ഇന്നത്തെ കാലത്ത് ജോലി കുറച്ചുകൂടി എളുപ്പമാണെന്ന് ശരത്കുമാർ അഭിപ്രായപ്പെട്ടു.

ശരത്കുമാർ | ഫോട്ടോ: വി. രമേഷ്\ മാതൃഭൂമി
ആക്ഷൻ ഹീറോ ആകുമ്പോൾ റിസ്ക് കൂടുതലായിരിക്കുമെന്ന് തമിഴ് നടൻ ശരത്കുമാർ. പുതിയ ചിത്രത്തിന്റെ പ്രചാരണാർത്ഥം ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അറുപതടി ഉയരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ഒരുതരം ഭയമായി. ആ ഭയം മാറ്റാൻ കൂടുതൽ സാഹസികത നിറഞ്ഞ മറ്റൊരു സംഘട്ടനരംഗത്തിലൂടെയാണ് സാധിച്ചതെന്നും ശരത്കുമാർ പറഞ്ഞു.
ഇന്നത്തെ കാലത്ത് ജോലി കുറച്ചുകൂടി എളുപ്പമാണെന്ന് ശരത്കുമാർ അഭിപ്രായപ്പെട്ടു. അന്നൊക്കെ ഉയരത്തിൽനിന്ന് ചാടാൻ പറഞ്ഞാൽ ചാടണം. ഇന്നത്തെപ്പോലെ റോപ് ഒന്നുമില്ല. ബാലചന്ദ്രുഡു എന്നൊരു സിനിമ ചെയ്യുന്ന സമയം. മഹേഷ് ബാബുവിന്റെ മൂന്നാമത്തെ സിനിമയാണ്. ഒരു രംഗമെടുക്കുന്നതിനിടെ അറുപതടി ഉയരത്തിൽ വീഴുകയും കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സി4 സി5 എല്ല് പൊട്ടുകയായിരുന്നു. ഇടുപ്പിൽനിന്ന് ഒരെല്ല് എടുത്തുവെച്ചാണ് അതുറപ്പിച്ചതെന്നും താരം ഓർത്തെടുത്തു.
"നട്ടെല്ലിനുണ്ടാകുന്ന പരിക്ക് ചെറുതായിരിക്കില്ലെന്ന് അറിയാമല്ലോ. പുനർജന്മം എന്നാണ് പറയേണ്ടത്. രണ്ട് പ്ലേറ്റും സ്ക്രൂവും ഉപയോഗിച്ച് മുറുക്കിവെയ്ക്കുകയായിരുന്നു. ആ അപകടത്തിൽ വോക്കൽ കോർഡിന്റെ വലതുഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. അന്നുണ്ടായ പേടി മാറ്റാൻ വീണ്ടും ഉയരത്തിൽനിന്ന് ചാടേണ്ടിവന്നു. മായി എന്ന ചിത്രത്തിനുവേണ്ടി 80 അടി ഉയരത്തിൽനിന്നാണ് ചാടിയത്. കനൽ കണ്ണൻ ആയിരുന്നു സംഘട്ടനസംവിധായകൻ. സംശയം പ്രകടിപ്പിച്ചുനിന്നപ്പോൾ പ്രഭുദേവ ഇങ്ങനെയൊരു ഫൈറ്റ് ചെയ്തിട്ടുണ്ടെന്ന് മാസ്റ്റർ പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്റെ നിർബന്ധത്തിനുവഴങ്ങി ഷോട്ടെടുക്കാൻ തയ്യാറായി.
കെട്ടിടത്തിന് താഴെ രണ്ട് സുഹൃത്തുക്കൾ നിൽക്കുന്നുണ്ടായിരുന്നു. എന്നോട് താഴെയിറങ്ങിവരാൻ അവർ പറയുമെന്ന് കരുതി. പക്ഷേ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു അവർ. എന്തുംവരട്ടെ എന്നുകരുതി ആ രംഗം ചെയ്തു." ശരത്കുമാർ കൂട്ടിച്ചേർത്തു.
പൊൻറാം സംവിധാനം ചെയ്യുന്ന കൊമ്പുസീവി ആണ് ശരത്കുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അന്തരിച്ച നടൻ വിജയകാന്തിന്റെ മകനായ ഷണ്മുഖ പാണ്ഡ്യനാണ് നായകനാവുന്നത്. ഈ മാസം 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlights: Sarathkumar's Near-Fatal Fall: "Action Heroes Face Constant Risk"
Published: 16 Dec 2025, 09:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented