ബോളിവുഡ് താരം അക്ഷയ് കുമാറും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. കോമഡി-ത്രില്ലർ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് സൂചന. നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ 1970-കളിലെ കടുവാ വേട്ടക്കാരന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നതെന്നാണ് വിവരം.

To advertise here,

പ്രിയദർശൻ സംവിധാനം ചെയ്യുന്ന 99-ാമത് ചിത്രമാണിത്. രമേശ് തൗറാനി നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാൻ, മുംബൈ എന്നിവിടങ്ങളിലായി മൂന്ന് മാസം നീണ്ടുനിൽക്കും. ഭോപ്പാലിലും ചിത്രീകരണമുണ്ടാവുമെന്നാണ് സൂചന. ചിത്രത്തിൽ അന്നു കപൂറും രാജ്പാൽ യാദവും പ്രധാന വേഷങ്ങളിലെത്തുന്നുണ്ടെങ്കിലും നായികയെ തീരുമാനിച്ചിട്ടില്ല.

ജിം കോർബറ്റിന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ പ്രമേയമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രിയദർശനും രോഹൻ ശങ്കറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ഭൂൽ ഭുലയ്യ, ദേ ദനാ ദൻ, ഖട്ടാ മീഠാ, ഭൂത് ബംഗ്ല എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കുശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം കൂടിയാവുമിത്.