പുറത്തിറങ്ങി ഇരുപത്തഞ്ചു ദിവസം പിന്നിടുമ്പോൾ 150 കോടിയുടെ പ്രഭയിൽ വിളങ്ങുകയാണ് ആടുജീവിതം. കൊച്ചിയിൽ നടന്ന ഇരുപത്തഞ്ചാം ദിനാഘോഷച്ചടങ്ങിൽ ചിത്രത്തിലെ നായകനും ഡിസ്ട്രിബ്യൂട്ടറുമായ പൃഥ്വിരാജ്, സംവിധായകൻ ബ്ലെസ്സി തുടങ്ങിയവരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്തു. ചടങ്ങിൽ വച്ച് ആടുജീവിതത്തിന്റെ വിജയത്തെപ്പറ്റിയും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും മറ്റും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.

To advertise here,

സന്തോഷ്‌ ജോർജ്ജ് കുളങ്ങര മോഡറേറ്റർ സ്ഥാനം വഹിച്ച ചർച്ചയിൽ പ്രമുഖ മാധ്യമപ്രവർത്തകരായ ശ്രീകണ്ഠൻ നായർ, അഭിലാഷ്, പ്രമോദ് രാമൻ, റാഷിദ്, ജെവിൻ ടുട്ടു തുടങ്ങിയവരും പങ്കെടുത്തിരുന്നു. മലയാളത്തിൽ ഇതിനുമുൻപും ഇരുപത്തഞ്ചുദിവസം ഓടിയ ധാരാളം സിനിമകളുണ്ടായിട്ടുണ്ട്. പക്ഷേ ഈ സിനിമയിലൂടെ നമുക്ക് മലയാളത്തിന്, കേരളത്തിന്‌ ലോകത്തിനു മുന്നിലേക്ക് വയ്ക്കാൻ നമുക്കൊരു സൃഷ്ടി കിട്ടിയിരിക്കുന്നു. ഭാഷാഭേദത്തിന് അതീതമായി ആളുകൾ ഉൾക്കൊണ്ട സിനിമയാണ് ആടുജീവിതം. പല മേഖലകളിലൂടെ സിനിമകളെ ശക്തമായി വിമർശിക്കുന്നവർ പോലും ഈ ചിത്രത്തെ പുകഴ്ത്തുന്നുണ്ട്. ഇനി ചർച്ചചെയ്യപ്പെടേണ്ടത്, ഈ സിനിമയെ കേരളം എങ്ങനെ പ്രയോജനപ്പെടുത്താൻ പോകുന്നു, ഈ സിനിമയിലൂടെ കേരളസമൂഹം എങ്ങനെ മലയാളഭാഷയെ ലോകത്തിനു മുന്നിൽ എത്തിക്കാൻ പോവുന്നു എന്നതാണ്, അതാണ്‌ ചർച്ചാവിഷയമാവേണ്ടത് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് സന്തോഷ്‌ ജോർജ്ജ് കുളങ്ങര ചർച്ച ആരംഭിച്ചത്.

കോവിഡ് അനന്തര ലോകത്ത് പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽപ്പോലും മലയാള സിനിമകൾ ചെന്നെത്താൻ തുടങ്ങിയിരിക്കുന്നു എന്നും, ഇന്റർനെറ്റ് വഴി മറ്റു രാജ്യങ്ങളിലേക്ക് ഈ സിനിമ സഞ്ചരിക്കുമ്പോൾ അവർക്കും ഈ സിനിമ ഏറെ സ്വീകാര്യമാകും എന്നും ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ പ്രകടനത്തെയും അർപ്പണബോധത്തെയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ആടുജീവിതം സൃഷ്ടിച്ചെടുത്തത് എങ്ങനെയാണെന്ന് ലോകസിനിമയുടെ വക്താക്കൾ അറിയണം, അതിലൂടെ കൂടുതൽ അംഗീകാരങ്ങൾ ചിത്രത്തിന് കിട്ടണം എന്ന് പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ അതിജീവനത്തെപ്പറ്റി നമുക്ക് ചിന്തിക്കാവുന്നതിന് ഒരതിരുണ്ട്‌, പക്ഷേ അതിനും അപ്പുറത്തേക്ക് എത്തിയതാണ് നജീബിന്റെ ജീവിതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

placeholder
ആടുജീവിതം സിനിമയുടെ ഇരുപത്തഞ്ചാം ദിനാഘോഷച്ചടങ്ങിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

