നടൻ രൺവീർ സിങ്ങിനെതിരായ നിസഹകരണ ആഹ്വാനം പിൻവലിച്ച് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷൻ (FWICE). സിനിമാ സംഘടനകളായ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (IMPPA), സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (CINTAA) എന്നിവയുടെ ഇടപെടലിനെ തുടർന്നാണിത്. രൺവീർ സിങ് സംഘടനയ്ക്ക് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നിസഹകരണം പിൻവലിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഫർഹാൻ അക്തറിന്റെ ഡോൺ 3-ൽ നിന്ന് നടൻ പിന്മാറിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

To advertise here,

രൺവീർ സിങ് വിഷയത്തിൽ ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്തിട്ടില്ലെന്ന് FWICE പ്രസിഡന്റ് ബി.എൻ. തിവാരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിർമ്മാതാക്കൾക്കോ സംവിധായകർക്കോ നടനോ യാതൊരു പ്രശ്‌നവും ഉണ്ടാകാത്തവിധം എല്ലാവരും ഒരുമിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് സിനിമാ സംഘടനകൾ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ നോട്ടീസിന് സംഘടനയുടെ നിയമ വിഭാഗം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനയ്ക്ക് നടൻ ചൊവ്വാഴ്ചയാണ് നോട്ടീസ് അയച്ചതെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഘടനയും രൺവീറിന്റെ നിയമനോട്ടീസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.

'ഡോൺ 3' യുമായി ബന്ധപ്പെട്ട് രൺവീറും ഫർഹാൻ അക്തറും തമ്മിലുണ്ടായ തർക്കം ബോളിവുഡിൽ വലിയ വിഷയമായി വളർന്നിരുന്നു. ചിത്രത്തിൽ നിന്നുള്ള സിങ്ങിന്റെ പിന്മാറ്റത്തിന് കാരണം നിർമ്മാതാക്കളുമായുള്ള ഭിന്നതകളാണെന്നും കാലതാമസവും വ്യക്തതയില്ലാത്ത തിരക്കഥയും നടന്റെ അതൃപ്തി വർധിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടക്കത്തിൽ ഒരു സാധാരണ കാസ്റ്റിങ് പ്രശ്‌നമായി തോന്നിയെങ്കിലും പിന്നീട് ഒരു പ്രധാന നിയമ പോരാട്ടമായി അത് വളർന്നിരുന്നു. അക്തറിന്റെ എക്‌സൽ എന്റർടൈൻമെന്റ് 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും FWICE നടനെതിരെ നിസഹകരണ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.