ടി.വി. ഷോയിൽ അധിക്ഷേപിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ബോളിവുഡ് നടി രാഖി സാവന്തിനെതിരെ ജാമ്യമില്ലാ വാറന്റ്. ഉത്തർപ്രദേശിലെ ഝാൻസി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (ഫാസ്റ്റ് ട്രാക്ക്) കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി. 2010-ലാണ് കേസിന് ആസ്പദമായ സംഭവം.

To advertise here,

ഝാൻസിയിലെ ഹൻസാരി പ്രേംനഗർ സ്വദേശിയായ ലക്ഷ്മൺ അഹിർവാർ എന്ന യുവാവ് 2010 നവംബർ 10-ന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഖി സാവന്ത് കേസ് നേരിടുന്നത്. രാഖി സാവന്ത് അവതാരകയായ 'രാഖി കാ ഇൻസാഫ്' എന്ന ടെലിവിഷൻ ഷോയിൽ തന്നെ അധിക്ഷേപിച്ച് സംസാരിച്ചതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്ന് ഗവൺമെന്റ് പ്ലീഡർ മൃദുൽ കാന്ത് ശ്രീവാസ്തവ അറിയിച്ചു.

2010 ഒക്ടോബറിൽ സംപ്രേഷണം ചെയ്ത എപ്പിസോഡിൽ തന്റെ മകനെതിരെ രാഖി സാവന്ത് അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് ലക്ഷ്മണിന്റെ അമ്മ സാവിത്രിയാണ് പ്രേംനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ലക്ഷ്മണനെയും ഭാര്യ അനിതയെയും ഷോയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഭർത്താവുമായുള്ള ഭിന്നതയെ തുടർന്ന് അനിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.

വിചാരണ വേളയിൽ ഒന്നിലധികം തവണ കോടതി ആവശ്യപ്പെട്ടിട്ടും രാഖി സാവന്ത് ഹാജരാകാതിരുന്നതോടെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസ് ഡിസംബർ ഒന്നിലേക്ക് മാറ്റിവെച്ചു.