ആടുജീവിതം ഇതിനോടകം തന്നെ യൂണിവേഴ്സൽ ആയിക്കഴിഞ്ഞു എന്നാണ് കരുതുന്നതെന്ന് അഭിലാഷ് മോഹനൻ പറഞ്ഞു. ആടുജീവിതത്തിലെ സഹനമെന്നത് ലോകത്തെ ഏതൊരു വ്യക്തിയ്ക്കും കണക്റ്റ് ചെയ്യാൻ കഴിയുന്ന ഒന്നാണ്, അതിനാൽത്തന്നെ ഭാഷയുടെ പരിമിതി ചിത്രത്തെ സാർവത്രികമാക്കുന്നതിൽ വിലങ്ങുതടിയാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കലാമൂല്യമുള്ള ചിത്രങ്ങൾക്ക് പലപ്പോഴും പ്രേക്ഷകസ്വീകാര്യത ലഭിക്കാതെ പോകാറുണ്ടെങ്കിലും ആടുജീവിതത്തിന് അതിനും സാധിച്ചു എന്നും അഭിലാഷ് പറഞ്ഞു. ഇന്ത്യൻ ഡയസ്പോറ പല രാജ്യങ്ങളിലും ശക്തമാണ്, അത്തരം ഇടങ്ങളിൽ ആടുജീവിതത്തിന്റെ സ്ക്രീനിങ്ങുകളും ചർച്ചകളും നടന്നാൽ അത് ചിത്രത്തിന് അടുത്ത ലെവലിലേക്ക് പോകാൻ സഹായകമാകും എന്നും, ഒപ്പം തന്നെ ഫിലിം ഫെസ്റ്റിവലുകളും ഒരു സാധ്യതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുറത്തുനിന്നുള്ള പിന്തുണ പോലെതന്നെ, തമിഴ് സിനിമയിലും മറ്റും കാണുന്ന പോലെ മലയാള സിനിമാ ഫ്രട്ടേണിറ്റിയുടെ അകത്തുനിന്നുള്ള സപ്പോർട്ട് ആടുജീവിതത്തിനു ഉണ്ടാവുകയാണെങ്കിൽ നന്നാവുമെന്ന് തോന്നുന്നു എന്ന് മലയാളമനോരമയിലെ റാഷിദ്‌ അഭിപ്രായപ്പെട്ടു.

മലയാളി സമൂഹം ഈ ചിത്രത്തെ ഏറ്റെടുത്ത പോലെ ഈ ചിത്രത്തിന് ആഗോള തലത്തിലും ജനശ്രദ്ധ ലഭിക്കേണ്ടതാണ് എന്നും, ഇതെങ്ങനെ മലയാളികൾ അന്താരാഷ്‌ട്ര തലത്തിലേക്ക് കൊണ്ടുപോകും, അതിലേക്കായി എന്താണ് പ്രേക്ഷകർക്ക് ചെയ്യാനുള്ളത് എന്ന സന്തോഷ്‌ ജോർജ്ജ് കുളങ്ങരയുടെ ചോദ്യത്തിന് പൃഥ്വിരാജ് മറുപടി പറഞ്ഞു. ആടുജീവിതത്തിനു ലഭിച്ചത് വളരെ കുറച്ചു ചിത്രങ്ങൾക്കു മാത്രം ലഭിക്കുന്ന സ്വീകാര്യതയാണെന്നും, എന്നാൽ ഈ സ്വീകാര്യത ഇവിടെ തീരുന്നില്ല, അഥവാ തീരേണ്ടതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മുന്നോട്ടുള്ള സിനിമയുടെ യാത്ര എന്നത് നമ്മുടെ സിനിമ, മലയാളത്തിന്റെ സ്വന്തം സിനിമ എന്ന ഐഡന്റിറ്റി ഈ സിനിമയ്ക്ക് കിട്ടുക എന്നതാണ് എന്നദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെ പോയാലും ഇതൊരു മലയാള സിനിമ തന്നെയാണ്, ആ സ്വത്വം രൂപാന്തരപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ തുടക്കം എന്നദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം പ്രമുഖ മാധ്യമപ്രവർത്തകർ ഇന്നിവിടെ വന്ന് ഈ ചർച്ചയിൽ പങ്കെടുക്കേണ്ട ആവശ്യമില്ലല്ലോ. ഈ സിനിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാനും ചർച്ചചെയ്യപ്പെടാനും ആദ്യം ഇത് ഇന്ത്യയിൽ കൂടുതൽ ചർച്ചചെയ്യപ്പെടണം. അതിനുശേഷമേ ഇത് അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാവുകയുള്ളൂ. ഇത് നമ്മുടെ സിനിമ തന്നെയാണ്, അതേസമയം ലോകസിനിമയുമാണ് എന്ന തിരിച്ചറിവ് മാദ്ധ്യമപ്രവർത്തകർക്ക് ഉണ്ടായതിൽ കടപ്പാടുണ്ട് എന്നും, അതേ തിരിച്ചറിവ് പ്രേക്ഷകർക്കും ജനങ്ങൾക്കും ഇടയിൽ ഉണ്ടായി ഇത് നമ്മുടെ സിനിമയാണ് എന്ന തിരിച്ചറിവുണ്ടായ ശേഷം വേണം അന്താരാഷ്‌ട്ര തലത്തിലേക്കുള്ള ഈ യാത്ര തുടങ്ങാൻ എന്നും, ആ തുടക്കം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.