'ഡോൺ 3'-യിൽനിന്ന് പിന്മാറിയതിനെത്തുടർന്നുള്ള തർക്കത്തിൽ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ (ഐ.എം.പി.പി.എ) സമീപിച്ച് രൺവീർ സിങ്ങിന്റെ പിതാവ് ജഗ്ജീത് സിങ് ഭവ്‌നാനി. സിനിമയുടെ നിർമാതാക്കളായ എക്സൽ എന്റർടെയ്ൻമെന്റിന്റെ 45 കോടി രൂപയുടെ നഷ്ടപരിഹാര ആവശ്യത്തിനെതിരെയാണ് സംഘടനയെ സമീപിച്ചത്. ചൊവ്വാഴ്ചയാണ് ഭവ്‌നാനി സംഘടനാ നേതാക്കളെ കണ്ടത്.

To advertise here,

കൂടിക്കാഴ്ച ഐ.എം.പി.പി.എ. പ്രസിഡന്റ് അഭയ് സിൻഹ സ്ഥിരീകരിച്ചു. ചർച്ച സൗഹാർദപരമായിരുന്നുവെന്നും രേഖകൾ പരിശോധിച്ച ശേഷം മേൽനടപടിയെക്കുറിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷൂട്ടിങ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 'ഡോൺ 3'-യിൽനിന്ന് രൺവീർ പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നടൻ ചിത്രത്തിൽനിന്ന് പിന്മാറിയത് നിർമാതാക്കളായ ഫർഹാൻ അക്തറിനും റിതേഷ് സിദ്ധ്വാനിക്കും വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. തുടർന്നാണ് എക്സൽ എന്റർടെയ്ൻമെന്റ് രൺവീറിൽനിന്ന് 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ചലച്ചിത്ര സംഘടനകൾ ഇടപെട്ട് ചർച്ചകൾ നടത്തിയിട്ടും വിഷയം പരിഹരിക്കപ്പെട്ടിരുന്നില്ല.

മേയിൽ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് രൺവീറിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഐ.എം.പി.പി.എ, പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, സിന്റാ (സിനി ആൻഡ് ടി.വി. ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ) തുടങ്ങിയ സംഘടനകൾ നടത്തിയ ചർച്ചകളെത്തുടർന്ന് ജൂണിൽ വിലക്ക് പിൻവലിച്ചു. എങ്കിലും സാമ്പത്തിക തർക്കം തുടരുന്ന സാഹചര്യത്തിലാണ് അസോസിയേഷൻ വിഷയം പരിശോധിക്കുന്നത്.

അതേസമയം, ജയ് മേത്ത സംവിധാനം ചെയ്യുന്ന 'പ്രളയ്' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ രൺവീർ ചേർന്നു. കല്യാണി പ്രിയദർശൻ നായികയാകുന്ന സോംബി ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ആഴ്ച മുംബൈയിൽ ആരംഭിച്ചു. ഭാര്യയും നടിയുമായ ദീപിക പദുകോൺ രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ഓസ്‌ട്രേലിയയിൽ തീരുമാനിച്ചിരുന്ന ഷൂട്ടിങ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. 'ധുരന്ധർ' ആണ് രൺവീറിന്റെ ഒടുവിലിറങ്ങിയ ചിത്രം.