
യഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യയെമ്പാടും വൻ വിജയം നേടിയ ചിത്രമാണ് കെ.ജി.എഫ് -ചാപ്റ്റർ 2. പല ബോളിവുഡ് ചിത്രങ്ങളും കെ.ജി.എഫിന്റെ ബോക്സോഫീസ് വേട്ടയ്ക്കിടെ പാതിവഴിയിൽ വീണുപോവുകയും ചെയ്തു. ഇപ്പോൾ പ്രശാന്ത് നീൽ ചിത്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ. ബോളിവുഡിലെ ഒറ്റ സംവിധായകർക്കും കെ.ജി.എഫ് -ചാപ്റ്റർ 2 ഇഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ കെ.ജി.എഫ് -ചാപ്റ്റർ 2 വിനെതിരെ രൂക്ഷവിമർശനം നടത്തിയത്. കെ.ജി.എഫ് 2 ബോളിവുഡിലെ ഒരു സംവിധായകനും ഇഷ്ടമായില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുതവണ ഈ സിനിമ കാണാൻ ശ്രമിച്ചിട്ടും അര മണിക്കൂറിനപ്പുറം കാണാൻ സാധിച്ചിട്ടില്ലെന്ന് ഒരു പ്രശസ്ത സംവിധായകൻ തന്നോട് പറഞ്ഞതായി രാം ഗോപാൽ വർമ പറഞ്ഞു. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമ്പോൾ നിങ്ങൾ ആശയക്കുഴപ്പത്തിലാവുകയും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ കാണുന്നതിനിടയിൽ താൻ മയങ്ങി പോയെന്നും വായ തുറന്ന് ഇതെന്താണ് കാണിച്ചുവെച്ചതെന്ന മട്ടിൽ ആശ്ചര്യത്തോടെ നോക്കിനിന്നെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എഫ് -ചാപ്റ്റർ 2, ദ കശ്മീർ ഫയൽസ് എന്നീ സിനിമകളാണ് എല്ലാം നശിപ്പിച്ചത്. രണ്ടും രണ്ടറ്റത്ത് നിൽക്കുന്ന സിനിമകളാണ്. നിങ്ങൾക്ക് ഉള്ളടക്കവുമായി ബന്ധപ്പെട്ട് വാദിക്കാം, പക്ഷേ വിജയത്തേക്കുറിച്ച് വാദിക്കാൻ കഴിയില്ലെന്ന് ഹോളിവുഡിൽ ഒരു ചൊല്ലുണ്ട്. അതിനാൽ, നിങ്ങൾക്കത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങൾക്ക് അതിന്റെ വിജയത്തെ അവഗണിക്കാൻ കഴിയില്ല. രാം ഗോപാൽ വർമ പറഞ്ഞു.
ഇതാദ്യമായല്ല രാം ഗോപാൽ വർമ കെ.ജി.എഫിനെ വിമർശിക്കുന്നത്. കെ.ജി.എഫ് 2 ഒരു വലിയ വൃക്ഷം പോലെയാണെന്ന് താൻ കരുതുന്നുവെന്നും അതിന്റെ നിഴലിൽ ഒരു മരവും വളരുന്നില്ല എന്നായിരുന്നു അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. കെജിഎഫ് 2 ഒരു വലിയ ഇരുണ്ട മേഘം പോലെയാണ്. അത് മറ്റെല്ലാ വമ്പൻ സിനിമകൾക്കും മേൽ നിഴൽ വീഴ്ത്തുന്നു. ഇതിന്റെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നായിരുന്നു മറ്റൊന്ന്. പഴയമട്ടിലുള്ള എല്ലാത്തിനേയും വിഴുങ്ങുന്ന ചുഴിമണൽ പോലെയാണ് കെ.ജി.എഫ് 2 എന്നായിരുന്നു അദ്ദേഹം ഒടുവിൽ ചിത്രത്തിനെതിരെ ചെയ്ത ട്വീറ്റ്.
Content Highlights: Ram Gopal Varma Against KGF 2, Ram Gopal Varma Against The Kashmir Files, Yash, Prashanth Neel
Published: 03 Sept 2022, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented