
ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരേ കേസെടുത്ത് ബെംഗളൂരു പോലീസ്. ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. നവംബർ 28-ന് ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതാണ് പരാതിക്കാധാരം.
വേദിയിൽ രൺവീർ സിങ് പഞ്ചുരുളി/ ഗുളിക ദൈവത്തെ പരിഹാസ്യമായി അവതരിപ്പിച്ചു. 'കാന്താര'യിലെ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ ചാമുണ്ടി ദൈവത്തെ 'പെൺപ്രേതം' എന്ന് വിശേഷിപ്പിച്ചു. ദൈവഭാവങ്ങളെ വികലമായി ചിത്രീകരിക്കരുതെന്ന് അഭ്യർഥിച്ചിട്ടും രൺവീർ പ്രവൃത്തി തുടർന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതിക്കാരൻ. തീരദേശ കർണാടകയിലെ പരമ്പരാഗത ഭൂതകോല ആചാരങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ചാമുണ്ടി തന്റെ കുടുംബ ദേവതയാണെന്നും പരാതിക്കാരൻ പറയുന്നു. രൺവീർ സിങ്ങിന്റെ നടപടികൾ ബോധപൂർവവും ദുരുദ്ദേശപരവും മതവിശ്വാസം വ്രണപ്പെടുത്താനും സമുദായങ്ങൾക്കിടയിൽ കുഴപ്പം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും പ്രശാന്ത് മെത്തൽ ആരോപിച്ചു.
ബെംഗളൂരു ഒന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിക്കുമുമ്പാകെ വന്ന സ്വകാര്യ അന്യായത്തിലാണ് തുടർനടപടി. ഡിസംബർ 27-ന് സമർപ്പിച്ച അന്യായത്തെത്തുടർന്ന് ജനുവരി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ 175(3), 196, 299, 302 വകുപ്പുകൾ പ്രകാരമാണ് കേസ്. ഏപ്രിൽ എട്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
Content Highlights: Case against actor Ranveer Singh filed in Bengaluru over Kantara Daiva mimicry
Published: 29 Jan 2026, 07:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented