സിനിമയിലെ റൊമാന്റിക് സൂപ്പർ താരം ഋഷി കപൂർ വിടവാങ്ങിയിരിക്കുകയാണ്. 1970 കളിൽ യുവതയുടെ ഹരമായിരുന്ന സുന്ദരൻ‌. സൗമ്യമായ മുഖം വശ്യമായ പുഞ്ചിരി,  അന്നത്തെ പെൺകുട്ടികളുടെ ഹൃദയത്തിൽ അദ്ദേഹം വളരെ പെട്ടന്ന് തന്നെ ചേക്കേറി. എന്നാൽ ഋഷിയുടെ ഹൃദയത്തിൽ എന്നന്നേക്കുമായി സ്ഥാനമുറപ്പിച്ചത് നീതു സിങ് എന്ന യുവനടിയായിരുന്നു. 40 വർഷങ്ങൾ നീണ്ട ദാമ്പത്യം, ഋഷി കപൂർ വിടപറ‍ഞ്ഞു പോകുമ്പോൾ നീതു കപൂർ തനിച്ചാകുന്നു. 

To advertise here,

ഖേൽ ഖേൽ മേം, അമർ അക്ബർ അന്തോണി തുടങ്ങി വിവാഹത്തിന് മുൻപും ശേഷവും പന്ത്രണ്ട് സിനിമകളിലാണ് ഇവർ ഒരുമിച്ചഭിനയിച്ചത്. കൗമര പ്രായത്തിലാണ് നീതു സിനിമയിലെത്തിയത്. തുടക്കത്തിൽ രാജ് കുമാറിന്റെ മകൻ എന്ന മേൽവിലാസത്തിൽ സിനിമയിലെത്തിയ ഋഷിയോട് മിണ്ടാൻ തന്നെ നീതുവിന് ഭയമായിരുന്നു. എന്നാൽ സംസാരപ്രിയനായിരുന്ന ഋഷി എല്ലാവരോടും പെട്ടന്ന് അടുക്കുന്ന പ്രകൃതമായതിനാൽ  നീതുവിന്റെ ആശങ്കകൾ വിട്ടൊഴിഞ്ഞു. പരിചയം വലിയ സൗഹൃദമായി. ഋഷിക്കാകട്ടെ സിനിമയിലും പുറത്തുമായി ഒരുപാട് കാമുകിമാർ ഉണ്ടായിരുന്നു. ഓരോ പ്രണയങ്ങൾ തകരുമ്പോൾ ഋഷി നീതുവിന്റെ തോളിൽ കിടന്ന് കരയും എന്നിട്ട് അടുത്ത പ്രണയത്തിലേക്ക് നടന്നു നീങ്ങും

ബരൂദ് എന്ന സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോഴാണ് ഋഷി നീതുവിനോടുള്ള തന്റെ പ്രണയം തിരിച്ചറിയുന്നത്. നാട്ടിലെത്തിയപ്പോൾ അത് തുറന്ന് പറഞ്ഞു. എന്നാൽ ഋഷി അവിടെ ഒരു നിബന്ധന വച്ചു. 'നമുക്ക് പ്രണയിക്കാം, എന്നാൽ ഞാൻ നിന്നെ വിവാഹം കഴിക്കില്ല.' നീതുവിനും അത് സമ്മതമായിരുന്നു. അങ്ങനെ പ്രണയം മുന്നോട്ട് പോകുന്നതിനിടെ തന്റെ സഹോദരിയുടെ വിവാഹത്തിന്  ഋഷി നീതുവിനെ ക്ഷണിച്ചു. നീതു തന്റെ കാമുകിയാണെന്ന് കുടുംബാം​ഗങ്ങൾ മനസ്സിലാക്കിയതോടെ ഋഷി അവരോട് വിവാഹാഭ്യർഥന നടത്തി. അങ്ങനെ നീതുവും ഋഷിയും 1980 ൽ വിവാഹിതരായി. 

വിവാഹത്തിന് ശേഷം അഭിനയം തുടരേണ്ട എന്നാണ് നീതു തീരുമാനിച്ചു. അതേ വർഷം തന്നെ മകൾ റിധിമ കപൂർ ജനിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം രൺബീറും. പിന്നീട് ഇംത്യാസ് അലിയുടെ ലൗ ആജ് കൽ എന്ന ചിത്രത്തിലൂടെ നീതു സിനിമയിൽ മടങ്ങിയെത്തി. ഋഷി കപൂറിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തിൽ നീതു കെെകാര്യം ചെയ്തത്.

സിനിമയിലും വ്യക്തി ജീവിതത്തിലും ഋഷിയുടെ നെടുംതൂണായിരുന്നു നീതു. പ്രതിസന്ധികളിൽ ചേർത്തു നിർത്തി. നീതുവിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ ഇത്രയും ദൂരം യാത്ര ചെയ്യില്ലായിരുന്നുവെന്നാണ് ഋഷി പറയാറ്. 

Content Highlights: Rishi kapoor passed away, Rishi Neethu Singh love story