ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് രൺവീർ തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചത്. തൻ്റെ ഉദ്ദേശ്യം സിനിമയിലെ ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനം എടുത്തു കാണിക്കുക എന്നതായിരുന്നുവെന്ന് രൺവീർ പറഞ്ഞു.

രൺവീർ സിങ്, ഋഷഭ് ഷെട്ടി | ഫോട്ടോ: AP, PTI
കാന്താരയേയും ഋഷഭ് ഷെട്ടിയേയുംകുറിച്ചുള്ള പരാമര്‍ശവും ചിത്രത്തിലെ അവസാന ഭാഗം വേദിയില്‍ അനുകരിച്ചതും വിവാദമായപ്പോൾ മാപ്പുപറഞ്ഞ് രൺവീർ സിങ്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങിലായിരുന്നു സംഭവം. റിഷഭ് ഷെട്ടി സദസ്സിലുണ്ടായിരുന്ന സമയത്താണ് സംഭവം നടന്നത് എന്നതിനാൽ ഇത് കൂടുതൽ ശ്രദ്ധനേടി. രൺവീറിൻ്റെ പ്രവൃത്തിയെ പലരും വിവേകശൂന്യമായാണ് കണ്ടത്. രൂക്ഷവിമർശനമുയർന്ന സാഹചര്യത്തിലാണ് രൺവീർ സിങ് മാപ്പുപറഞ്ഞ് രംഗത്തെത്തിയത്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് രൺവീർ തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചത്. തൻ്റെ ഉദ്ദേശ്യം സിനിമയിലെ ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനം എടുത്തു കാണിക്കുക എന്നതായിരുന്നുവെന്ന് രൺവീർ പറഞ്ഞു. ഒരു നടൻ എന്ന നിലയിൽ, അദ്ദേഹം ചെയ്ത രീതിയിൽ ആ പ്രത്യേക രംഗം അവതരിപ്പിക്കാൻ എത്രമാത്രം പ്രയത്നം ആവശ്യമാണെന്ന് തനിക്കറിയാം, അതിന് അദ്ദേഹത്തോട് അങ്ങേയറ്റം ആരാധനയുണ്ടെന്നും രൺവീർ സിംഗ് പറഞ്ഞു.
"നമ്മുടെ രാജ്യത്തെ എല്ലാ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും ഞാൻ എപ്പോഴും ആഴത്തിൽ ബഹുമാനിച്ചിട്ടുണ്ട്. ഞാൻ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു." രൺവീർ കൂട്ടിച്ചേർത്തു.
കാന്താരയിലെ ഋഷഭിന്റെ പ്രകടനത്തെ അഭിനന്ദിച്ച ശേഷമാണ് രണ്‍വീര്‍ അതിലെ രംഗം അനുകരിച്ചത്. 'ഞാന്‍ കാന്താര 1 തിയേറ്ററില്‍ പോയി കണ്ടു. ഋഷഭ്, നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. പ്രത്യേകിച്ച് സ്ത്രീ പ്രേതം നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന രംഗം അതിശയകരമായിരുന്നു.'-ഇതായിരുന്നു രണ്‍വീറിന്റെ വാക്കുകള്‍. ഇതിലെ സ്ത്രീ പ്രേതം എന്ന പരാമർശമാണ് വിവാദത്തിനിടയാക്കിയത്.
രണ്‍വീര്‍ വേദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ദൈവത്തെ അനുകരിക്കരുതെന്ന് ഋഷഭ് ഷെട്ടി രണ്‍വീറിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ബാംഗ്ലൂര്‍ ടൈംസ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തത്. 'രജനികാന്ത്, ഋഷഭ് ഷെട്ടി എന്നിവരുള്‍പ്പെടെയുള്ള അതിഥികളെ അഭിവാദ്യം ചെയ്യാന്‍ രണ്‍വീര്‍ വേദിയില്‍ നിന്ന് താഴെയിറങ്ങി. ഋഷഭിനെ കണ്ട നിമിഷം, അദ്ദേഹം ആവേശഭരിതനാകുകയും ദൈവത്തെ അനുകരിക്കാന്‍ തുടങ്ങുകയും ചെയ്തു. വിനയത്തോടെയാണെങ്കിലും അത് നിര്‍ത്താന്‍ ഋഷഭ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു' എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ സൗമ്യമായ മുന്നറിയിപ്പ് അവഗണിച്ച് രണ്‍വീര്‍ വേദിയിലേക്ക് മടങ്ങുകയും ആ നിമിഷം വീണ്ടും പുനരാവിഷ്‌കരിക്കുകയും ചെയ്തു. വേദിയില്‍ ആ രംഗം പുനരാവിഷ്‌കരിച്ചശേഷം കാന്താര 3-യില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് രണ്‍വീര്‍ സദസിനോട് ചോദിക്കുന്നുമുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രണ്‍വീറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. വിവേകമില്ലായ്മ, അറിവില്ലായ്മ, അനാദരവ് എന്നിങ്ങനെയാണ് ആളുകള്‍ പ്രതികരിച്ചത്. എന്ത് പറയണമെന്നതിനെ കുറിച്ച് അടിസ്ഥാനപരമായ ധാരണയില്ലാത്തത് എന്തുകൊണ്ടാണെന്നും ചിലര്‍ ചോദിച്ചിരുന്നു.
Content Highlights: Ranveer Singh Apologizes for "Kantara" Mimicry Controversy at IFFI 2025
Published: 02 Dec 2025, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented