
കൊച്ചി: കേരള ടൂറിസവുമായി സഹകരിച്ച് ചരിത്രത്തിലാദ്യമായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ 70-ാമത് ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് നിശ കൊച്ചിയിൽ പ്രൗഢഗംഭീരമായി അരങ്ങേറി. 2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച ചടങ്ങിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. മലയാളത്തിൽ 'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. തന്റെ 16-ാമത് ഫിലിംഫെയർ പുരസ്‌കാരമാണിതെന്നും സിനിമയെന്നത് വലിയ ടീമിന്റെ അധ്വാനമാണെന്നും മമ്മൂട്ടി പറഞ്ഞു. മികച്ച നടൻ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസിൽ ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയിൽ പങ്കുവെച്ചു. 'ആടുജീവിതം' അഞ്ചുപുരസ്‌കാരങ്ങൾ കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു. പൃഥ്വിരാജ് (മികച്ച നടൻ ക്രിട്ടിക്‌സ്), റഫീഖ് അഹമ്മദ് (മികച്ച വരികൾ), ജിതിൻ രാജ് (മികച്ച ഗായകൻ), കെ.ആർ. ഗോകുൽ (മികച്ച നവാഗത നടൻ) സുനിൽ കെ.എസ്. (മികച്ച ഛായാഗ്രഹണം) എന്നിവരാണ് 'ആടുജീവിത'ത്തിലൂടെ നേട്ടം കൈവരിച്ചത്. 'കിഷ്‌കിന്ധാകാണ്ഡം' എന്ന ചിത്രം മികച്ച ചിത്രം (ക്രിട്ടിക്‌സ്), വിജയാരാഘവൻ (മികച്ച സഹനടൻ) ഉൾപ്പെടെ നാലുപുരസ്‌കാരങ്ങൾ നേടി. മികച്ച നടൻ ക്രിട്ടിക്‌സ് പുരസ്‌കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. അഭിമന്യു എസ്. തിലകൻ, മേതിൽ ദേവിക എന്നിവർ മികച്ച നവാഗത താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
തെലുങ്ക് സിനിമാ വിഭാഗത്തിൽ 'പുഷ്പ 2 ദി റൂൾ' അഞ്ചുപുരസ്‌കാരങ്ങൾ നേടി മികച്ച ചിത്രമായി മാറി. അല്ലു അർജുൻ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി തന്റെ ഹാട്രിക് നേട്ടം ആഘോഷിച്ചു. 'കൽക്കി 2898 എഡി' എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചൻ മികച്ച സഹനടനായും 'സത്യഭാമ'യിലെ പ്രകടനത്തിന് കാജൽ അഗർവാൾ മികച്ച നടിക്കുള്ള (ക്രിട്ടിക്‌സ്) പുരസ്‌കാരവും നേടി. തമിഴിൽ എട്ടുപുരസ്‌കാരങ്ങളുമായി 'അമരൻ' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ശിവകാർത്തികേയൻ മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനായി. 'മെയ്യഴഗൻ' എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടൻ (ക്രിട്ടിക്‌സ്) പുരസ്‌കാരവും കാർത്തി മികച്ച സഹനടൻ പുരസ്‌കാരവും സ്വന്തമാക്കി. 'തങ്കലാനി'ലെ പ്രകടനത്തിന് പാർവതി തിരുവോത്തും 'ലബ്ബർ പന്തി'ന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. കന്നഡയിൽ 'ശാഖാഹാരി' മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച നടൻ ശ്രീനിവാസനും പ്രശസ്ത സിനിമാ പ്രതിഭ ശ്രീകുമാരൻ തമ്പിക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.
വിഷ്ണു വാര്യർ, ആർ.ജെ. മിഥുൻ, രഞ്ജിനി ഹരിദാസ് എന്നിവർ അവതാരകരായ ചടങ്ങ് കേരളത്തിന്റെ കലാപാരമ്പര്യം വിളിച്ചോതുന്ന കഥകളിയോടെയാണ് ആരംഭിച്ചത്. സാനിയ മൽഹോത്ര, പ്രണിത സുഭാഷ്, നിധി അഗർവാൾ, അപർണ ബാലമുരളി, തൃഷ ഷെട്ടി എന്നിവരുടെ നൃത്തപ്രകടനങ്ങൾ ചടങ്ങിന്റെ മാറ്റുകൂട്ടി. ഫിലിംഫെയർ അവാർഡ്‌സ് കൊച്ചിയിലെത്തിയത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് ടൂറിസം സെക്രട്ടറി ബിജു കെ. ഐഎഎസ് പറഞ്ഞു. തെന്നിന്ത്യൻ സിനിമയുടെ സർഗാത്മകത ആഘോഷിക്കാനുള്ള മികച്ച വേദിയായി ഫിലിംഫെയർ മാറിയെന്ന് വേൾഡ് വൈഡ് മീഡിയ ഡയറക്ടർ രോഹിത് ഗോപകുമാറും ഫിലിംഫെയർ എഡിറ്റർ ഇൻ- ചീഫ് ജിതേഷ് പിള്ളയും കാമർ ഫിലിം ഫാക്ടറി സ്ഥാപകൻ കാമർ ഡിയും പറഞ്ഞു. ടിടികെ പ്രസ്റ്റീജ്, സെൻസോഡെന്റ്, ഡിഎസ്പി എന്നിവരുടെ സഹകരണത്തോടെയാണ് പുരസ്‌കാരനിശ സംഘടിപ്പിച്ചത്.
മലയാള സിനിമാ വിഭാഗത്തിലെ മറ്റ് പുരസ്‌കാരങ്ങൾ
'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഉർവശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 'ആട്ടം' എന്ന ചിത്രത്തിലെ അഭിനയത്തിന് സറിൻ ഷിഹാബ് മികച്ച നടി (ക്രിട്ടിക്‌സ്) പുരസ്‌കാരം കരസ്ഥമാക്കിയപ്പോൾ 'ഹെർ' എന്ന സിനിമയിലൂടെ ലിജോമോൾ ജോസ് മികച്ച സഹനടിക്കുള്ള അംഗീകാരം നേടി. 'മഞ്ഞുമ്മൽ ബോയ്‌സ്' മികച്ച ചിത്രമായും 'ഭ്രമയുഗ'ത്തിലൂടെ രാഹുൽ സദാശിവൻ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
'ഉള്ളൊഴുക്ക്', 'കിഷ്‌കിളകാണ്ഡം' എന്നീ സിനിമകളാണ് ക്രിട്ടിക്സ് വിഭാഗത്തിലെ മികച്ച ചിത്രങ്ങൾ. 'ആവേശ'ത്തിലൂടെ സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകനായും 'എആർഎം' എന്ന ചിത്രത്തിലെ ഗാനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു. ജോജു ജോർജ് (പണി). ജിതിൻ ലാൽ (എആർഎം) എന്നിവർ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ആനന്ദ് ഏകർഷി ബ്രേക്ക് ത്രൂ ഇൻ ഫിലിം മേക്കിങ് പുരസ്‌കാരത്തിന് അർഹനായപ്പോൾ തെന്നിന്ത്യൻ താരം ഭാവനയെ സിനി ഐക്കൺ അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.
Content Highlights: 70th Filmfare Awards South held in Kochi celebrating South Indian cinema. Mammootty, Allu Arjun, and others win big
Published: 23 Feb 2026, 09:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented