
ഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി പോരാടുന്ന വിദ്യാർത്ഥികളുടെ ധൈര്യത്തെ പ്രശംസിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് സൽമാൻ ഖാൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
പരീക്ഷാ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ഒന്നിച്ച വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകുന്ന മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. "ഈ പ്രതിഷേധം ശരിയായ പാതയിലാണ്" എന്ന് കുറിച്ച താരം, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത ഇന്ത്യയെ അഭിമാനപൂർണമാക്കുമെന്നും കൂട്ടിച്ചേർത്തു. പരീക്ഷാ ചോർച്ച മൂലം കഷ്ടപ്പെട്ട വിദ്യാർത്ഥികളോടും അവരുടെ കുടുംബങ്ങളോടും അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ താരം അതീവ ദുഃഖം രേഖപ്പെടുത്തി.
"വളരെ സമാധാനപരമായ ഒരു മുന്നേറ്റമായിരുന്നു അത്. അതിന് അക്രമംനിറഞ്ഞ ഒരു വഴിത്തിരിവ് വേണ്ടിവന്നതിൽ അതിയായ ദുഃഖമുണ്ട്. വേദനയനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ പിന്തുണയുണ്ട്. പേപ്പർ ചോർച്ച എന്നത് വളരെ ഗൗരവമേറിയ പ്രശ്നമാണ്. നമ്മുടെ രാജ്യത്തെ കുട്ടികൾ മികച്ച വിദ്യാഭ്യാസ സംവിധാനത്തിനായി ഒന്നിച്ചുകൂടി എന്നറിഞ്ഞതിലും കണ്ടതിലും സന്തോഷമുണ്ട്, അവരുടെ മാതാപിതാക്കളും അവരെ പിന്തുണച്ചു.
കഠിനാധ്വാനം ചെയ്യാനും സ്വന്തം ഭാവിക്കുവേണ്ടിയും, മികച്ചതും വിദ്യാഭ്യാസസമ്പന്നവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാനുമുള്ള അവരുടെ സമർപ്പണം, സത്യസന്ധത, ആത്മാർത്ഥത എന്നിവ പ്രകടമാക്കുന്ന അവരുടെ നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു. ഈ സമരം, ഈ പ്രതിഷേധം, ഇതൊരു ശരിയായ മാർഗമാണ്, വിദ്യാർത്ഥികൾ ഇത് സമാധാനപരമായിട്ടാണ് ചെയ്തത്. വളരെ ധൈര്യശാലികളും വീരരും വിദ്യാഭ്യാസത്തിനായി പ്രചോദിതരും ലക്ഷ്യബോധമുള്ളവരുമായ ഈ തലമുറ ഇന്ത്യയെ അഭിമാനഭരിതമാക്കും.
ഈ വിഷയം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സമ്പ്രദായത്തിനും ഇടയിലുള്ളതാണ്, ഇത് രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യപ്പെടരുത്. ക്രെഡിറ്റ് നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കണം, ഗവൺമെന്റ് അവർക്ക് എല്ലാ പിന്തുണയും നൽകുകയും മികച്ച വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അനുകൂലമായ ഒരു തീരുമാനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
വിദ്യാഭ്യാസം അടുത്ത ട്രെൻഡും ഫാഷനുമായി മാറണം, വർഷം തോറും കൂടുതൽ ട്രെൻഡിയും ഫാഷനബിളുമായി മാറണം, അങ്ങനെ പുറത്തുനിന്നുള്ള ആളുകൾ പഠിക്കാൻ ഇന്ത്യയിലേക്ക് വരികയും ഇന്ത്യ ഒരു എജ്യൂക്കേഷണൽ ഹബ്ബായി മാറുകയും ചെയ്യും." സൽമാൻ ഖാന്റെ വാക്കുകൾ.
സൽമാൻ ഖാന് പുറമെ സിനിമാ ലോകത്തുനിന്ന് ദുൽഖർ സൽമാൻ, സൊനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, പൂജ ഭട്ട്, നസീറുദ്ദീൻ ഷാ, സംവിധായകൻ ഇംതിയാസ് അലി എന്നിവരും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. പരീക്ഷാ സമ്പ്രദായത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നാണ് ഇവരെല്ലാം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
Content Highlights: Bollywood superstar Salman Khan and several prominent celebrities came out in strong support of students protesting at Delhi's Jantar Mantar against exam paper leaks, praising their dedication and demanding systemic education reforms.
Published: 23 Jul 2026, 03:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented