പ്രശാന്ത് നീൽ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച സംഗീത സംവിധായകനാണ് രവി ബസ്രുർ. പ്രശാന്ത് നീലിന്റെ 'കെജിഎഫ്' സിനിമകൾക്കും 'സലാറി'നും വേണ്ടിയൊരുക്കിയ ശക്തമായ സൗണ്ട്ട്രാക്കുകളിലൂടെ അദ്ദേഹം ഇന്ത്യയൊട്ടാകെ പ്രശസ്തി നേടി. ഈ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ഒരുക്കിയതിനുപിന്നിലെ പരിശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. കെജിഎഫ്, സലാർ എന്നീ ചിത്രങ്ങൾക്കുവേണ്ടി സൃഷ്ടിച്ചതിൽ സിനിമയിൽ ഉപയോഗിക്കാത്ത 24 ടിബി സൈസ് വരുന്ന പശ്ചാത്തല സംഗീതം കയ്യിലുണ്ടെന്ന് രവി പറഞ്ഞു.

To advertise here,

ഗുൽട്ടെ പ്രോ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രവി ബസ്രുർ ഉപയോഗിക്കാത്ത പശ്ചാത്തലസംഗീതങ്ങളെക്കുറിച്ച് പറഞ്ഞത്. കെജിഎഫിന് വേണ്ടി 18 പതിപ്പ് പശ്ചാത്തല സംഗീതമാണ് ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കെജിഎഫ് സിനിമകളുടെയും സലാറിന്റെയും ഉപയോഗിക്കാത്ത പശ്ചാത്തലസംഗീതത്തിന്റെ പതിപ്പുകൾ തൻ്റെ കൈവശമുണ്ട്. അത് ഏകദേശം 24 ടിബിയോളം വരുമെന്നും സംഗീത സംവിധായകൻ പറഞ്ഞു.

"ഇതൊരു സമ്പൂർണ്ണ പരീക്ഷണമാണ്. ഞാൻ സംഗീതം ചെയ്യുമ്പോഴെല്ലാം, സംവിധായകനെ തൃപ്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സംവിധായകനാണ് പ്രധാനം. ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരു പതിപ്പും ഉണ്ടാകും. ഞങ്ങളുടെ പതിപ്പ് അവരുടെ കാഴ്ചപ്പാടിന് അനുയോജ്യമായിരിക്കണം. പ്രശാന്ത് ആദ്യം മെലഡി തിരഞ്ഞെടുക്കും. ബാക്കിയുള്ളവ ഓപ്ഷനുകളാണ്." പ്രശാന്ത് നീലിന്റെ നോൺ-ലീനിയർ എഡിറ്റിംഗ് ശൈലിയുമായി പൊരുത്തപ്പെടുന്ന സംഗീതം ഒരുക്കുന്നതിനെക്കുറിച്ച് രവി ബസ്രുർ പറഞ്ഞതിങ്ങനെ.

"പ്രശാന്ത് നീൽ എനിക്ക് നൽകിയ നിർദ്ദേശം, ഈ സംഗീതം പ്രേക്ഷകരെ പതുക്കെ വേട്ടയാടണം എന്നായിരുന്നു. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. സലാറിനെ സംബന്ധിച്ചിടത്തോളം പ്രശ്നം ആ ചിത്രത്തിന്റെ സംഗീതത്തിനല്ല, കെജിഎഫിന്റെ സംഗീതത്തിനായിരുന്നു. ആളുകൾ സലാറിനെ കെജിഎഫുമായി താരതമ്യം ചെയ്യാൻ തുടങ്ങി. അതിനാൽ പ്രേക്ഷകർക്ക് അതുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. 'കെജിഎഫ്' ഒരു എപ്പിക് ഓർക്കസ്ട്രയാണ്. 'കെജിഎഫ് 2' ഒരു ഹൈബ്രിഡ് ഓർക്കസ്ട്രയാണ്. 'സലാർ' പൂർണ്ണമായും ഹൈബ്രിഡ് ആണ്. ഞങ്ങൾ അത് അങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്." രവി ബസ്രുർ കൂട്ടിച്ചേർത്തു.

മാർക്കോ എന്ന ചിത്രത്തിലൂടെ രവി ബസ്രുർ മലയാളത്തിലും അരങ്ങേറിയിരുന്നു. പൃഥ്വിരാജ് നായകനാവുന്ന കാളിയൻ ആണ് അദ്ദേഹത്തിന്റെ അടുത്ത മലയാളചിത്രം. പ്രശാന്ത് നീലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജൂനിയർ എൻടിആർ ചിത്രത്തിനും രവി സംഗീതം നൽകുന്നുണ്ട്. 'ഡ്രാഗൺ' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 2026-ൽ റിലീസ് ചെയ്യാനാണ് പദ്ധതി.