ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടായ മന്നത്ത് നവീകരിക്കുന്നതിനെതിരായ ഹർജി തള്ളി സുപ്രീം കോടതി. മുംബൈയിൽ നിന്നുള്ള ആക്ടിവിസ്റ്റായ സന്തോഷ് ദൗണ്ട്കറാണ് ഹർജി നൽകിയത്. ആളുകൾക്ക് നിയമപരമായി തങ്ങളുടെ വീടുകൾ പുതുക്കിപ്പണിയാൻ കഴിയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

To advertise here,

മന്നത്ത് നവീകരിക്കാൻ മതിയായ അനുമതികളും പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ആരോപിച്ചാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ നിന്നുള്ള അനുമതി വീട് നവീകരണത്തിന് ആവശ്യമാണെന്നും നിയമങ്ങൾ ലംഘിച്ചാണ് ഇപ്പോൾ നവീകരണ പ്രവൃത്തികൾ നടക്കുന്നതെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷൊഹൈബ് ആലം വാദിച്ചു. അഞ്ച് കോടി രൂപയ്ക്കുമേൽ മൂല്യമുള്ള നിർമാണ പ്രവൃത്തികൾക്ക് ഈ അംഗീകാരങ്ങൾ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വാദത്തിനിടെ ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയെ സുപ്രീം കോടതി ചോദ്യം ചെയ്തു. ഈ ബംഗ്ലാവ് സ്വകാര്യ സ്വത്താണെന്നും അതിന്റെ ഉടമകൾക്ക് വേണമെങ്കിൽ അത് നിയമം അനുസരിച്ച് നവീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. വിഷയം ദേശീയ ഹരിത ട്രൈബ്യൂണലിന് (എൻജിടി) വിടണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അത് നിരസിച്ചു. ഈ കേസിൽ കോടതി ഒരാളുടെ ജനപ്രീതിയാലോ സെലിബ്രിറ്റി പദവിയാലോ സ്വാധീനിക്കപ്പെടുന്നില്ല എന്നും കോടതി വ്യക്തമാക്കി.