വിമാനത്തിൽ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്ന കേസിൽ പ്രതികരണവുമായി ഹോളിവുഡ് നടി സെൽമ ബ്ലെയർ. നടി ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തിന് പിന്നിൽ പുറത്തുവന്നതിനേക്കാൾ വലിയ യാഥാർഥ്യങ്ങളുണ്ടെന്നും നടിയുടെ പ്രതിനിധി അറിയിച്ചു. ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ നടിക്ക് പെട്ടെന്ന് ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം.

To advertise here,

കേവലം പോലീസിന്റെ പ്രസ്താവനയും വർഷങ്ങൾക്ക് മുമ്പുള്ള വാർത്തകളും അടിസ്ഥാനമാക്കിയാണ് നിലവിലെ പ്രചാരണങ്ങളെന്ന് നടിയുടെ വക്താക്കൾ അറിയിച്ചു. വിമാനത്തിന്റെ വാതിൽ തുറക്കാൻ നടി ശ്രമിച്ചെന്ന വാർത്തകൾ അവർ തള്ളി.

ദീർഘകാലമായി മൾട്ടിപ്പിൾ സ്‌ക്ലെറോസിസ് (എം.എസ്) എന്ന നാഡീവ്യൂഹ സംബന്ധമായ രോഗത്തോട് പോരാടുന്ന വ്യക്തിയാണ് സെൽമ. 2018-ലാണ് തനിക്ക് രോഗബാധയുണ്ടെന്ന് നടി വെളിപ്പെടുത്തിയത്. 2021-ൽ രോഗാവസ്ഥയിൽ ആശ്വാസം ലഭിച്ചതായി അറിയിച്ചിരുന്നെങ്കിലും ഇന്നും അവർ കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

വ്യക്തിയുടെ വൈകാരിക പ്രകടനങ്ങളെ ബാധിക്കുന്ന 'സ്യൂഡോബൾബാർ അഫക്ട്' എന്ന അപൂർവ നാഡീവ്യൂഹ തകരാറും നടിക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇത് പെട്ടെന്ന് നിയന്ത്രണമില്ലാതെ ചിരിക്കാനോ കരയാനോ ദേഷ്യപ്പെടാനോ ഇടയാക്കും. നടിയെ പരിചയമില്ലാത്ത ആളുകൾക്ക് അവരുടെ ശാരീരിക അസ്വസ്ഥതകൾ തെറ്റിദ്ധാരണയുണ്ടാക്കാൻ സാധ്യതയുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

ALSO READ | ഫ്ലൈറ്റ് അറ്റൻഡന്റിനെ കടിച്ചു; കസ്റ്റഡിയിൽ പോലീസിനും നഴ്‌സിനുമെതിരെ ആക്രമണം; ഹോളിവുഡ് നടി അറസ്റ്റിൽ

അറ്റ്ലാന്റയിൽനിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം. വിമാനത്തിൽ രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥനെയും നഴ്‌സിനെയും ആക്രമിച്ചെന്നാണ് 54-കാരിയായ നടിക്കെതിരെയുള്ള കേസ്. ആരോപണങ്ങൾ സെൽമ കോടതിയിൽ നിഷേധിച്ചു.

സംഭവത്തിൽ രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് പരിക്കേൽക്കുകയും ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നടിയുടെ കടിയേറ്റ പാടുകളും രക്തസ്രാവവും ഉണ്ടെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ സെൽമയെ ആശുപത്രിയിലേക്ക് മാറ്റി. എഫ്.ബി.ഐ. നടിക്കെതിരെ സമൻസ് അയച്ചിട്ടുണ്ട്.