നടൻ ഷറഫുദ്ദീനെ അഭിസംബോധന ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പുമായി സംവിധായകൻ ഒമർ ലുലു. തന്റെ ചിത്രം 'ഹാപ്പി വെഡ്ഡിങ്ങി'ൽ ഷറഫുദ്ദീനെ നായകനാക്കിയത് ഉൾപ്പെടെ ഓർമിപ്പിച്ചാണ് പോസ്റ്റ്. രണ്ടുമാസമായി താൻ വിളിച്ചിട്ട് ഷറഫുദ്ദീൻ ഫോൺ എടുക്കുന്നില്ലെന്ന് ഒമർ ലുലു പരാതിപ്പെട്ടു.

To advertise here,

'ഞങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാൻ ഷറഫുദ്ദീനുമായി വർക്ക് ചെയ്തിട്ട്. രണ്ട് പുതിയ പയ്യന്മാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ ആറുവർഷത്തിന് ശേഷം ഞാൻ ഷറഫിനെ വിളിച്ചു. കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി. ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ലാൻ ചെയ്തു, പക്ഷേ ഒന്നും കൂടി സ്ക്രിപ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാൻ വിചാരിച്ചു', ഒമർ കുറിച്ചു.

'പക്ഷേ, ഇപ്പോൾ സ്‌ക്രിപ്പ്റ്റ് 80% കഴിഞ്ഞു. ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തു വേണം സ്‌ക്രിപ്പ്റ്റ് പൂർത്തിയാക്കാൻ. എന്നാൽ, ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. രണ്ട് മാസമായി! ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്...', സംവിധായകൻ പരിഹസിച്ചു.

'എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!', എന്നാണ് ഒമർ ലുലുവിന്റെ കുറിപ്പ് അവസാനിക്കുന്നത്.

'ഹാപ്പി വെഡ്ഡിങ്' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. പിന്നീട് 'ചങ്ക്‌സ്', 'അഡാർ ലവ്', 'ധമാക്ക', 'നല്ല സമയം' എന്നീ ചിത്രങ്ങൾ ചെയ്തു. 2024-ൽ പുറത്തിറങ്ങിയ 'ബാഡ് ബോയ്‌സ്' ആണ് അവസാനം തിയേറ്ററിലെത്തിയ ചിത്രം.