ഗുവാഹത്തി: മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ 'ലോക: ചാപ്റ്റർ 1: ചന്ദ്ര'യിലെ 'തനി ലോക മുറക്കാരി' എന്ന ഗാനത്തിലൂടെയും ധുരന്ധറിലെ ഗാനങ്ങളിലൂടെയും ശ്രദ്ധേയയായ റാപ്പറും ഗായികയുമായ ഡയഫി ലമാരെ എന്ന റെബെലിന് പരിപാടിക്കിടെ ഡ്രോൺ മുഖത്ത് തട്ടി പരിക്ക്. വ്യാഴാഴ്ച ഗുവാഹത്തിയിൽ നടന്ന 'പൾസ് 2026 അവാർഡ്' വേദിയിലായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഗായികയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തി.
'റൺ ഡൗൺ ദി സിറ്റി-മോണിക്ക' എന്ന ഗാനം വേദിയിൽ നൃത്തംചെയ്ത് ആലപിക്കുന്നതിനിടെ പെട്ടെന്ന് ഒരു ഡ്രോൺ മുഖത്തേക്ക് പറന്നുവന്ന് ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആഘാതത്തിൽ റെബെൽ ഞെട്ടുന്നതും ഏതാനും നിമിഷങ്ങൾ പ്രകടനം നിർത്തിയശേഷം കാണികളോട് ഒന്നും പറയാതെ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന് പിന്നാലെ സംഘാടകരുടെ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. 'റെബെലിന്റെ കാര്യത്തിൽ മാനേജ്മെന്റ് എന്തിനാണ് ഇത്ര ലാഘവത്തോടെ പെരുമാറുന്നത്? അവർ മികച്ച ഊർജമാണ് നൽകുന്നത്, കുറഞ്ഞത് അവർക്ക് വേണ്ട കരുതലെങ്കിലും നൽകേണ്ടതായിരുന്നു,' ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 'അത് മുഖത്താണോ തട്ടിയത്? അവർക്ക് കുഴപ്പമൊന്നുമില്ലേ?' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കഴുത്തിലും തലയിലും ഡ്രോണിന്റെ ചിറകുകൾ തട്ടിയാൽ ഗുരുതരമായ അപകടത്തിന് കാരണമായേക്കാമെന്നും ചിലർ മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച വരെയും അപകടത്തെക്കുറിച്ചോ പരിക്കേറ്റോ ഇല്ലയോ എന്ന കാര്യത്തിലോ റെബെൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും തന്റെ പ്രകടനം ഉൾപ്പെടുന്ന ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി അവർ റീപോസ്റ്റ് ചെയ്തിട്ടുണ്ട്.
2025-ൽ പുറത്തിറങ്ങിയ മലയാള ചിത്രം 'ലോക: ചാപ്റ്റർ 1: ചന്ദ്ര'യിലെ 'തനി ലോക മുറക്കാരി' എന്ന ഗാനത്തിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയായ കലാകാരിയാണ് റെബെൽ. ഇതിനുപുറമെ ആദിത്യ ധറിന്റെ 'ധുരന്ധർ' ഫ്രാഞ്ചൈസിയിലെ റാപ്പ് ഗാനങ്ങളിലൂടെ ദേശീയ തലത്തിലും അവർ വലിയ ശ്രദ്ധ നേടിയിരുന്നു.
മേഘാലയയിലെ വെസ്റ്റ് ജയന്തിയാ ഹിൽസ് സ്വദേശിയായ ഡയഫി ലമാരെ, സ്വതന്ത്ര സംഗീത രംഗത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. പതിനൊന്നാം വയസ്സിൽ റാപ്പിംഗ് തുടങ്ങിയ അവർ 2018-ൽ 'ദയ' എന്ന പേരിലാണ് ആദ്യം വേദികളിൽ പ്രത്യക്ഷപ്പെട്ടത്; ഒരു വർഷത്തിന് ശേഷമാണ് 'റെബെൽ' എന്ന സ്റ്റേജ് നെയിം സ്വീകരിച്ചത്. സിവിൽ എൻജിനീയറിംഗ് പഠനത്തിനായി ബംഗളൂരുവിലേക്ക് മാറിയപ്പോഴും സംഗീത രംഗത്ത് സജീവമായിരുന്നു. 2022-ലാണ് അവരുടെ ആദ്യ ഇ.പി ആയ 'എൻട്രോപ്പി' പുറത്തിറങ്ങിയത്.
Content Highlights: Rapper Rebele (Daify Lamare) was hit in the face by a drone while performing at the Pulse 2026 Awards in Guwahati., The incident caused concern among fans, sparking heavy criticism over organizers' safety lapses., Rebele is known for her songs in the Malayalam film 'Loka: Chapter 1: Chandra' and the 'Dhurandhar' franchise.
Published: 27 Nov 2026, 03:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented