പനജി: 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ – ന്യൂ ഹൊറൈസൺ വിഭാഗത്തിൽ പ്രദർശിപ്പിച്ച മലയാള ചിത്രം ‘അജയന്റെ മരണം: ഒരു കേസ് സ്റ്റഡി’യുടെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ ശ്രീഹരി ഹരിദാസ്. സിനിമയുടെ പ്രദർശനം കഴി‍‍‍ഞ്ഞതിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് തന്റെ ആദ്യ ഫീച്ചർ സിനിമയ്ക്ക് മേളയിൽ ലഭിച്ച മികച്ച സ്വീകരണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

To advertise here,

ആദ്യ ചിത്രത്തിന് മേളയിൽ ഇത്രയും വലിയ പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശ്രീഹരി പറഞ്ഞു. മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ‘മോക്യുമെന്ററി’ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ശൈലി തിരഞ്ഞെടുത്തത് ചിത്രീകരണത്തിലും നിർമ്മാണത്തിലും നിരവധി വെല്ലുവിളികൾ ഉയർത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അജയൻ എന്ന യുവാവിന്റെ ജീവിതവും മരണവും ചുറ്റിപ്പറ്റിയുള്ള ഒരു ‘ക്യാരക്ടർ സ്റ്റഡി’യാണ് ഈ സിനിമ. സിനിമയിൽ അവസരം തേടുന്ന ആര്യൻ എന്ന ചെറുപ്പക്കാരൻ അജയന്റെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ അന്വേഷിച്ചിറങ്ങുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ആര്യൻ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയപ്പോൾ തന്റെ തന്നെ സ്വഭാവസവിശേഷതകൾ അതിലേക്ക് കടന്നുവന്നിട്ടുണ്ടെന്നും, അജയനിലും തന്നോട് സാമ്യമുള്ള ചില ഘടകങ്ങളുണ്ടെന്നും ശ്രീഹരി പറഞ്ഞു. ’ആര്യനിൽ എന്റെ ചെറിയൊരു അംശമുണ്ട്, അതുപോലെ അജയനിലെ ചില കാര്യങ്ങൾ എന്നിലുമുണ്ട്’ അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റ് ഒരാഴ്ച കൊണ്ടാണ് പൂർത്തിയാക്കിയതെന്നും തുടർന്ന് ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് അന്തിമ തിരക്കഥ തയ്യാറാക്കിയതെന്നും സംവിധായകൻ പറഞ്ഞു. ഒരു കേന്ദ്രകഥാപാത്രത്തിലൂടെ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങൾ പരിശോധിക്കുന്ന രീതിയാണ് താൻ കഥപറച്ചിലിൽ സ്വീകരിക്കാറുള്ളത്. വ്യക്തികളെ ചുറ്റിപ്പറ്റി കഥകൾ മെനയാനും അവരുടെ യാത്രകളെ പിന്തുടരാനും തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.ജി. ജോർജിന്റെ കടുത്ത ആരാധകനാണ് താനെന്ന് ശ്രീഹരി പറഞ്ഞു. സിനിമയിൽ ആര്യനും മായയും തമ്മിലുള്ള രസകരമായൊരു തർക്കരംഗമുണ്ട്. മായ പത്മരാജന്റെ കടുത്ത ആരാധികയായിരിക്കുമ്പോൾ ആര്യൻ കെ.ജി. ജോർജിന്റെ ആരാധകനാണ്. കൊച്ചിയിലെ കെ.ജി. ജോർജിന്റെ വീട്ടിൽ വെച്ചാണ് ആ രംഗം ചിത്രീകരിച്ചതെന്നത് വലിയൊരു അനുഭവമായിരുന്നു. ‘തൂവാനത്തുമ്പികൾ’ ഒരു ഓവർറേറ്റഡ് ചിത്രമാണെന്ന് സിനിമയിൽ കഥാപാത്രം പറയുന്നുണ്ടെങ്കിലും, വ്യക്തിപരമായി തനിക്ക് രണ്ടുപേരെയും ഇഷ്ടമാണെങ്കിലും കെ.ജി. ജോർജിനോടാണ് കൂടുതൽ ചായ്‌വെന്ന് അദ്ദേഹം ചിരിയോടെ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച ‘ഉത്തരം’ എന്ന ചിത്രത്തിനുള്ള ആദരവായാണ് ഈ സിനിമ സമർപ്പിച്ചിരിക്കുന്നതെന്നും, ‘ഉത്തര’ത്തിന്റെ അണിയറപ്രവർത്തകർക്ക് സിനിമയിൽ നന്ദി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ആദ്യ ദിവസം പ്ലാൻ ചെയ്ത അൗട്ട്ഡോർ, ഇൻഡോർ ഷൂട്ടുകൾ പാളിയതോടെ, രണ്ടാം ദിവസം മുതൽ രാവിലെ ആറ് മുതൽ അടുത്ത ദിവസം രാവിലെ ആറ് വരെ നീളുന്ന 24 മണിക്കൂർ ഷൂട്ടിലേക്കാണ് മാറിയതെന്ന് അദ്ദേഹം ഓർമ്മിച്ചു. ഷോർട്ട് ഫിലിമുകൾ ചെയ്ത് പരിചയമുണ്ടായിരുന്നെങ്കിലും ആദ്യമായി ഒരു എക്സ്റ്റീരിയർ രംഗമായ കഫേ സീക്വൻസ് ചിത്രീകരിക്കുകയായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും ഛായാഗ്രാഹകന്റെ പൂർണ്ണ പിന്തുണയാണ് അതിന് തുണയായതെന്നും അദ്ദേഹം പറഞ്ഞു

സിനിമയുടെ റിലീസ് പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രധാനമായും അന്താരാഷ്ട്ര ചലച്ചിത്രമേളകൾ ലക്ഷ്യമിട്ടാണ് ഈ ചിത്രം ഒരുക്കിയതെന്നായിരുന്നു ശ്രീഹരിയുടെ മറുപടി. നിലവിൽ സാധാരണ തിയേറ്റർ റിലീസിനേക്കാൾ, ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകരിലേക്ക് എത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.