ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തുന്ന കൂലി എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് സത്യരാജാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 38 കൊല്ലത്തിന് ശേഷമാണ് സത്യരാജ് രജനിക്കൊപ്പം അഭിനയിക്കുന്നത്. വളരെക്കാലങ്ങളായി രജനിയും സത്യരാജും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിച്ചാണ് കൂലിയില്‍ ഒന്നിക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
1980 കളില്‍ രജിനിയും സത്യരാജും ഒരുപിടി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തൊന്നൂറുകളിലെ ഒരു അഭിമുഖത്തില്‍ അന്യസംസ്ഥാനത്തെ താരങ്ങള്‍ക്ക് തമിഴ്‌സിനിമയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുവെന്നും തങ്ങളെപ്പോലുള്ളവരെ മാറ്റി നിര്‍ത്തുന്നുവെന്നും സത്യരാജ് പറഞ്ഞതായി ഗോസിപ്പുകളുണ്ടായിരുന്നു. അത് രജിനിയ്‌ക്കെതിരേയുള്ള പരാമര്‍ശമായി ചിലര്‍ വ്യാഖ്യാനിച്ചു. പിന്നീട് തമിഴ്‌നാട്- കര്‍ണാടക കാവേരി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് സിനിമാക്കാര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സത്യരാജിന്റെ പ്രസംഗത്തില്‍ രജിനിയ്‌ക്കെതിരേ പരാമര്‍ശങ്ങളുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വിവാദമുണ്ടായി.
രജിനി-സത്യരാജ് പിണക്കത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി വര്‍ഷങ്ങളായെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഈയിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജിനിയും താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കി. 'വെപ്പണ്‍' എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു സത്യരാജിന്റെ പ്രതികരണം.
താനും രജനികാന്തും തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സത്യരാജ് പറഞ്ഞത്. 38 കൊല്ലത്തെ ഇടവേളയ്ക്കിടയില്‍ രജനികാന്തിന്റെ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും. എന്നാല്‍ എന്തുകൊണ്ടാണ് അത് നിരസിച്ചതെന്നും സത്യരാജ് വിശദീകരിച്ചു.
ജനികാന്തിന്റെ രണ്ട് സിനിമകളിലേക്ക് എന്നെ വിളിച്ചിരുന്നു. എന്നാല്‍ അത് എനിക്ക് നിരസിക്കേണ്ടി വന്നു. ആദ്യത്തേത് 'ശിവാജി', മറ്റൊന്ന് 'എന്തിരന്‍'. എന്തിരനില്‍ ഡാനി ഡെന്‍സോങ്പ ചെയ്ത വേഷം ചെയ്യാന്‍ എന്നെയാണ് സമീപിച്ചത്. രണ്ടിലും ഞാന്‍ തൃപ്തനായില്ല. അതിനാല്‍ ചെയ്തില്ല. അല്ലാത്തപക്ഷം, രജനികാന്തുമായി എന്ത് പ്രശ്നമാണ് എനിക്ക്-' സത്യരാജ് പറഞ്ഞു.
'കൂലി'യില്‍ രജനികാന്തിന്റെ സുഹൃത്തായാണോ വില്ലനായാണോ അഭിനയിക്കുന്നത് എന്ന ചോദ്യത്തിന്, പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗിക പ്രഖ്യാപനം നടത്തട്ടെ എന്ന് പറഞ്ഞ് സത്യരാജ് അതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
Content Highlights: Sathyaraj clarifies no fallout with Rajinikanth, cinema gossip
Published: 06 Jun 2024, 08:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented