ഫർഹാൻ അക്തർ സംവിധാനംചെയ്യുന്ന 'ഡോൺ 3'-യിൽനിന്ന് നടൻ രൺവീർ സിങ് പിന്മാറിയത് വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 'ധുരന്ധർ' ചിത്രങ്ങളുടെ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന രൺവീർ, നേരത്തെ കരാറിലെത്തിയ 'ഡോൺ 3'-യിൽനിന്ന് പിന്മാറിയതോടെ നടന് വിലക്ക് ഏർപ്പെടുത്താൻ ബോളിവുഡിലെ സിനിമാ സംഘടന തീരുമാനിച്ചിരുന്നു. നടനുമായി സഹകരിക്കരുതെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് നിർദേശം നൽകി. വിലക്ക് ഭീഷണി നേരിടുന്ന രൺവീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്.
ബോളിവുഡിലെ പാകിസ്താൻ പ്രേമികളാണ് നടനെതിരായ നടപടിക്കുപിന്നിൽ എന്ന് കങ്കണ ആരോപിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രതികരണം. എന്തുകൊണ്ടാണ് രൺവീർ വിവാദത്തിൽപ്പെട്ടത് എന്ന ചോദ്യത്തിന് പ്രതികരിക്കാൻ ആദ്യം നടി തയാറായില്ല. എന്നാൽ, സിനിമയിൽ സമാനമായ സാഹചര്യങ്ങൾ നേരിട്ട നടിയുടെ വ്യക്തിപരമായ കാഴ്ചപ്പാട് എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് നടി മനസ്സുതുറന്നത്.
'ഈ ഇൻഡസ്ട്രിയിൽ പലർക്കും അല്പം പാകിസ്താൻ സ്‌നേഹമുണ്ട്. പാകിസ്താനോട് അനുതാപം കാണിക്കാനോ ആരാധിക്കാനോ ആണ് മിക്കവാറും സിനിമകൾ നമ്മളെ പഠിപ്പിച്ചത്. അതാണ് കാലങ്ങളായി അവർ ചെയ്തുകൊണ്ടിരിക്കുന്നത്', കങ്കണ പറഞ്ഞു.
'ധുരന്ധർ' വിജയത്തിന്റെ പിന്നാലെയുള്ള വിലക്ക് ചൂണ്ടിക്കാണിച്ചപ്പോൾ അതുതന്നെയാണ് പ്രധാനകാരണമെന്ന് നടി പ്രസ്താവിച്ചു. 'അതെ, അതുതന്നെയാണ് കാര്യം. പാകിസ്താന്റെ യഥാർഥ മുഖം കാണിക്കുന്ന ഒരു സിനിമ പുറത്തുവരുമ്പോൾ, ഇത്തരക്കാർക്ക് അസ്വസ്ഥതയുണ്ടാവും. ഇത്രയും കാലം തങ്ങൾ ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക് ഇനി എന്തുവിലയാണുള്ളതെന്ന് അവർ ചിന്തിക്കാൻ തുടങ്ങും', കങ്കണ കൂട്ടിച്ചേർത്തു.
പാകിസ്താൻ ഭീകരവാദ ശൃംഖലയിൽ കടന്നുകയറി അതിനെ ഇല്ലാതാക്കുന്ന ഇന്ത്യൻ ചാരന്റെ വേഷത്തിലാണ് രൺവീർ 'ധുരന്ധർ' ചിത്രങ്ങളിലെത്തിയത്. രണ്ടുഭാഗങ്ങൾ കൂടി 3000 കോടി രൂപ ബോക്‌സ് ഓഫീസിൽനിന്ന് നേടി. ഫർഹാൻ അക്തർ സംവിധാനംചെയ്യുന്ന 'ഡോൺ 3'-യിലായിരുന്നു 'ധുരന്ധറി'ന് പിന്നാലെ രൺവീർ ഭാഗമാകേണ്ടിയിരുന്നത്. എന്നാൽ, ചിത്രീകരണം തുടങ്ങാനിരിക്കെ നടൻ പിന്മാറി. 45 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കാണിച്ച് ചിത്രത്തിന്റെ നിർമാതാക്കൾ രംഗത്തെത്തിയതോടെയാണ് രൺവീറിനെതിരെ നടപടിയുണ്ടായത്.
Content Highlights: Actor Ranveer Singh is facing a potential ban from the Federation of Western India Cine Employees (FWICE) after abruptly backing out of Farhan Akhtar's upcoming mega-project 'Don 3'. The producers of 'Don 3' claimed a massive loss of ₹45 crores due to the actor's sudden exit just before the commencement of the shoot. Outspoken actress and BJP MP Kangana Ranaut has come forward to support Ranveer, claiming that a specific pro-Pakistan lobby in Bollywood is targeting him. Kangana alleged that the industry insiders are upset with the massive success of Ranveer's movie 'Dhurandhar', which exposed Pakistan's terrorism networks. The 'Dhurandhar' franchise has grossed over ₹3000 crores at the box office, establishing Ranveer Singh at the peak of his career despite the current industry backlash
Published: 12 Jun 2026, 02:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented