
'കാലാ ഹിരൺ: ബാറ്റിൽ ഫോർ ലെഗസി' എന്ന ചിത്രത്തിന്റെ നിർമാണം, പ്രചാരണം, റിലീസ് എന്നിവ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടൻ സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ചിത്രം തന്റെ വ്യക്തിത്വ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് താരം കോടതിയെ സമീപിച്ചത്.
താൻ പ്രതിയായ 1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയെന്നും ചിത്രത്തിന്റെ പോസ്റ്ററുകൾ, ടീസർ, മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ തന്നെ വ്യക്തമായി ലക്ഷ്യം വെക്കുന്നതാണെന്നും സൽമാൻ ഖാൻ ഹർജിയിൽ ആരോപിച്ചു. വാണിജ്യപരമായ നേട്ടങ്ങൾക്കായി നിർമാതാക്കൾ തന്റെ പേര് ഉപയോഗിച്ചു. താൻ സ്ഥിരമായി ഉപയോഗിക്കാറുള്ള ബ്രേസ്ലെറ്റ് ധരിച്ച, തന്നെപ്പോലെ തോന്നിക്കുന്ന ഒരാളെ ഇതിനായി ഉപയോഗിച്ചതായും നടൻ ആരോപിച്ചു.
നിർമാതാക്കളായ അമിത് ജാനി, ജാനി ഫയർഫോക്‌സ് ഫിലിംസ്, അക്ഷയ് പാണ്ഡെ തുടങ്ങിയവരാണ് എതിർകക്ഷികൾ. ചിത്രം നിലവിലുള്ള നിയമനടപടികളെ ദോഷകരമായി ബാധിക്കുമെന്നും തന്റെ കരിയറിനും കീർത്തിക്കും കളങ്കമേൽപ്പിക്കുമെന്നും സൽമാൻ വാദിക്കുന്നു. ചിത്രത്തിന്റെ നിർമാണം, പ്രൊമോഷനും റിലീസും സ്ട്രീമിങ്ങും താത്കാലിക വിലക്ക് ഏർപ്പെടുത്തണമെന്നാണ് നടന്റെ ആവശ്യം.
കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ, എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദേശിച്ചു. കേസ് 19-ന് വീണ്ടും പരിഗണിക്കും.
ചിത്രം സൽമാൻ ഖാൻ പ്രതിയായ കൃഷ്ണമൃഗ വേട്ടക്കേസിനെ ആസ്പദമാക്കിയുള്ളതാണെന്ന് ആരോപിച്ച് നടന്റെ ലീഗൽ ടീം ദിവസങ്ങൾക്ക് മുമ്പ് സിനിമയുടെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ഉടനടി തടയണമെന്നും പോസ്റ്ററുകളും പ്രൊമോഷൻ സാമഗ്രികളും നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
ജൂൺ രണ്ടിന് നോട്ടീസിന് മറുപടി നൽകിയ ചിത്രത്തിന്റെ നിർമാതാവ് അമിത് ജാനി, സൽമാന്റെ ആരോപണങ്ങൾ നിഷേധിച്ചു. പൊതുസമൂഹത്തിൽ ലഭ്യമായ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സിനിമയെന്നും വന്യജീവികളെ സംരക്ഷിക്കാനുള്ള ബിഷ്‌ണോയ് സമൂഹത്തിന്റെ പോരാട്ടത്തിലാണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവകാശപ്പെട്ടു.
ഇത് സൽമാൻ ഖാന്റെ ബയോപിക് അല്ലെന്നും നടന്റെ ഭാഗത്തുനിന്നുണ്ടായ നോട്ടീസ് അകാലത്തിലുള്ളതാണെന്നും അമിത് ജാനി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പോസ്റ്റർ ഒഴികെ ചിത്രത്തെക്കുറിച്ച് ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ നിയമനടപടി അനാവശ്യമാണ്. ജൂൺ 20-നാണ് ടീസർ പുറത്തിറക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അതിനുമുമ്പ് ഇത്തരമൊരു നോട്ടീസ് ലഭിച്ചതിൽ അത്ഭുതമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരത് എസ്. ശ്രീനേറ്റ് സംവിധാനം ചെയ്യുന്ന ചിത്രം ഫയർഫോക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അമിത് ജാനിയാണ് നിർമിക്കുന്നത്. യഥാർഥ ജീവിതത്തിലെ നിയമപോരാട്ടങ്ങളിൽനിന്നും സംഭവങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സസ്‌പെൻസ്- ആക്ഷൻ ഡ്രാമയായാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
Content Highlights: Bollywood actor Salman Khan has approached the Delhi High Court seeking an immediate stay on the production, promotion, and release of the upcoming film 'Kala Haran: Battle for Legacy'. The actor alleged that the movie is inspired by his infamous 1998 blackbuck poaching case and infringes upon his personality rights for commercial gains. According to the petition, the film's promotional materials deliberately target him, even featuring a character resembling him wearing his signature bracelet. In response, producer Amit Jani denied the allegations, stating that the film is not a biopic of Salman Khan but rather focuses on the Bishnoi community's fight to protect wildlife
Published: 12 Jun 2026, 06:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented