പനജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ന്യു ഹോറൈസൺ വിഭാഗത്തിൽ പ്രദർശിപ്പിച്ച മലയാള ചിത്രം ‘അജയന്റെ മരണം ഒരു കേസ് സ്റ്റഡി’ക്ക് മികച്ച പ്രേക്ഷക പ്രതികരണം. വ്യാഴാഴ്ച നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. അന്യഭാഷാ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് വലിയ അഭിനന്ദനം ലഭിച്ചു.

To advertise here,

പ്രദർശനത്തിന് മുന്നോടിയായി ചിത്രത്തിന്റെ സംവിധായകൻ ശ്രീഹരി ഹരിദാസും മറ്റ് അണിയറപ്രവർത്തകരും റെഡ് കാർപ്പറ്റിൽ എത്തിയിരുന്നു. മലയാള സിനിമയുടെ വ്യത്യസ്തമായ കഥപറച്ചിൽ രീതിക്ക് കിട്ടിയ അംഗീകാരമായിരുന്നു ചിത്രത്തിന് ലഭിച്ച കൈയടികൾ.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച ഡച്ച്-ബെൽജിയൻ ചിത്രം ‘എ ഫാമിലി’ ഗംഭീര അഭിപ്രായമാണ് നേടിയത്. മാതാപിതാക്കളുടെ വിവാഹമോചനവും കസ്റ്റഡി തർക്കങ്ങളും കൗമാരക്കാരായ രണ്ട് മക്കളിൽ സൃഷ്ടിക്കുന്ന വൈകാരിക ആഘാതങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മീഷ് പെയ്നെൻബർഗ് സംവിധാനം ചെയ്ത ഈ ചിത്രം സുവർണമയൂരത്തിനുള്ള മത്സരത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനൊപ്പം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിലിയൻ ചിത്രം ‘ദി മെൽറ്റ്ഡൗൺ’, സ്പാനിഷ്-പെറു-ഇറ്റാലിയൻ ചിത്രം ‘ഫാർ ഫ്രം ദി ട്രീസ്’ എന്നിവയും ശ്രദ്ധനേടി. മേളയുടെ എട്ടാം ദിനമായ ഇന്ന് നടക്കുന്ന ഇൻ-കോൺവർസേഷൻ സെഷനിൽ ഫർഹാൻ അക്തർ, ആശുതോഷ് ഗോവാരിക്കർ, മധുർ ഭണ്ഡാർക്കർ എന്നിവർ സംസാരിക്കും. പ്രശസ്ത നടി ഖുശ്ബൂ ആണ് ചർച്ചയുടെ മോഡറേറ്റർ.