ബോളിവുഡിലെ കിങ് ഖാൻ എന്നാണ് സൂപ്പർ സ്റ്റാറായ ഷാരൂഖ് ഖാനെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ എന്നതിലുപരി ബില്ല്യണയർ ക്ലബ്ബിൻ പ്രവേശിച്ച ലോകത്തിലെ ഒരേയൊരു നടൻ കൂടിയാണ് ഷാരൂഖ് ഖാൻ. ഹുറുൺ റിച്ച് ലിസ്റ്റ് 2025 അനുസരിച്ച് 12,490 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. അതായത് ഏകദേശം 1.4 ബില്ല്യൺ ഡോളറിന്റെ ആസ്തി ഷാരൂഖ് ഖാന് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ട്. സെലിബ്രിറ്റി വെൽത്ത് മാനേജർ ദീപക് ഹിരോ വസീരാനിയാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

ഷാരൂഖ് ഖാന്റെ വിജയം യാദൃശ്ചികമല്ല, അത് വളരെ തന്ത്രപരമായി സൃഷ്ടിച്ചെടുത്ത ഒന്നാണ്. അദ്ദേഹം നല്ലൊരു ബിസിനസുകാരനാണ്. വളരെയേറെ വായിക്കുന്ന ഒരു വ്യക്തിയാണ് ഷാരൂഖ്. ഒരു കാലഘട്ടത്തിൽ അദ്ദേഹത്തെ പോലെ ഒരാൾ മാത്രമേ ഉണ്ടാകൂവെന്നാണ് ദീപക് പറയുന്നത്. അദ്ദേഹത്തിന്റെ പണം ഞാൻ കൈകാര്യം ചെയ്യുന്നില്ല. അത് ചെയ്യാൻ സാധിച്ചെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹം 18 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മന്നത്ത് എന്ന വീടിന്റെ ഇന്നത്തെ മൂല്യം 300 കോടി രൂപയാണ്. ഇങ്ങനെയാണ് അദ്ദേഹം വ്യത്യസ്തനാകുന്നതെന്നും ദീപക് കൂട്ടിച്ചേർത്തു.

വീടിന്റെ കാര്യം ഒരു റിയൽ എസ്റ്റേറ്റ് ബിസിനസാണെന്ന് കരുതാം. എന്നാൽ, അദ്ദേഹം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം വാങ്ങുമ്പോൾ ഉണ്ടായിരുന്ന വിലയുടെ 50 ഇരട്ടിയാണ് ഇപ്പോഴുള്ള വില. ഷാരൂഖ് ഖാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ പങ്കാളിയായത് സംബന്ധിച്ച് അടുത്തിടെ കരൺ ജോഹർ, സാർഥക് അഹൂജയുമായുള്ള സംഭാഷണത്തിലും പരാമർശിച്ചിരുന്നു. 2007-ൽ ടീമിന്റെ ഫ്രാഞ്ചൈസിക്ക് 300 കോടി രൂപയോളം മൂല്യമുണ്ടായിരുന്നപ്പോൾ ഷാരൂഖ് ഖാൻ ടീമിന്റെ 55 ശതമാനം ഓഹരിയാണ് വാങ്ങിയത്.

ജനുവരിയിലെ റിപ്പോർട്ട് അനുസരിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ അദ്ദേഹത്തിന്റെ ഓഹരി 35 ശതമാനം കൂടി വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരം. ഇത് ഏകദേശം 4000 കോടി രൂപയുടെ ഇടപാട് ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. തന്റെ ക്രിക്കറ്റ് ടീമുമായി വളരെയേറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ഷാരൂഖ്. അദ്ദേഹം ആ ടീമിനൊപ്പം സമയം ചിലവഴിക്കുകയും മത്സരം നടക്കുമ്പോൾ മണിക്കൂറുകൾ സ്റ്റേഡിയത്തിൽ നിന്നുമൊക്കെയാണ് ടീമിന്റെ മൂല്യം ഉയർത്തിയതെന്നാണ് കരൺ ജോഹർ അഭിപ്രായപ്പെടുന്നത്.