്കുകയും പരിസരവാസികളോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ഒടുവിൽ കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷത്തിന് ശേഷമാണ് മുഖ്യപ്രതികൾ പിടിയിലാകുന്നത്.
Content Highlights: Main accused arrested by Crime Branch from Delhi 10 years after the murder of Kunjamina., The 2016 crime involved a brutal murder and robbery of 10 sovereigns of gold., The accused operated across multiple states using fake names and multiple languages., Mastermind Parveen Banu and accomplices used sophisticated tactics to evade law enforcement for a decade.
Published: 17 Nov 2026, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented