നവംബര്‍ രണ്ടിനായിരുന്നു ഷാരൂഖ് ഖാന്റെ 60-ാം ജന്മദിനം. ഐപിഎല്‍ ഫ്രാഞ്ചൈസായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളിലൊരാള്‍ കൂടിയായ ഷാരൂഖിന് ജന്മദിനം ആശംസിച്ച് ക്രിക്കറ്റ് രംഗത്തെ നിരവധി പ്രമുഖരുമെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍, ഐപിഎല്‍ ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമ സഞ്ചീവ് ഗോയങ്ക, ഇന്ത്യന്‍ താരം റിങ്കുസിങ് എന്നിവര്‍ അക്കൂട്ടത്തിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളാണ് റിങ്കു സിങ്.

To advertise here,

റിങ്കു സിങ്ങിന്റെ ജന്മദിനാശംസ പോസ്റ്റിന് കീഴില്‍ നന്ദിയും സ്‌നേഹവും അറിയിച്ച ഷാരൂഖ് വിവാഹമെന്നാണെന്നും റിങ്കുവിനോട് ചോദിച്ചു. ജൂണ്‍ എട്ടിനാണ് റിങ്കു സിങ്ങും പാര്‍ലമെന്റ് അംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായ പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. 2025 നവംബര്‍ 18 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വാരാണസിയിലെ താജ് ഹോട്ടല്‍ ഇതിനായി ബുക്ക് ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് മറ്റൊരു തീയ്യതിയിലേക്ക് മാറ്റിവെച്ചു. 2026 ഫെബ്രുവരിയിലേക്കാണ് വിവാഹം മാറ്റിവെച്ചതെന്നാണ് വിവരം. തീയ്യതി താമസിയാതെ പ്രഖ്യാപിച്ചേക്കും. ഇന്ത്യയുടെ വിവിധ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ഈ തീയ്യതികളില്‍ നടക്കുന്നതിനാലാണ് വിവാഹം മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രിയാ സരോജിനെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് റിങ്കു സിങ് ഓഗസ്റ്റില്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

'2022 ല്‍ കോവിഡ് കാലത്ത്, മുംബൈയില്‍ ഐപിഎല്‍ നടക്കുന്ന സമയത്താണ് എല്ലാത്തിന്റേയും തുടക്കം. എന്റെ ഒരു ഫാന്‍ പേജില്‍ പ്രിയയുടെ ഗ്രാമത്തിലെ വോട്ടിങുമായി ബന്ധപ്പെട്ട ഒരു ചിത്രം ഉണ്ടായിരുന്നു. പ്രിയയുടെ സഹോദരിയാണ് ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത്. ഫാന്‍ പേജില്‍ അത് പങ്കുവെച്ച് സഹായിക്കാന്‍ അവര്‍ ആവശ്യപ്പെട്ടുകാണുമെന്നാണ് തോന്നുന്നത്. പ്രിയയുടെ ഫോട്ടോകണ്ട് എനിക്ക് ഇഷ്ടമായി. എനിക്ക് അവള്‍ ചേരുമെന്ന് തോന്നി. അവള്‍ക്കൊരു മെസേജ് അയച്ചാലോ എന്ന് തോന്നിയിരുന്നു. പക്ഷെ പിന്നീട് അത് ശരിയാവില്ലെന്ന് തോന്നി. '

ഇന്‍സ്റ്റഗ്രാമില്‍ പ്രിയ തന്റെ ചില ചിത്രങ്ങള്‍ ലൈക്ക് ചെയ്തതിന് ശേഷമാണ് താന്‍ ആദ്യമായി സന്ദേശങ്ങള്‍ അയച്ചതെന്ന് റിങ്കു പറഞ്ഞു.

അവള്‍ എന്റെ ചില ചിത്രങ്ങള്‍ ലൈക്ക് ചെയ്തു. അപ്പോള്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ അവള്‍ക്ക് സന്ദേശം അയച്ചു. അങ്ങനെയാണ് എല്ലാം ആരംഭിച്ചത്. ശേഷം ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഒന്നോ രണ്ടോ ആഴ്ചയോടെ ഞങ്ങള്‍ സ്ഥിരം സംസാരിക്കുന്നവരായി മാറി. മാച്ചുകള്‍ക്ക് മുമ്പ് സംസാരിക്കും, 2022 മുതലാണ് അവളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. റിങ്കു പറഞ്ഞു.