
രണ്ട് താരങ്ങൾ ഒരുമിച്ചുള്ള ഒരു ത്രോബാക്ക് ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. തമിഴിലെ മുതിർന്നതാരം സത്യരാജും മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലുമാണ് ചിത്രത്തിലുള്ളത്. കുഞ്ഞുഫഹദിനെ മടിയിലിരുത്തിയിരിക്കുകയാണ് ചിത്രത്തിൽ സത്യരാജ്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തേക്കുറിച്ചുള്ള കഥ പറഞ്ഞു സത്യരാജ്.
മലയാളത്തിലെന്നപോലെ തമിഴിലും ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനാണ് ഫാസിൽ. സത്യരാജിനെ നായകനാക്കി ഫാസിൽ രണ്ട് ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്. എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്, പൂവിഴി വാസലിലേ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ഫാസിൽതന്നെ സംവിധാനംചെയ്ത ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടവളയിലാണ് ഫാസിലിന്റെ വീട്ടിൽ പോയപ്പോഴാണ് സത്യരാജ് ഫഹദിനൊപ്പം ചിത്രമെടുത്തത്.
"കേരളത്തിൽ എങ്ങനെയാണെന്നുവെച്ചാൽ എല്ലാവരും അവരുടെ നാട്ടിൽത്തന്നെയായിരിക്കും. ആലപ്പുഴയിലാണ് പൂവിഴി വാസലിലേ, എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ ചിത്രങ്ങൾ ചിത്രീകരിച്ചത്. ഇതിൽ ബൊമ്മക്കുട്ടി അമ്മാവുക്ക് ഷൂട്ടിങ്ങിനിടെ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് കുഞ്ഞുഫഹദിനെ മടിയിലിരുത്തി ഫോട്ടോയെടുത്തത്. ഗംഭീരമായിരുന്നു ഫാസിൽ സാറിന്റെ വീട്ടിലെ ലോബ്സ്റ്റർ ബിരിയാണി. ഭക്ഷണം കഴിഞ്ഞശേഷമായിരുന്നു ഈ ചിത്രമെടുത്തത്. മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു." സത്യരാജ് പറഞ്ഞു.
ജിത്തു മാധവൻ സംവിധാനംചെയ്ത ആവേശം ആണ് ഫഹദിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. 150 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. തെലുങ്കിൽ പുഷ്പ: ദ റൂൾ, തമിഴിൽ മാരീസൻ, രജനികാന്ത് നായകനാവുന്ന വേട്ടയൻ എന്നിവയാണ് ഫഹദിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ. സിംഗപ്പുർ സലൂൺ ആണ് സത്യരാജിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.
Content Highlights: sathyaraj and fahadh faasil throwback photo viral
Published: 07 Jun 2024, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented